
ഒറ്റപ്പാലം∙ ഇന്ത്യൻ സിനിമയിലെ ഇതിഹാസ നായകനായ ‘ബിഗ് ബി’ക്ക് അഭിമുഖമായി ‘ഹോട്ട് സീറ്റിൽ’ ഇരിക്കാൻ ഭാഗ്യം ലഭിക്കുന്ന നിമിഷം ആരാണു മോഹിക്കാത്തത്?! വെറുതേ ഇരിക്കുകയല്ല, അമിതാഭ് ബച്ചൻ അവതാരകനായ ‘കോൻ ബനേഗ ക്രോർപതി’യെന്ന ഗെയിം ഷോയിൽ പങ്കെടുത്ത് ഒറ്റപ്പാലത്തുകാരൻ നേടിയത് അഞ്ചുലക്ഷം രൂപ.തോട്ടക്കര കാർത്തികയിൽ റിട്ട.ബാങ്ക് ഉദ്യോഗസ്ഥൻ ഹരിഗോവിന്ദ് മേനോൻ (66) ഏഴു കോടി രൂപവരെ നേടാൻ സാധ്യതയുള്ള ക്വിസ് മത്സരത്തിലെ 16 ഘട്ടങ്ങളിൽ, പന്ത്രണ്ടാം ഘട്ടം വരെയെത്തി.
ഏഴരലക്ഷം രൂപ നേടിയിരിക്കെ ഉത്തരം പിഴച്ചതോടെ, നേരത്തേ ഉറപ്പിച്ചിരുന്ന 5 ലക്ഷം രൂപ സ്വന്തമായി.കടമ്പഴിപ്പുറം കുണ്ടുവംപാടം തേലക്കാട്ടുകളത്തിൽ കുടുംബാംഗമാണു ഹരിഗോവിന്ദ് മേനോൻ.
അച്ഛൻ കുറുപ്പത്ത് ശങ്കരനാരായണ മേനോൻ കാൻപുരിൽ സെൻട്രൽ ഓർഡനൻസ് ഡിപ്പോ ഉദ്യോഗസ്ഥനായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ അസിസ്റ്റന്റ് ജനറൽ മാനേജർ പദവിയിലിരിക്കെ സ്വയം വിരമിച്ചശേഷം രണ്ടര വർഷം ദുബായിലെ ബെൽഹാസ ഗ്ലോബൽ എക്സ്ചേഞ്ചിൽ മാനേജരായും പ്രവർത്തിച്ചു.
ഇപ്പോൾ, പുതുതലമുറയെ പ്രശ്നോത്തരി മത്സരങ്ങൾക്കു പ്രാപ്തരാക്കാനുള്ള ശ്രമങ്ങളിലാണ് അദ്ദേഹം. വിദ്യാലയങ്ങളിൽ ഒരു പീരിയഡ് ക്വിസ് ക്ലബ്ബിനു വിനിയോഗിക്കണമെന്നും കുട്ടികളിൽ പാഠപുസ്തകങ്ങളോടൊപ്പം ദിനപത്രങ്ങളും പാഠ്യേതര പുസ്തകങ്ങളും വായിപ്പിക്കാനുള്ള ശീലം വളർത്തണമെന്നും ഹരിഗോവിന്ദ് മേനോൻ ഓർമിപ്പിക്കുന്നു.
മലപ്പുറം മക്കരപ്പറമ്പ് മൂത്തേടത്ത് സുധയാണു ഭാര്യ. മകൻ രോഹിത് ജി.മേനോൻ ഒമാനിൽ കോർപറേറ്റ് ട്രെയിനറാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]