
തിരുവല്ല ∙ ടികെ റോഡിലെ കുഴികൾ അടച്ചുതുടങ്ങി. തിരുവല്ല ടൗൺ മുതൽ കോഴഞ്ചേരി പാലം വരെയുള്ള ഭാഗത്തെ കുഴികളാണു ബുധൻ പകലും രാത്രിയുമായി അടച്ചത്.
ബാക്കിയുള്ള ജോലികൾ ഇന്നു തീർക്കും. തുടർന്ന് ഈ മാസം അവസാനം റോഡ് തീരെ മോശമായ ഭാഗത്തു ബിഎം ടാറിങ് നടത്തും.
ഓണത്തിനുശേഷം മുഴുവൻ ഭാഗത്തും ബിസി ഉപരിതല ടാറിങ് നടത്തും. മുഴുവൻ കുഴിയായി കിടന്ന 17 കിലോമീറ്റർ ദൂരമാണു താൽക്കാലികമായി സഞ്ചാരയോഗ്യമാക്കിയത്.
തിരുവല്ല തീപ്പനി റെയിൽവേ മേൽപാലത്തിന്റെ താഴെയുള്ള പൂട്ടുകട്ടകൾ ഇളക്കിമാറ്റി.
രാത്രിയിൽ ഇവിടെ ഡബ്ല്യുഎംഎം ഇട്ടുറപ്പിച്ചു. രാത്രിയിൽ പൂട്ടുകട്ട
ഇട്ടുറപ്പിക്കും. റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ജോലികൾ ചെയ്തത്. മഞ്ഞാടിയിൽ കലുങ്കു പൊളിച്ചു പുതിയതു പണിത സ്ഥലത്തും ഡബ്ല്യുഎംഎം ഇട്ടുറപ്പിക്കും. കലുങ്ക് നിർമാണം പൂർത്തിയായെങ്കിലും റോഡ് നിരപ്പല്ലാത്തതിനാൽ വാഹനങ്ങൾ വളരെ സാവധാനം പോകുന്നതോടെ പലപ്പോഴും ഗതാഗത കുരുക്ക് ഉണ്ടാകാറുണ്ട്.
മഞ്ഞാടി ഇവൻജലിക്കൽ പള്ളിക്കു മുൻവശമുള്ള ഭാഗത്തും ജിഎസ്ബി ഇട്ട് നികത്തും.
വള്ളംകുളം പാലം കഴിഞ്ഞുള്ള ഭാഗത്തെ കുഴികളും ഇന്നലെ നികത്തി. ഇവിടെ ബിഎം ടാറിങ് ഉടനെ നടത്തും.ഇരവിപേരൂർ ജംക്ഷൻ, പൊടിപാറയിൽ കലുങ്ക് പൊളിച്ചുപണിത ഭാഗം, കുമ്പനാട്, പുല്ലാട് ജംക്ഷൻ, മാരാമൺ എന്നിവിടങ്ങളിലും കുഴികൾ അടച്ചു. മഴ മാറി 2 ദിവസം വെയിൽ തെളിഞ്ഞതോടെയാണു രാത്രിയിലും പകലുമായി കുഴിയടയ്ക്കൽ നടത്തിയത്. റോഡുവശത്ത് പൂട്ടുകട്ട
ഇടുന്ന ജോലികളും ഇതോടൊപ്പം നടക്കുന്നുണ്ട്. ഒരു മീറ്റർ വീതിയിലാണു നിലവിൽ പൂട്ടുകട്ട
ഇടുന്നത്. ഇത് ഒന്നര മീറ്റർ വീതി വേണമെന്ന നിർദേശം അധികൃതർക്കു നൽകിയിട്ടുണ്ട്.
റോഡ് നിറയെ കുഴിയായി മാറിയതോടെ പൊതുമരാമത്ത് വകുപ്പ് ഇടയ്ക്കിടെ കുഴി അടയ്ക്കുമായിരുന്നെങ്കിലും അടുത്ത ദിവസം എത്തുന്ന മഴയിൽ ഒലിച്ചുപോയി 2 ദിവസത്തിനകം വീണ്ടും കുഴിയായി മാറുന്നതായിരുന്നു പതിവ്.നിലവിൽ 20 കോടി രൂപ ചെലവിൽ 3 ഭാഗങ്ങളായി തിരുവല്ല മുതൽ കുമ്പഴ വരെ റോഡിന്റെ പുനരുദ്ധാരണ ജോലികൾ നടന്നു വരികയാണ്. പ്രത്യേകം ഫണ്ട് അനുവദിക്കാതെ റോഡ് പ്രവർത്തി നടത്തുന്ന കരാറുകാരനെക്കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് കുഴികൾ അടപ്പിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]