
ഇരിട്ടി ∙ മാക്കൂട്ടം പെരുമ്പാടി ചുരംപാതയിലൂടെ സഞ്ചരിക്കുമ്പോൾ ചിലയിടത്ത് ചെളിക്കളമാണ്. മറ്റ് ചിലയിടത്ത് കുഴികൾ മാത്രം.
എന്നാൽ, കുറച്ചുഭാഗത്ത് നല്ല റോഡുണ്ട്. ചുരം റോഡ് പല റീച്ചുകളായി തിരിച്ച് നന്നാക്കാൻ ശ്രമിക്കുന്നതിലാണ് ഈ അവസ്ഥ. 19 കിലോമീറ്റർ മാത്രമുള്ള റോഡ് നവീകരിക്കാൻ ഇങ്ങനെ പലഭാഗങ്ങളായി തിരിക്കുന്നതെന്തിനാണ്? കുഴികൾ നിറഞ്ഞ ചുരം റോഡിലൂടെ സഞ്ചരിക്കുന്ന ഓരോ യാത്രക്കാരന്റെയും മനസ്സിലുയരുന്ന ചോദ്യമാണിത്.
റോഡ് നവീകരണത്തിന്റെ ഗുണം പൂർണതോതിൽ ലഭിക്കാൻ ഒരുമിച്ചു നവീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
റോഡ് നന്നാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ഡിസംബർ മുതൽ വിവിധ സമയങ്ങളിലായാണു നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. എന്നാൽ റോഡിനെ 4 റീച്ചുകളാക്കി തിരിച്ചായിരുന്നു ഫണ്ട് പ്രഖ്യാപനം. 10.6 കിലോമീറ്റർ റോഡ് നവീകരിക്കാൻ മാത്രമാണ് ഇങ്ങനെ ഫണ്ട് അനുവദിച്ചത്.
നവീകരണം പൂർത്തിയായതാകട്ടെ 4 കിലോമീറ്റർ ദൂരം മാത്രവും. മേമനക്കൊല്ലി മുതൽ മുമ്മടക്ക് വളവ് വരെ 4 കിലോമീറ്റർ ദൂരമാണ് 6 കോടി രൂപ എൻഎച്ച് ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിച്ചത്. കൂട്ടുപുഴ പാലം മുതൽ മാക്കൂട്ടം വരെയുള്ള 1.3 കിലോമീറ്ററിന് 2.8 കോടി രൂപ, പെരുമ്പാടി മുതൽ കേരള റൂട്ട് വരെയുള്ള 2.3 കിലോമീറ്ററിന് 5.5 കോടി രൂപ, തുടർന്നുള്ള 3 കിലോമീറ്ററിന് 3 കോടി രൂപ എന്നിങ്ങനെയും ഫണ്ട് അനുവദിച്ചു.
മഴയും ചതിച്ചു
∙ കൂട്ടുപുഴ പാലം മുതലുള്ള 1.3 കിലോമീറ്ററും പെരുമ്പാടി മുതലുള്ള 2.3 കിലോമീറ്ററും നവീകരിക്കാൻ കരാറുകാരൻ ടാറിങ് പൊളിച്ചപ്പോഴേക്കും മഴ തുടങ്ങി.
ഇപ്പോൾ ഈ ഭാഗം ഉഴുതുമറിച്ച വയൽ പോലെയാണ്. ട്രാക്ടറിനുമാത്രം ഓടാൻ പറ്റുന്ന വിധമായിട്ടുണ്ട് ഈ റോഡ്.
തുടർന്നുള്ള 3 കിലോമീറ്റർ നവീകരണം ഇപ്പോഴും ടെൻഡർ ഘട്ടത്തിലാണ്. ചുരം പാത നവീകരണം വേഗത്തിലാക്കാനും വിവിധ ഇനങ്ങളിൽ ലഭ്യമായ ഫണ്ട് ഉപയോഗപ്പെടുത്താനുമാണ് വിവിധ റീച്ചുകളാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
മന്ത്രിയും അനുഭവിച്ചു; പക്ഷേ, എല്ലാം പഴയപടി
കഴിഞ്ഞ ജനുവരി 10ന് മേമനക്കൊല്ലി – മുമ്മടക്ക് വളവ് റോഡ് നവീകരണം ഉദ്ഘാടനം ചെയ്ത കർണാടക മന്ത്രി സതീഷ് ജാർക്കിഹോളി മലയാളി സമൂഹത്തിന്റെ അഭ്യർഥന മാനിച്ചു കൂട്ടുപുഴ പാലം വരെ യാത്ര ചെയ്തിരുന്നു. റോഡിന്റെ തകർച്ച കണ്ട
അദ്ദേഹം ചുരം റോഡ് പൂർണമായും നവീകരിക്കാൻ നടപടി ഉണ്ടാകുമെന്നും മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തു. നിലവിൽ പുനർനിർമാണത്തിനു ഫണ്ട് അനുവദിക്കാത്ത ഭാഗങ്ങളിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ, തുടർനീക്കങ്ങൾ ഉണ്ടായില്ല.
ചുരം കഴിഞ്ഞാലും രക്ഷയില്ല
∙ ചുരം പാതയിൽനിന്നു ഗോണിക്കുപ്പ വഴി മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കു വിരാജ്പേട്ട ടൗൺ ഒഴിവാക്കി പോകുന്ന പെരുമ്പാടി – ബിട്ടംകാല റോഡും കുശാൽ നഗർ, പെരിയപട്ടണം എന്നിവിടങ്ങളിലേക്കു പോകുന്ന വിരാജ്പേട്ട
– അമ്മത്തി – സിദ്ധാപുരം റോഡും തകർന്നു ചെളിക്കുളമായ നിലയിലാണ്. വിരാജ്പേട്ടയിൽനിന്നു സിദ്ധാപുരത്തേക്കു 20 കിലോമീറ്ററാണ് ദൂരം.
അമ്മത്തി – സിദ്ധാപുരം റൂട്ടിലെ 4 കിലോമീറ്ററിലെ ടാറിങ് നവീകരണത്തിനായി പൊളിച്ചിട്ടിരിക്കുകയാണ്. മഴ പെയ്തതോടെ ഇരട്ടി ദുരിതമാണ് ഈ റൂട്ടിലുള്ള യാത്ര.
റോഡ് പൊളിച്ച ഭാഗത്ത് 4 സ്കൂളുകളും സ്വകാര്യ ആശുപത്രിയും ഉണ്ട്.
6.1 കിലോമീറ്ററുള്ള പെരുമ്പാടി – ബിട്ടംകാല ബൈപാസ് റോഡിലെ 2 കിലോമീറ്റർ മാത്രം നവീകരിക്കാൻ ടാറിങ് പൊളിച്ചിരുന്നു. ഇവിടെയും മഴ ദുരിതമായി.
ചുരം പാത പോലെ ഇവിടെയും റോഡ് ചെളിക്കുളമാണ്. മേഖലയിൽ 12.5 കിലോമീറ്റർ ദൂരം നവീകരിക്കാൻ 31 കോടി രൂപയുടെ ശുപാർശ മരാമത്ത് വകുപ്പ് സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഈ ഫയലിൽ പുരോഗതിയുണ്ടായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]