
ന്യൂഡൽഹി∙ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ പുതിയ ആദായനികുതി ബിൽ നിയമമായി. 2026 ഏപ്രിൽ ഒന്നിനു ബിൽ പ്രാബല്യത്തിൽ വരും.
നിലവിൽ പ്രാബല്യത്തിലുള്ള 1961ലെ ആദായനികുതി ബിൽ ഇതോടെ ഓർമയാകും. പ്രതിപക്ഷ ബഹളത്തിനിടയിൽ ചർച്ചയോ മന്ത്രിയുടെ ആമുഖമോ പോലുമില്ലാതെ പുതിയ ആദായനികുതി ബിൽ വെറും 3 മിനിറ്റ് കൊണ്ടാണ് ലോക്സഭ പാസാക്കിയത്.
ആദായനികുതി വകുപ്പിന്റെ പരിശോധനകളിൽ, ആരോപണ വിധേയന്റെ കംപ്യൂട്ടറിന്റെയോ മൊബൈലിന്റെയോ പാസ്വേഡ് ലഭ്യമല്ലെങ്കിൽ അതിനെ മറികടന്ന് അവ ബലമായി തുറക്കാനും നുഴഞ്ഞു കയറാനുമുള്ള അധികാരം പുതിയ നിയമത്തിലുണ്ട്.
രാജ്യസഭയിൽ ഈ വ്യവസ്ഥയെ ന്യായീകരിച്ച ധനമന്ത്രി നിർമല സീതാരാമൻ, ആശങ്കകൾ അകറ്റാനായി വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് നടപടിച്ചട്ടം പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
ആശയക്കുഴപ്പം വേണ്ട; ഇനി ‘ടാക്സ് ഇയർ’ മാത്രം
ആദായനികുതി ദായകർക്ക് എന്നും ആശയക്കുഴപ്പമുണ്ടാക്കിയിരുന്ന സാമ്പത്തിക വർഷം (FY), അസസ്മെന്റ് വർഷം (AY), പ്രീവിയസ് ഇയർ (PY) എന്നീ പ്രയോഗങ്ങൾ പുതിയ നിയമത്തിലില്ല. ഇവയ്ക്കെല്ലാം പകരം ടാക്സ് ഇയർ (നികുതി വർഷം–TY) എന്ന ഒറ്റപ്രയോഗമേ ഉണ്ടാകൂ.
ഏപ്രിൽ ഒന്നിനു തുടങ്ങി തൊട്ടടുത്ത വർഷം മാർച്ച് 31ന് അവസാനിക്കുന്നതിനെയാണ് ആദായനികുതിക്ക് സാമ്പത്തിക വർഷം (FY) അഥവാ പ്രീവിയസ് ഇയർ (PY) എന്ന് നിലവിൽ കണക്കാക്കുന്നത്.
ഈ കാലയളവിലെ വരുമാനത്തിനാണ് തൊട്ടടുത്ത സാമ്പത്തിക വർഷമായ അസസ്മെന്റ് ഇയറിൽ (AY) നികുതി ഈടാക്കുന്നത്. ഉദാഹരണത്തിന് 2024–25 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന് 2025–26 അസസ്മെന്റ് വർഷത്തിലാണ് നികുതി ഈടാക്കുന്നത്.
ഈ വ്യത്യസ്ത പ്രയോഗങ്ങൾ റിട്ടേൺ ഫയൽ ചെയ്യുമ്പോഴും മറ്റും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇനി മുതൽ ‘ടാക്സ് ഇയർ’ എന്ന പ്രയോഗം മാത്രമേയുണ്ടാകൂ.
നികുതി ബാധകമായ നിലവിലെ ‘സാമ്പത്തികവർഷം’ (FY) തന്നെയായിരിക്കും ‘ടാക്സ് ഇയർ’ (TY). റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഈ വർഷം മാത്രം ശ്രദ്ധിച്ചാൽ മതിയാകും.
5.12 ലക്ഷം വാക്കുകൾ പകുതിയായി
നിലവിലെ ആദായനികുതി നിയമത്തിൽ 5.12 ലക്ഷം വാക്കുകളാണെങ്കിൽ പുതിയ ബില്ലിലിത് 2.6 ലക്ഷമാക്കി കുറച്ചു.
47 അധ്യായങ്ങൾ 23 ആയി. വകുപ്പുകൾ 819 ആയിരുന്നത് 536 ആയി കുറഞ്ഞു.
39 പട്ടികകളും 40 ഫോർമുലകളും ഉൾപ്പെടുത്തി. 1961ലെ ആദായനികുതി നിയമത്തിലെ ഭാഷ കൂടുതൽ ലളിതമാക്കുകയും യുക്തിസഹമാക്കുകയും ചെയ്യുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]