
കൽപറ്റ ∙ ഒടുവിൽ ജില്ലാ ഭരണകൂടത്തിന്റെ കണ്ണ് തുറന്നു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട
21 കുട്ടികൾക്കു പഠനാവശ്യത്തിനായി സർക്കാർ കൈമാറിയ തുക കലക്ടറുടെ പേരിൽ ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്തി. സർക്കാർ അനുവദിച്ച 2.1 കോടി രൂപയിൽ 1.60 കോടി രൂപയാണ് ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്തിയത്. 21 കുട്ടികളിൽ 4 പേർക്ക് 18 വയസ്സ് പൂർത്തിയായി.
ബാക്കി 17 കുട്ടികളിൽ 9 കുട്ടികൾക്കായാണ് കലക്ടറുടെ പേരിൽ പ്രത്യേക സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ തുറന്നത്. ധനസഹായ വിതരണം മുടങ്ങിയെന്ന് കാണിച്ച് മലയാള മനോരമ തുടർവാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ പ്രശ്നത്തിൽ ഇടപെടുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. 17 പേരിൽ ഒരു കുട്ടി തമിഴ്നാട് സ്വദേശിയാണ്.
ഈ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിൽ ട്രഷറിയിൽ സംയുക്ത അക്കൗണ്ട് ആരംഭിക്കുന്ന മുറയ്ക്ക് കലക്ടറുടെ പേരിൽ സ്ഥിര നിക്ഷേപമായി തുക സൂക്ഷിക്കും. ബാക്കിയുള്ള 7 കുട്ടികളും 8 വയസ്സിൽ താഴെയായതിനാൽ ഇവർക്കുള്ള സ്ഥിര നിക്ഷേപം ആരംഭിച്ചിട്ടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ട്രഷറിയിൽ 10 വർഷത്തിൽ കൂടുതൽ സ്ഥിര നിക്ഷേപം നടത്താൻ സാങ്കേതിക തടസ്സങ്ങളുള്ളതാണ് കാരണം.
2.1 കോടി രൂപയിൽ 1.60 കോടി രൂപ കിഴിച്ചുള്ള തുക നിലവിൽ ട്രഷറിയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
ട്രഷറിയിൽ 10 വർഷത്തിൽ കൂടുതൽ സ്ഥിര നിക്ഷേപം നടത്താനുള്ള സാങ്കേതിക തടസ്സം പരിഹരിക്കുന്ന മുറയ്ക്ക് അക്കൗണ്ട് ആരംഭിച്ചു തുക നിക്ഷേപിക്കും. ട്രഷറിയിൽ നിക്ഷേപിക്കുന്ന തുകയിൽനിന്ന് മാസാവസാനം 6250 രൂപയാണ് പലിശയായി ലഭിക്കുക. കുട്ടികൾക്ക് 18 വയസ്സ് പൂർത്തിയായാൽ ട്രഷറിയിൽ നിന്നു തുക അക്കൗണ്ടുകളിലേക്ക് കൈമാറും.
കഴിഞ്ഞ മാർച്ച് 19നു നടന്ന മന്ത്രിസഭാ യോഗത്തിലാണു ധനസഹായം അനുവദിച്ചത്.
18 വയസ്സുവരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണു ധനസഹായം. വനിതാ ശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമേയാണിതെന്നും അറിയിച്ചിരുന്നു.
തുക കലക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷകർത്താവിന് ഓരോ മാസവും നൽകുന്നതിന് കലക്ടറെ ചുമതലപ്പെടുത്തി കഴിഞ്ഞ മാർച്ച് 20നു സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു.
കുട്ടികൾക്ക് നഷ്ടമായത് 4 മാസത്തെ പലിശ
ഇൗ തുക ഏപ്രിലിൽ തന്നെ സ്ഥിരനിക്ഷേപം നടത്തിയിരുന്നെങ്കിൽ പ്രതിമാസം 6250 രൂപ വീതം ലഭിക്കുമായിരുന്നു.
ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പഠനം പ്രതിസന്ധിയിലായ കുട്ടികൾക്ക് അതു ഉപകാരപ്രദമാവുകയും ചെയ്യുമായിരുന്നു. പ്രതിമാസ പലിശ ലഭിച്ചിരുന്നെങ്കിൽ കുട്ടികളുടെ പഠനാവശ്യങ്ങളെങ്കിലും മറ്റുള്ളവരെ ആശ്രയിക്കാതെ രക്ഷകർത്താക്കൾക്ക് നിറവേറ്റാനാകുമായിരുന്നു.
അതേസമയം, 4 മാസത്തെ പലിശ ഇനി ലഭിക്കുമോയെന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം വ്യക്തത നൽകിയിട്ടില്ല.
നടപടികൾ തുടങ്ങിയത് 4 മാസത്തിനു ശേഷം
ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട
14 കുട്ടികൾക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ഏപ്രിലിലാണ് 2.1 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു കലക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഇൗ തുക കൈമാറിയത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായി.
രക്ഷകർത്താക്കൾ ധനസഹായത്തെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയപ്പോഴാണു ഇത്തരത്തിൽ ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന വിവരം പോലും പല ഉദ്യോഗസ്ഥരും അറിഞ്ഞത്. പിന്നീട് മനുഷ്യാവകാശ കമ്മിഷൻ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് ജില്ലാ ഭരണകൂടം ധൃതി പിടിച്ച് നടപടികൾ തുടങ്ങിയത്.
തുടർന്ന് കഴിഞ്ഞ 16, 17 തീയതികളിലായി ജില്ലാ ഭരണകൂടം കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രക്ഷിതാക്കളിൽ നിന്നും ശേഖരിച്ചു. എന്നാൽ, പിന്നീട് ഉദ്യോഗസ്ഥ തലത്തിൽ നിന്ന് ആരും സമീപിച്ചില്ലെന്നും ഇതേക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടിയുമില്ലെന്നുമുള്ള ആക്ഷേപങ്ങളുമായി രക്ഷിതാക്കൾ രംഗത്തിറങ്ങിയിരുന്നു, …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]