
തിരുവല്ല ∙ റവന്യൂ ടവറിലെ പൈപ്പുകളിൽ കൂടിയെത്തുന്ന വെള്ളത്തിൽ അപായകരമായ രീതിയിൽ കോളിഫോം ബാക്ടീരിയയുടെ അംശം. ഇതോടെ വെള്ളം ഉപയോഗിക്കുന്ന റവന്യൂ ടവറിലെ സർക്കാർ ഉദ്യോഗസ്ഥരും മറ്റു സ്ഥാപനങ്ങളിലുള്ളവരും ആശങ്കയിലാണ്. ജല അതോറിറ്റിയുടെ സംഭരണിയിൽ നിന്നാണു ടവറിൽ വെള്ളം എത്തുന്നത്.
ടവറിനു പുറകുവശത്തു പ്രത്യേക ഭൂതല സംഭരണി (സംപ്) നിർമിച്ച് അവിടെയെത്തുന്ന വെള്ളം ടവറിന്റെ മുകളിലുള്ള സംഭരണിയിലേക്കെത്തിച്ചാണു വിതരണം ചെയ്യുന്നത്.
ടവറിന്റെ പുറകിലുള്ള സംപിലെ വെള്ളത്തിൽ മലിനജലം കലർന്നതാകാനാണു സാധ്യതയെന്ന് അധികൃതർ പറഞ്ഞു. സംപ് വർഷങ്ങളായി ശുചീകരിച്ചിട്ടില്ല. 6 നിലയുള്ള ടവറിലെ മിക്ക ശുചിമുറികളും വർഷങ്ങളായി പൊട്ടിയൊലിക്കുന്ന സ്ഥിതിയിലുമാണ്.
ടവറിന്റെ ഉടമസ്ഥരായ ഹൗസിങ് ബോർഡ് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താറില്ലെന്നും പരാതിയുണ്ട്.
ഒരാഴ്ച മുൻപു പൈപ്പിൽ കൂടിയെത്തുന്ന വെള്ളത്തിന് അരുചിയും ദുർഗന്ധവും അനുഭവപ്പെട്ടതോടെയാണു സംശയം തോന്നിയത്. ടവറിലെ വാടകക്കാരൻ വെള്ളം തിരുവല്ല ജല അതോറിറ്റി ലാബിൽ പരിശോധനയ്ക്കു നൽകി.
കഴിഞ്ഞ ദിവസം ഫലം വന്നപ്പോഴാണ് ഇ കോളി 32 സിഎഫ്, കോളിഫോം 100 സിഎഫ് എന്നിങ്ങനെയാണു സാന്നിധ്യം കണ്ടത്. ടവറിന്റെ പുറകുവശത്തു ശുചിമുറിയിൽ നിന്നുള്ള പൈപ്പുകൾ പലതും പൊട്ടിയൊലിക്കുന്നവയാണ്. ഇതിൽ നിന്നുള്ള വെള്ളമാണു സംപിലേക്കെത്തുന്നത്. 2018ലെ മഹാപ്രളയത്തിൽ ടവറിന്റെ പുറകുവശത്തു വെള്ളം കയറി ദിവസങ്ങളോളം കിടന്നിരുന്നു. അന്നു മുതൽ ടവറിലുള്ളവർ സംപ് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ചെയ്തിട്ടില്ല.
2 വർഷം മുൻപു ഹൗസിങ് ബോർഡ് അംഗവും ഉദ്യോഗസ്ഥരും സംപ് പരിശോധിച്ചിരുന്നു. ഉടൻ നടപടിയുണ്ടാകുമെന്നു പറഞ്ഞിരുന്നെങ്കിലും ഇതുവരെയും ഒന്നും നടന്നിട്ടില്ല.
ടവറിലെ വാടകക്കാരുടെ പൊതുയോഗം രണ്ടര വർഷത്തിനുശേഷം കഴിഞ്ഞ ദിവസം ചേർന്നെങ്കിലും ഇതേ വിഷയത്തിൽ അലസിപ്പിരിയുകയായിരുന്നു. താലൂക്ക് ഓഫിസ്, 4 കോടതികൾ, ആർടി ഓഫിസ്, സപ്ലൈ ഓഫിസ് തുടങ്ങി 16 ഓളം സർക്കാർ ഓഫിസുകളും നൂറോളം സ്വകാര്യ ഓഫിസുകളും കടകളും ടവറിലുണ്ട്. ഇതിനു പുറമേ ദിവസം ആയിരത്തോളം പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നുണ്ട്.
ഇവരെല്ലാം ആശ്രയിക്കുന്നത് ടവറിലെ പൈപ്പ് വെള്ളത്തെയാണ്. മാത്യു ടി.തോമസ് എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് വർഷങ്ങവ്ക്കു മുൻപ് താലൂക്ക് ആശുപത്രി, റവന്യൂ ടവർ എന്നിവിടങ്ങളിലേക്ക് നേരിട്ടു പമ്പു ചെയ്യുന്ന വിധത്തിൽ പൈപ്പിട്ടിട്ടുണ്ട്. ഒരിക്കലും വെള്ളത്തിന്റെ ക്ഷാമം ഉണ്ടാകാതിരിക്കാനാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]