
തിരുവനന്തപുരം∙ കെഎസ്ആർടിസി നിരത്തിലിറക്കുന്ന 143 പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കെഎസ്ആർടിസിയുടെ എല്ലാ സേവനങ്ങളും ആധുനീകരണം നടത്തുമെന്നും രാജ്യത്തെ തന്നെ ഏറ്റവും മികച്ച ബസുകളാണ് നിരത്തിലിറങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ആർടിസി പുതുതായി വാങ്ങിയ ബസുകൾ യാത്രക്കാർക്കായി സെപ്റ്റംബർ 1 മുതൽ ഓടിത്തുടങ്ങുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.
130 കോടി രൂപയ്ക്കാണ് ബസുകൾ വാങ്ങുന്നത്. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് ഈ പുതിയ എസി ബസുകളായിരിക്കും സർവീസ് നടത്തുക.
ഓണക്കാലത്തെ ഈ സ്പെഷൽ സർവീസുകളിലൂടെ ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസിയിലെ സമ്പൂർണ ഡിജിറ്റൈസേഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്റ്റുഡന്റ് ട്രാവൽ കാർഡുകളുടെ വിതരണ ഉദ്ഘാടനവും നടന്നു. സിഎംഡി പ്രമോജ് ശങ്കർ പ്രസംഗിച്ചു.
വാഹന എക്സ്പോയ്ക്ക് ഇന്ന് കനകക്കുന്നിൽ തുടക്കം
കെഎസ്ആർടിസിയുടെ പുതിയ ബസുകൾ പരിചയപ്പെടുത്തുന്ന വാഹന എക്സ്പോയ്ക്ക് ഇന്ന് കനകക്കുന്നിൽ തുടക്കം. 24 വരെയാണ് എക്സ്പോ. ഇന്ത്യയിലും വിദേശത്തുമുള്ള വാഹന നിർമാതാക്കൾ, ഡീലർമാർ എന്നിവരും പങ്കെടുക്കും. പ്രീമിയം ലക്ഷ്വറി വാഹനങ്ങളും വിന്റേജ് വാഹനങ്ങളും പ്രദർശിപ്പിക്കും. മൂന്ന് ദിവസവും നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഗീതസന്ധ്യയും ഫുഡ് കോർട്ടും ഉണ്ടാകും.
മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ മിനിയേച്ചർ വാഹന കലക്ഷനും ഐഎസ്ആർഒ പവിലിയനും പ്രദർശനത്തിനുണ്ടാകും. മന്ത്രി കെ.എൻ.ബാലഗോപാൽ എക്സ്പോ ഉദ്ഘാടനം ചെയ്യും.
വിസിറ്റ് ആൻഡ് വിൻ മത്സരവുമായി മനോരമ ഫാസ്റ്റ്ട്രാക്ക് സ്റ്റാൾ
മനോരമ ഫാസ്റ്റ്ട്രാക്ക് സ്റ്റാളും കനകക്കുന്ന് എക്സ്പോയിലുണ്ട്.
സ്റ്റാളിൽ ഇന്നുമുതൽ ഞായറാഴ്ച വരെ മനോരമ ഫാസ്റ്റ്ട്രാക്ക് വിസിറ്റ് ആൻഡ് വിൻ മത്സരവും നടക്കും. സ്റ്റാളിൽ നിന്നു ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ബോക്സിൽ നിക്ഷേപിക്കുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന നൂറു പേർക്ക് മനോരമ ഫാസ്റ്റ്ട്രാക്ക് മാസിക ഒരു വർഷത്തേക്ക് തപാലിൽ സൗജന്യമായി ലഭിക്കും. മനോരമ പ്രസിദ്ധീകരണങ്ങളുടെ വാർഷിക വരിസംഖ്യയും സ്വീകരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]