
കോഴിക്കോട്∙ സ്കൂട്ടറിലെത്തി യുവതിയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ പ്രതിയെയും കൂട്ടു പ്രതിയെയും ഫറോക്ക് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിൽ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. നല്ലളം ളളിശ്ശേരിക്കുന്ന് നടവട്ടം പറമ്പ് ആയിഷാസിൽ നിവാസ് അലി (39), കൂട്ടു പ്രതി നല്ലളം കണ്ണാരമ്പത്ത് ബാസിത് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
18ന് വൈകിട്ട് 5.30 ന് പന്നിയങ്കര വി.കെ.കൃഷ്ണമേനോൻ റോഡിൽ നടന്നു പോകുകയായിരുന്ന പന്നിയങ്കര തിരുനിലം വയൽ സ്വദേശി ശീലാവതിയുടെ ഒരു പവൻ സ്വർണ മാല സ്കൂട്ടറിൽ വന്ന് പ്രതി നിവാസ് അലി പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു.
ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര ഇൻസ്പെക്ടർ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ രാവിലെ തിരുത്തിയാട് മെൻസ് ഹോസ്റ്റൽ പരിസരത്ത് നിന്നാണ് നിവാസ് അലിയെ കസ്റ്റഡിയിൽ എടുത്തത്.
മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചത് ബാസിത് ആണെന്ന് മൊഴി നൽകി. ബാസിതിനെ ഇന്നലെ ഉച്ചയോടെ പിടികൂടുകയായിരുന്നു.പ്രതിക്ക് ഇതിന് മുൻപ് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ശുചിമുറിയിൽ ക്യാമറ വച്ചതിന് കേസ് ഉണ്ട്.
കൂടാതെ മീഞ്ചന്ത റെയിലിനു സമീപം മൂന്ന് പവൻ സ്വർണ മാല പൊട്ടിച്ച് എടുത്തതിനും സ്ത്രീകളെ ശല്യം ചെയ്തിനും പന്നിയങ്കര , നല്ലളം സ്റ്റേഷനുകളിലും, വാഹന മോഷണത്തിന് കസബ പോലീസ് സ്റ്റേഷനിലും കേസ്സുകൾ നിലവിലുണ്ട്.
പ്രതി നിവാസ് അലി മാലപൊട്ടിക്കാൻ ഇറങ്ങുന്നത് കടുത്ത നിറത്തിലുള്ളതും,പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതുമായ ഷർട്ട് ധരിച്ചാണ്. മാല പൊട്ടിച്ചെടുത്താൽ അൽപ ദൂരം പോയി ഉടനെ ഷർട്ട് മാറ്റി ആണ് യാത്ര തുടരുക.
സംഭവ ദിവസം തന്നെ സിസിടിവി പരിശോധിച്ചതിൽ പ്രതിയുടെ വാഹനം കസബ പെലീസ് സ്റ്റേഷൻ പരിധിയിലെ ചാലപ്പുറത്തു നിന്നു മോഷണം പോയതാണെന്ന് വ്യക്തമായി. പ്രതി സ്കൂട്ടർ മോഷ്ടിക്കുന്നതിന് മുൻപ് ചാലപ്പുറം ഭാഗത്ത് വയോധികയെ ഉപദ്രവിച്ച് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു.
പിന്നീട് സ്കൂട്ടർ മോഷ്ടിച്ച് കടന്ന് കളഞ്ഞു.
സംഭവത്തിന് ശേഷം വാഹനം നഗരത്തിൽ ഉപേക്ഷിക്കുകയും സ്വർണം വിറ്റ് കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ താമസിക്കുകയാണ്. വീണ്ടും നഗരത്തിൽ എത്തി മോഷണത്തിന് ശ്രമിക്കുന്ന സമയത്താണ് പൊലീസ് പിടിയിലായത്.
2 പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
പന്നിയങ്കര സ്റ്റേഷനിലെ എസ് ഐ പ്രസന്നകുമാർ, എസ് സി പി ഓ മാരായ ദിലീപ്, ശരത്ത് രാജൻ, സിപിഒ പ്രജീഷ്, ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ കെ.സുജിത്ത്, അസി. സബ് ഇൻസ്പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സിപിഒ മാരായ ഐ.ടി വിനോദ്, അനുജ് വളയനാട്, സി പിഒ മാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി , അഖിൽ ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]