
ചെറുവത്തൂർ∙ ഉത്തര മലബാർ ജലോത്സവം ചാംപ്യൻസ് ബോട്ട് ലീഗിൽ ഇത്തവണ ഉൾപ്പെടുത്തുമെന്ന് ഉറപ്പായി. പ്രതീക്ഷയോടെ ജില്ലയിലെ വള്ളംകളി പ്രേമികൾ.
മലബാറിലെ ജലമേളയുടെ ആവേശമായി മാറിയ ചാംപ്യൻസ് ബോട്ട് ലീഗ് ജലമേളയിൽ കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് മത്സരം നടന്നിരുന്നു. കണ്ണൂർ ജില്ലയിലേക്ക് മത്സരമെത്തിയ സാഹചര്യത്തിൽ ഇത്തവണ ജില്ലയിലും മത്സരം എത്തുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.
അതെ സമയം ജില്ലയിൽ കഴിഞ്ഞ കാലം വരെ നടത്തിയിരുന്ന ഉത്തര മലബാർ ജലോത്സവത്തെ സിബിഎല്ലിൽ ഉൾപ്പെടുത്തുന്നതിന് വേണ്ട
നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.രാജഗോപാലൻ എംഎൽഎ വേണ്ട
നടപടികൾ തുടങ്ങിയിരുന്നു. ചാംപ്യൻസ് ബോട്ട് ലീഗ് മത്സരം ജില്ലയിലേക്ക് എത്തിയാൽ ജില്ലയുടെ ടൂറിസം മേഖലയിൽ തന്നെ വലിയ മുന്നേറ്റത്തിന് സാധ്യത ഉണ്ടാകും.
അതെ സമയം ജില്ലയ്ക്ക് സിബിഎൽ കിട്ടിയാൽ അതു നടത്തുന്ന സ്ഥലം സംബന്ധിച്ച് ധാരണയിൽ എത്തേണ്ടതുണ്ട്.
1000 മീറ്റർ നീളമുള്ള ട്രാക്കാണ് പ്രധാനം. ഇതിന്റെ പരിശോധനയ്ക്കായി മാസങ്ങൾക്ക് മുൻപ് തന്നെ ടൂറിസം വകുപ്പ് അധികൃതർ കാര്യങ്കോട് പുഴയിൽ ജലമേള നടത്തുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു.
ഉത്തരമലബാർ ജലോത്സവം കഴിഞ്ഞ തവണ നടന്നത് അച്ചാംതുരുത്തിയിലാണ്.
നേരത്തെ നടന്നത് കാര്യങ്കോടായിരുന്നു. എന്നാൽ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടാണ് ഇവിടെ നിന്ന് ജലോത്സവം അച്ചാംതുരുത്തിയിലേക്ക് മാറ്റിയത്.
കായൽ ടൂറിസം രംഗത്തെ പ്രധാന കേന്ദ്രമായ കോട്ടപ്പുറവുമായി ബന്ധപ്പെട്ട് കിടക്കുന്ന ദ്വീപാണ് അച്ചാംതുരുത്തി.
മത്സരങ്ങൾ ആവേശമാക്കി ജില്ലയിലെ ടീമുകൾ
ചെറുവത്തൂർ∙ മലബാറിലെ ചാംപ്യൻസ് ട്രോഫി ലീഗ് മത്സരങ്ങൾ ആവേശമാക്കിയത് ജില്ലയിലെ വള്ളംകളി ടീമുകൾ. ജില്ലയിലേക്ക് സിബിഎൽ മത്സരങ്ങൾ എത്തിയില്ലെങ്കിലും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന മത്സരങ്ങൾ മികവുറ്റതാക്കിയത് ജില്ലയിലെ പതിനെട്ടോളം വള്ളംകളി ടീമുകളാണ്.
മത്സരങ്ങൾ ജില്ലയ്ക്ക് അനുവദിച്ചാൽ നടക്കുക ഒക്ടോബർ 2ന് ആയിരിക്കുമെന്ന് ഉറപ്പായി.
ജില്ലയിലെ പ്രധാന ജലമേളയായ ഉത്തര മലബാർ ജലോത്സവത്തെ സിബിഎല്ലിൽ ഉൾപ്പെടുത്തിയാൽ ഗാന്ധിജയന്തി ദിനത്തിൽ തന്നെ മത്സരം നടത്താനാണ് ബന്ധപ്പെട്ടവർ ആലോചിക്കുന്നത്. കഴിഞ്ഞ തവണ കേരളപ്പിറവി ദിനത്തിലായിരൂന്നു ആച്ചാംതുരുത്തിയിൽ ജലോത്സവം നടത്തിയിരുന്നത്.
എന്നാൽ ഇത്തവണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും മറ്റും വരാനിരിക്കെ ഒക്ടോബറിൽ തന്നെ ജലോത്സവം നടത്താനാണ് ബന്ധപ്പെട്ടവർ ആലോചിക്കുന്നത്.
പ്രൈസ് മണി വർധിക്കും; ഗ്രാന്റും കൂടും
നിലവിൽ ജില്ലയിൽ നടക്കുന്ന ഉത്തര മലബാർ ജലോത്സവത്തിൽ പങ്കെടുത്ത് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുന്ന തുക അര ലക്ഷം രൂപ മാത്രമാണ്. പങ്കെടുക്കുന്ന ടീമുകൾക്കും ലഭിക്കുന്ന തുകയും ചെറുതാണ്.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ചുരുളൻ വള്ളങ്ങൾ നിർമിക്കാനും പരിശീലനത്തിനും ഉള്ള ചെലവ് അടക്കം വലിയ തുകയാണ് ടീമുകൾക്ക് വേണ്ടത്. വലിയ പ്രതിസന്ധിയാണ് ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ടീമുകൾക്ക് ഉണ്ടാവുന്നത്.
എന്നാൽ സിബിഎൽ വന്നാൽ ഒരു ലക്ഷത്തിന് മുകളിലുള്ള തുക പ്രൈസ് മണിയായിട്ടുതന്നെ ലഭിക്കും. ഇതിന് പുറമേ ഗ്രാന്റും ലഭിക്കും.
“ഉത്തര മലബാർ ജലോത്സവം സിബിഎൽ ആയി മാറുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഇതിനായിട്ടുള്ള എല്ലാ നടപടികളും പൂർത്തീകരിച്ച് കഴിഞ്ഞു. മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും.
ജില്ലയുടെ അഭിമാനമായി ഉത്തര മലബാർ ജലോത്സവത്തെ സിബിഎല്ലിൽ ഉൾപ്പെടുത്തിയാൽ ടൂറിസം മേഖലയെ തന്നെ ഉണർവ് ഉണ്ടാക്കും. ഇത്തവണത്തെ സിബിഎൽ മത്സരങ്ങൾ നടക്കുന്നത് എവിടെയൊക്കെ എന്നുള്ള കാര്യം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
അതിൽ കാസർകോട് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.”
എം.രാജഗോപാലൻ, എംഎൽഎ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]