
കുത്തഴിഞ്ഞുപോയ നഗര ട്രാഫിക് സംവിധാനത്തിനു കാരണം പദ്ധതികളുടെ കുറവാണോ ? അല്ലേയല്ല, ചെലവഴിക്കാൻ പണം ഇല്ലാത്തതും ഭൂമി ഏറ്റെടുക്കുന്നതിലെ പ്രതിസന്ധികളും കാരണം, ജംക്ഷനുകളിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ വർഷങ്ങൾക്ക് മുൻപ് തയാറാക്കിയ പദ്ധതികൾ ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്. നഗരകവാടങ്ങളായ തിരുമല, ഉള്ളൂർ, ശ്രീകാര്യം, പേരൂർക്കട, ഈഞ്ചയ്ക്കൽ, പാപ്പനംകോട് എന്നിവിടങ്ങളിലെ റോഡുകളിൽ ജനം അനുഭവിക്കുന്നത് കടുത്ത ദുരിതം . ഇതു വായിച്ചെങ്കിലും എന്തെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയാറാകുമോ?
തിരുമല
കാട്ടാക്കട, പെരുകാവ്, വിളപ്പിൽശാല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നഗരത്തിലേക്ക് പ്രവേശിക്കാനുള്ള പ്രധാനപാത കടന്നുപോകുന്നത് തിരുമല ജംക്ഷൻ വഴിയാണ്.കുണ്ടമൺകടവ്, മങ്കാട്ടുകടവ്, തൃക്കണ്ണാപുരം റോഡുകൾ സംഗമിക്കുന്നതും തിരുമലയിലാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സ്റ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി കരമന– വെള്ളറട റോഡ് വികസനം നടപ്പാക്കാൻ പദ്ധതി തയാറാക്കിയെങ്കിലും പിന്നീട് ഒരടി മുന്നോട്ടു പോയില്ല.
റോഡ് വികസനത്തിന്റെ ഭാഗമായി പൂജപ്പുര, തിരുമല ഉൾപ്പെടെയുള്ള ജംക്ഷനുകളും വികസിപ്പിക്കാനായിരുന്നു പദ്ധതി.
എന്താണ് തടസ്സം
പണം ഇല്ലായ്മ തന്നെയാണ് പ്രധാന പ്രശ്നം. റോഡ് വികസനത്തിന് ആദ്യ സ്ട്രെച്ചിൽ ഏറ്റെടുക്കേണ്ട
ഭൂമി അളന്ന് കല്ലിട്ടതു മാത്രമാണ് ഏക നടപടി. പദ്ധതി റദ്ദാക്കിയോ എന്ന അന്വേഷണത്തിന് ഇല്ല എന്ന മറുപടി ലഭിച്ചു.
എന്നാൽ പദ്ധതി എന്നു നടപ്പാക്കുമെന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടി.
ശ്രീകാര്യം
കാര്യവട്ടം ഭാഗത്തെ വിശാലമായ റോഡിൽനിന്ന് വാഹനങ്ങൾ എത്തിച്ചേരുന്നത് ശ്രീകാര്യത്തെ ഒരിക്കലും അഴിയാത്ത കുരുക്കിലേക്കാണ്. ഈ കുരുക്ക് അഴിക്കാൻ നിർദേശിച്ച ശ്രീകാര്യം മേൽപാല നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങളായി.
കല്ലമ്പള്ളി മുതൽ ചാവടിമുക്ക് വരെ 535 മീറ്റർ നീളത്തിൽ മേൽപാലം നിർമിക്കാനാണ് പദ്ധതി. കഴിഞ്ഞ നവംബറിൽ തുടങ്ങി 18 മാസത്തിനകം നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം.
98 കോടി രൂപ നൽകി സ്ഥലമെടുപ്പ് പൂർത്തിയാക്കിയ ശേഷം കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുമാറ്റിയത് അടുത്തിടെയാണ്. 35 മീറ്ററിൽ 4 വരി പാതയുള്ള മേൽപാലമാണ് ശ്രീകാര്യത്ത് ഉയരുക.
ഇരുവശത്തും 7 മീറ്റർ വീതിയിൽ സർവീസ് റോഡുമുണ്ടാകും. ഭാവിയിലെ ലൈറ്റ് മെട്രോ പദ്ധതിയുടെ ആവശ്യകതയും ഉൾക്കൊള്ളിച്ചാണ് മേൽപാലത്തിന്റെ രൂപകൽപന എന്നാണ് അധികൃതരുടെ അവകാശവാദം.
എന്താണ് തടസ്സം
ടെൻഡറിൽ ക്വോട്ട് ചെയ്ത തുക എസ്റ്റിമേറ്റ് നിരക്കിനെക്കാളും ഉയർന്നതോടെയാണ് ശ്രീകാര്യം മേൽപാല നിർമാണം വഴിമുട്ടി നിന്നത്.
