പെരിയ ∙ ഓണച്ചന്തകൾ ഉണരുമ്പോൾ രാവണീശ്വരം മാക്കിയിലെ അത്തിക്കൽവീട്ടിൽ കെ.വി.രാഘവന്റെയും വേലാശ്വരത്തെ വി.കരുണാകരന്റെയും മനസ്സുകളിലും സന്തോഷം നിറയും. രാവണീശ്വരം കുന്നുപാറയിലെ ഇവരുടെ വിശാലമായ പച്ചക്കറി കൃഷിയിടത്തിലേക്കു വന്നാൽ അതിന്റെ കാരണമറിയാം.
ഇവർ പാട്ടത്തിനെടുത്ത 7 ഏക്കറിലേറെ സ്ഥലത്ത് നാടൻ കക്കിരി, നരമ്പൻ, വെള്ളരി, വെണ്ടയ്ക്ക, മത്തൻ, നേന്ത്രവാഴ എന്നിവയാണ് ഓണ വിപണി ലക്ഷ്യമിട്ട് വിളവെടുപ്പിനൊരുങ്ങുന്നത്. പുലർച്ചെ നാലിന് എത്തി അന്തിമയങ്ങുംവരെ കൃഷിയിടത്തിൽ വിവിധങ്ങളായ പച്ചക്കറികളെ പരിപാലിച്ച് വിജയമധുരം നുകരുന്ന കർഷക സുഹൃത്തുക്കളാണിവർ.
മുൻപ് ചെങ്കൽപ്പണയിലെ തൊഴിലാളികളായിരുന്ന ഇരുവരും 5 വർഷം മുൻപാണ് സ്ഥലം പാട്ടത്തിനെടുത്ത് ഒരുമിച്ചുള്ള പച്ചക്കറിക്കൃഷി തുടങ്ങിയത്.
പിന്നീട് ‘നഷ്ടക്കച്ചവട’മായിട്ടില്ലെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. ഇതിനു പുറമേ നെൽക്കൃഷിയും മധുരക്കിഴങ്ങ് കൃഷിയുമുണ്ട്്.
കക്കിരി നേരത്തെ പാകമാകുകയും ആവശ്യക്കാരേറുകയും ചെയ്തതിനാൽ വിപണിയിലെത്തിച്ചു തുടങ്ങി. പ്രതിദിനം രണ്ടര ക്വിന്റൽ കക്കിരിയാണ് ഈ കൃഷിയിടത്തിൽനിന്നു വിളവെടുക്കുന്നത്. വിഎഫ്പിസികെ മാവുങ്കാൽ, കാഞ്ഞങ്ങാട് അതിഞ്ഞാലിലെ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് വിപണനം.
രാഘവന്റെ സ്കൂട്ടറിലാണ് ഇരുവരും വീട്ടിൽ നിന്നകലെയുള്ള കൃഷിയിടത്തിലേക്കെത്തുന്നത്.
ജൂൺ, ജൂലൈ മാസങ്ങളിൽ നട്ട പച്ചക്കറികളാണ് ഇപ്പോൾ വിളവെടുപ്പിനൊരുങ്ങുന്നത്.
ഇവിടെ നിന്നുള്ള കൃഷികളുടെ വിളവെടുപ്പ് പൂർത്തിയായാൽ സെപ്റ്റംബർ മാസത്തോടെ ജലലഭ്യതയുള്ള സ്ഥലത്ത് പുതിയ കൃഷി ആരംഭിക്കുകയാണ് പതിവ്. 60 പിന്നിട്ട
രാഘവനും 64 കഴിഞ്ഞ കരുണാകരനും ദിവസത്തിലെ 15 മണിക്കൂറും കൃഷിയിടത്തിലാണ്. ശ്യാമളയാണ് രാഘവന്റെ ഭാര്യ. രേഷ്മ, രമ്യ, രജിത, ശരത്രാജ് എന്നിവരാണ് മക്കൾ.
ഭാര്യ മാലിനി, മക്കളായ ഷനിൽകുമാർ (കോട്ടച്ചേരി സഹകരണ ബാങ്ക്), ഷാഹുൽ (ആർമി) എന്നിവരുൾപ്പെട്ടതാണ് കരുണാകരന്റെ കുടുംബം. വിശാലമായ പച്ചക്കറി പാടത്തെ ഹരിതാഭ പോലെ തങ്ങളുടെ ജീവിതം പച്ചപിടിപ്പിച്ചതും കൃഷിയോടുള്ള ആത്മസമർപ്പണം തന്നെയെന്ന് ഇരുവരും സമ്മതിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]