
കോഴിക്കോട് ∙ സംസ്ഥാനത്തെ വനം ഓഫിസുകളുടെ പിന്നാമ്പുറങ്ങൾ വന്യജീവികളുടെ ശവപ്പറമ്പായി മാറുകയാണെന്ന് മുൻ ‘സർപ്പ’ വൊളന്റിയറുടെ വെളിപ്പെടുത്തൽ. ജനവാസ കേന്ദ്രത്തിൽനിന്നു പിടികൂടുന്ന പാമ്പും കുറുനരിയും മുള്ളൻപന്നിയും ഉൾപ്പെടെയുള്ള ജീവികളെ ശാസ്ത്രീയമായി സൂക്ഷിക്കാതെയും ചികിത്സ നൽകാതെയും മരണത്തിലേക്കു തള്ളിവിടുകയാണു വനം ജീവനക്കാരെന്ന് ചാലക്കുടി മൊബൈൽ പാർട്ടിയിലെ വാച്ചർ കൂടിയായിരുന്ന ഡിജിത്ത് ദിവാകർ വ്യക്തമാക്കി.
ഓഫിസുകൾക്കു പിന്നിലെ കാടു പിടിച്ചു കിടക്കുന്ന ഭൂമിയിലെ മണ്ണു നീക്കിയാൽ നൂറുകണക്കിനു ജീവികളുടെ അസ്ഥികൂടം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപകടകാരികളായ പാമ്പുകളെ പിടികൂടാൻ മാത്രം സന്നദ്ധസേവകരായി വനം വകുപ്പിലെത്തിയ ‘സർപ്പ’ വൊളന്റിയർമാരെ സർക്കാർ ശമ്പളം പറ്റുന്ന ദ്രുതകർമ സേനക്കാർ അവരുടെ ജോലികൾ കൂടി ചെയ്യാൻ നിർബന്ധിക്കാൻ തുടങ്ങിയതോടെ വകുപ്പിനെതിരെ കൂട്ടത്തോടെ രംഗത്തു വരികയാണവർ.
ഇതിനിടയിലാണ് വനം വകുപ്പിന്റെ ഡോക്യുമെന്ററി–പരസ്യ ചിത്രീകരണങ്ങളിൽ സഹ ക്യാമറമാൻ കൂടിയായി പ്രവർത്തിക്കുന്ന ഡിജിത്തിന്റെ വെളിപ്പെടുത്തൽ. ഡിജിത്തിന്റെ വാക്കുകളിൽ നിന്ന്: വന്യജീവികളോടുള്ള സ്നേഹം കൊണ്ടാണ് വൊളന്റിയറാകാൻ എത്തിയത്.
പിന്നെ കൊടകര സ്റ്റേഷനിൽ വാച്ചറായി 750 രൂപ ദിവസക്കൂലിക്കു ജോലി ചെയ്തു.
30 ദിവസവും ജോലി ചെയ്താലും 10–15 ദിവസത്തെ കൂലിയേ നൽകാറുള്ളൂ. ഉദ്യോഗസ്ഥർക്കു വേണ്ടപ്പെട്ടവർക്കു മാത്രമാണു മുഴുവൻ കൂലിയും നൽകുന്നത്.
രണ്ടു മാസം മുൻപു പിരിഞ്ഞു പോന്നു. ഫൊട്ടോഗ്രഫർ ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണു പിടിച്ചു നിന്നത്.
വൊളന്റിയർമാർ രക്ഷിച്ച് എത്തിക്കുന്ന ജീവികളെ മിക്കവാറും ചാകാൻ വിടുന്നതാണു രീതി.
ഞാനുൾപ്പെടെ ഐബിയുടെ പിന്നിലെ വളപ്പിൽ ജഡങ്ങൾ കുഴിച്ചിട്ടിട്ടുണ്ട്. ഫെബ്രുവരിയിലാണ് എന്റെ അച്ഛൻ മരിക്കുന്നത്.
അന്നു വരെ 24 പാമ്പുകളെ അവിടെ പിടിച്ചു സൂക്ഷിച്ചിരുന്നു. ചടങ്ങുകൾ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ അതിൽ 7 എണ്ണം ചത്തു.
ഓഫിസിലെ വാഹനത്തിന്റെ ഡീസൽ തീർന്ന് കട്ടപ്പുറത്തായതു കാരണം പാമ്പുകളെ കാട്ടിലേക്ക് എത്തിക്കാൻ സാധിക്കാത്തതായിരുന്നു പ്രശ്നം.
തൃശൂരിൽ നിന്നുള്ള വാഹനം ചാലക്കുടി വഴി വരാൻ പറഞ്ഞ്, ശേഷിക്കുന്ന പാമ്പുകളെ വനത്തിലെത്തിച്ചു. വാഹനം ഇല്ലാത്ത വിവരം പുറത്തു പറഞ്ഞതിനു പിറ്റേന്ന് മേലുദ്യോഗസ്ഥന്റെ ശാസനയാണ് കിട്ടിയത്.
നാട്ടിൽ നിന്നു പിടികൂടുന്ന ജീവികളെയെല്ലാം വനം ഓഫിസിൽ കൊണ്ടിട്ട് ഒരു ചികിത്സയും കൊടുക്കാതെ കൊല്ലുകയാണു പതിവ്.
14 വർഷമായി യൂണിഫോം ഇടുന്ന എനിക്കില്ലാത്ത വിഷമം തനിക്ക് വേണ്ട എന്നാണ് മേലുദ്യോഗസ്ഥൻ പറഞ്ഞത്.
ഇതു കൂടി കേട്ടപ്പോഴാണ് ജോലി ഉപേക്ഷിച്ചത്–’’ ഡിജിത്ത് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]