ഉയർന്ന തുകയ്ക്ക് കരാർ ഉറപ്പിക്കാൻ മന്ത്രി സഭയുടെ അനുമതിക്കായി 6 മാസം കാത്തു കിടക്കേണ്ടി വന്നു. അവസാനം 71.38 കോടിയുടെ ടെൻഡർ അംഗീകരിച്ചത് മാസങ്ങൾക്ക് മുൻപാണ്.
ഉള്ളൂർ
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അത്യാഹിത അവസ്ഥയിലുള്ള രോഗികളുമായി ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്നത് 4 റോഡുകളുടെ സംഗമ സ്ഥാനമായ ഉള്ളൂർ ജംക്ഷൻ വഴിയാണ്.
ട്രാഫിക് കുരുക്ക് കാരണം മിക്കപ്പോഴും സിഗ്നൽ ലൈറ്റുകൾ പ്രകാശിപ്പിക്കാറില്ല. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിന് മുൻവശത്തു തുടങ്ങി ശ്രീകാര്യം ഭാഗത്തേക്ക് മുക്കാൽ കിലോമീറ്ററോളം നീളത്തിൽ മേൽപാലം നിർമിക്കാൻ പദ്ധതി തയാറാക്കിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു.
എന്താണ് തടസ്സം
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്കായി ശുപാർശ ചെയ്തിട്ടുള്ള 6 റൂട്ടുകളിൽ രണ്ടെണ്ണം കടന്നുപോകുന്നത് ഉള്ളൂർ ജംക്ഷൻ വഴിയാണ്.
ടെക്നോപാർക്ക്, മെഡിക്കൽ കോളജ്, ബേക്കറി ജംക്ഷൻ, തമ്പാനൂർ, കിഴക്കേക്കോട്ട പാതയാണ് ഒന്ന്.
ഉള്ളൂർ മുതൽ കരമന വരെ 10 കിലോമീറ്റർ സമ്പൂർണ ഭൂഗർഭ പാതയാണ് രണ്ടാമത്തെ നിർദേശം. അലൈൻമെന്റ് നിശ്ചയിക്കാതെ 11 വർഷമായി സർക്കാർ ഒളിച്ചുകളിക്കുന്നതിനാൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.
കിള്ളിപ്പാലം
കരമന– കളിയിക്കാവിള റോഡ് വികസനത്തിന്റെ ഭാഗമായി കരമന മുതൽ റോഡ് 4 വരിയാക്കിയെങ്കിലും കിള്ളിപ്പാലം മുതൽ തമ്പാനൂർ വരെ ഏതു സമയത്തും ഗതാഗതക്കുരുക്കാണ്.
റോഡിന്റെ ഇരുവശത്തെയും അനധികൃത പാർക്കിങ് കൂടിയാകുമ്പോൾ പാപ്പനംകോട് മുതൽ കുരുക്ക് ആരംഭിക്കും. രാവിലെയും വൈകിട്ടും കിള്ളിപ്പാലം കടക്കാൻ ഒരു മണിക്കൂറിലേറെ സമയമെടുക്കുമെന്ന് യാത്രക്കാർ പറയുന്നു.
എന്താണ് തടസ്സം
കിള്ളിപ്പാലം മുതൽ ആര്യശാല വരെ റോഡ് വികസിപ്പിക്കണമെങ്കിൽ സ്ഥലം ഏറ്റെടുക്കണം.
ഭീമമായ തുക ചെലവഴിക്കാൻ സർക്കാർ ഖജനാവിന്റെ ശേഷി അനുവദിക്കുന്നില്ല. റെയിൽവേ ഓവർബ്രിജിന്റെ വീതി കൂട്ടലും നിലവിലെ സാഹചര്യത്തിൽ അപ്രായോഗികമാണ്.
ഈഞ്ചയ്ക്കൽ
നഗരത്തിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകാനുള്ള പ്രധാന റോഡ് കടന്നു പോകുന്ന ജംക്ഷനാണ് ഇത്.
കഴക്കൂട്ടം– കാരോട് ദേശീയ പാതയിൽ നിന്ന് വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതും ഇതുവഴി. ദേശീയ പാത ഉൾപ്പെടെ 11 റോഡുകളുടെ സംഗമ സ്ഥലമായ ഈഞ്ചയ്ക്കൽ ജംക്ഷനിലെ കുരുക്കഴിക്കാൻ തയാറാക്കിയ പദ്ധതിയാണ് ഈഞ്ചയ്ക്കൽ മേൽപാലം.
എന്താണ് തടസ്സം
മേൽപാല നിർമാണത്തിന് വേണ്ടത്ര വേഗമില്ലെന്നാണ് ആക്ഷേപം.
പാലം നിർമാണത്തിനായി ഒരു വർഷം മുൻപ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇതുവരെ പിൻവലിച്ചിട്ടില്ല. ഇതുകാരണം മുട്ടത്തറ പരുത്തിക്കുഴി വരെ ബൈപാസ് വഴി സഞ്ചരിച്ചാണ് ജനം ദേശീയ പാതയിലേക്കും വിമാനത്താവളത്തിലേക്കും പോകുന്നത്.
