
ചാലക്കുടി ∙ ഒടുവിൽ മന്ത്രി വി.ശിവൻകുട്ടിയുടെ തീയതി കിട്ടിയതോടെ ഗവ. സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിനു സജ്ജമായി.
അവധിക്കാലത്തു നിർമാണം പൂർത്തീകരിച്ചിട്ടും പുതിയ അധ്യയന വർഷാരംഭത്തിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനം പുത്തൻ കെട്ടിടത്തിലേക്കു മാറ്റാത്തതു സംബന്ധിച്ചു മനോരമ നേരത്തെ വാർത്ത നൽകിയിരുന്നു.
മന്ത്രിയുടെ തീയതി ലഭിക്കാത്തതാണു ഉദ്ഘാടനം വൈകാൻ പ്രധാന കാരണമെന്നു വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
25നു 3.30നു മന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്നു സനീഷ്കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ, സ്കൂൾ പ്രിൻസിപ്പൽ ഇ.എം.ബിന്ദു എന്നിവർ അറിയിച്ചു. 1098 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണു കെട്ടിടം നിർമിച്ചത്.
ഉദ്ഘാടന സമ്മേളനത്തിൽ ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയാകും. എംഎൽഎ അധ്യക്ഷത വഹിക്കും.
1895ലാണ് ഇവിടെ സ്കൂൾ ആരംഭിച്ചത്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്തു 3.3 കോടി രൂപ ചെലവിലാണു കെട്ടിടം നിർമിച്ചത്. 2023 നവംബർ ആദ്യവാരം നിർമാണം ആരംഭിച്ചു.
നിലവിൽ പഴകിയ കെട്ടിടങ്ങളിൽ തിങ്ങിഞെരുങ്ങിയാണു കുട്ടികൾ പഠിക്കുന്നത്. ലാബ് ഒരുക്കിയതാകട്ടെ ഹൈസ്കൂളിനോടു ചേർന്നുള്ള കെട്ടിടത്തിലും.
പുതിയ കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ ലാബും മറ്റു സൗകര്യങ്ങളും ഇവിടെ തന്നെ ഒരുക്കാനാകും.
വിഎച്ച്എസ്ഇ കെട്ടിടത്തിന്റെ വയറിങ്, പ്ലമിങ് ജോലികൾ നേരത്തെ പൂർത്തിയായിരുന്നു. വൈദ്യുത കണക്ഷൻ ഇന്നു രാവിലെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അഗ്നിസുരക്ഷാ നിരാക്ഷേപപത്രം (എൻഒസി) ലഭിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
നടുമുറ്റത്തോടു കൂടിയാണു ഇരുനില മന്ദിരം നിർമിച്ചതെങ്കിലും നടുമുറ്റം ടൈൽ വിരിക്കുന്നതും സ്കൂളിനു ചുറ്റും ടൈൽ വിരിക്കുന്നതും ഫണ്ടിന്റെ അഭാവം കാരണം നടത്താനായിട്ടില്ല.
ഇപ്പോൾ എൽപി, ഹൈസ്കൂൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി, ടിടിഐ എന്നിങ്ങനെ 5 സ്ഥാപനങ്ങളാണ് ഒരേ വളപ്പിൽ പ്രവർത്തിക്കുന്നത്. 130 വർഷത്തെ പഴക്കമുള്ള സ്കൂളിൽ ഇതോടെ 4 വിഭാഗങ്ങൾക്കു പുതിയ കെട്ടിടങ്ങളായി.
ഹൈസ്കൂൾ വിഭാഗത്തിനായി പല ഘട്ടങ്ങളിലായി ഫണ്ട് വകയിരുത്തി ഹൈടെക് കെട്ടിടം ആദ്യം നിർമിച്ചു. തുടർന്നു ഹയർ സെക്കൻഡറിക്കായി 3.5 കോടി രൂപ ചെലവിൽ കെട്ടിടം ഒരുക്കി.
എൽപി വിഭാഗത്തിനുള്ള കെട്ടിടം നിർമാണം രണ്ടു കോടി രൂപ ചെലവിലും പൂർത്തിയാക്കി. ടിടിഐ മന്ദിരം നിർമാണം ഇനിയും തുടങ്ങാനായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]