പട്ടം– പ്ലാമൂട്
ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന 3 സ്കൂളുകൾ, പബ്ലിക് സർവീസ് കമ്മിഷൻ ആസ്ഥാനം, ജില്ലാ പഞ്ചായത്ത് ആസ്ഥാനം, വൈദ്യുതി ഭവൻ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥർ.
രാവിലെയും വൈകിട്ടും പട്ടം, പ്ലാമൂട് എന്നീ ജംക്ഷനുകളിലെ കുരുക്ക് വിവരിക്കാൻ കഴിയില്ല. ഇതിനു പരിഹാരമായി നിർമിക്കുന്ന മേൽ പാലത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയെങ്കിലും തുടർ നടപടികൾ ഇപ്പോഴും ഫയലിൽ തന്നെ.
പുതുക്കിയ രൂപരേഖ അനുസരിച്ച് പിഎംജി– പ്ലാമൂട് റോഡിലെ കേരള സ്റ്റേറ്റ് മിനറൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനു സമീപത്തു നിന്നാരംഭിച്ച് പട്ടം കേന്ദ്രീയ വിദ്യാലയത്തിന് സമീപം അവസാനിക്കുന്ന തരത്തിലാണ് പാലം നിർമാണം.
എന്താണ് തടസ്സം
16.31 കോടി നഷ്ട പരിഹാര വിതരണത്തിനായി വകയിരുത്തിയെങ്കിലും പാലം നിർമാണത്തിന് പണം അനുവദിച്ചിട്ടില്ല.
നിർദിഷ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി നടപ്പാക്കുന്നതിലെ അനിശ്ചിതത്വമാണ് മറ്റൊരു കാരണം.
പേരൂർക്കട
അരുവിക്കര, നെടുമങ്ങാട് ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർ നഗരത്തിലേക്ക് പ്രവേശിക്കുന്നത് പേരൂർക്കട വഴിയാണ്.
5 പ്രധാന റോഡുകളുടെ സംഗമ സ്ഥലമായ പേരൂർക്കടയിൽ രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീളും. ഇവിടെ കുരുക്ക് പരിഹരിക്കാൻ 2020 ൽ തയാറാക്കിയ പദ്ധതിയാണ് പേരൂർക്കട
മേൽപാലം.പേരൂർക്കട കാൽവരി ലൂഥറൻ പള്ളിക്കു സമീപം മുതൽ വഴയില സെന്റ് ജൂഡ് റോമൻ കത്തോലിക്കാ പള്ളി വരെയുള്ള 874 മീറ്റർ ദൂരത്തിൽ പാലം നിർമിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
പദ്ധതി തയാറാക്കി 5 വർഷവും തറക്കല്ലിട്ടിട്ട് 4 വർഷവും കഴിഞ്ഞിട്ടും പാലം നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ.വട്ടിയൂർക്കാവ് ജംക്ഷൻ വികസന പദ്ധതിയുടെ ആദ്യഘട്ടമായ ശാസ്തമംഗലം-മണ്ണറക്കോണം-പേരൂർക്കട
റോഡ് വികസനത്തിന് ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. ഒഴിപ്പിക്കുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനു വ്യാപാര സമുച്ചയ നിർമാണത്തിന് ഭൂമി ഏറ്റെടുത്തു.
കെട്ടിട നിർമാണത്തിന് 9.22 കോടിയുടെ പുതുക്കിയ ഭരണാനുമതിയും ലഭിച്ചു.
എന്താണ് തടസ്സം
റോഡ് വികസനത്തിനായി നേരത്തേ സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും റവന്യു രേഖകളിൽ ഈ ഭൂമിയുടെ അളവ് കുറവ് ചെയ്യാതിരുന്നതിനാൽ ചിലരുടെ സർവേ നമ്പരുകളിലും അളവുകളിലും മാറ്റമുണ്ടായി.
ഇതു പരിഹരിച്ചപ്പോൾ അരുവിക്കരയിൽ നിന്നുള്ള പ്രധാന പൈപ്പ് ലൈനിനു മുകളിലൂടെയാണ് പാലത്തിന്റെ പില്ലർ സ്ഥാപിക്കേണ്ടത് എന്നു കണ്ടെത്തി. ഈ സ്ഥലം ഒഴിവാക്കി പുതിയ അലൈൻമെന്റ് തയാറാക്കി.
4 വ്യാപാര കെട്ടിടങ്ങൾ ഇനിയും ഒഴിപ്പിച്ചിട്ടില്ല. ഭൂമി എറ്റെടുത്തവർക്കു നഷ്ടപരിഹാരവും നൽകണം.
106 കോടിയുടെ പദ്ധതിക്ക് സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]