
പടിഞ്ഞാറത്തറ∙ കുളിരേകും കാഴ്ചയും സാഹസികതയും ചേർന്നു വിരുന്നൊരുക്കുന്ന ബാണാസുര മല ഇക്കോ ടൂറിസം കേന്ദ്രം കൂടുതൽ ജനപ്രിയമാകുന്നു. ഇവിടത്തെ പ്രധാന ആകർഷകങ്ങളായ മീൻമുട്ടി വെള്ളച്ചാട്ടവും ബാണാസുര മലയിലേക്കുള്ള ട്രക്കിങ്ങും ആസ്വദിക്കാൻ ഏറെ സഞ്ചാരികളാണ് എത്തുന്നത്. ഇത്തവണ മഴ ശക്തമായി തുടർന്നതോടെ വെള്ളച്ചാട്ടത്തിന് ശക്തിയും സൗന്ദര്യവും ഏറിയിട്ടുണ്ട്.
മല മുകളിൽ നിന്ന് കുതിച്ചൊഴുകുന്ന വെള്ളത്തിന്റെ വന്യമായ സൗന്ദര്യം തൊട്ടരികെ നിന്ന് ആസ്വദിക്കാനുള്ള സൗകര്യവും ഏറെ ജനപ്രിയമാണ്.
പ്രകൃതി പാർക്കിലെ പൂന്തോട്ടവും ഊഞ്ഞാലാട്ടവും സഞ്ചാരികളെ ആകർഷിക്കുന്നു. ബാണാസുര മലയും താഴ്വാരവും ഏറെ ഭംഗിയോടെ ആസ്വദിക്കാൻ വ്യൂ പോയിന്റും സജ്ജമാണ്.
ബാണാസുര മലയുടെ മുകളിൽ നിന്ന് പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചെത്തുന്ന വെള്ളം പതഞ്ഞൊഴുകി ഒടുവിൽ നൂലു പോലെ മലയടിവാരത്ത് എത്തുന്ന കാഴ്ച ഇവിടെ നിന്ന് ആസ്വദിക്കാം. ബാണാസുര മലയിലേക്കുള്ള ട്രക്കിങ്ങും ഇപ്പോൾ സജീവമാണ്.
ആനച്ചോല, കാറ്റ്കുന്ന് ഭാഗത്തേക്ക് 5.5 കിലോമീറ്റർ സാഹസികത നിറഞ്ഞ മല കയറ്റം സഞ്ചാരികൾക്ക് ഏറെ ആകർഷകമാണ്.
മഴയ്ക്ക് നേരിയ ശമനമായതോടെ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. ഓണക്കാലം ആകുന്നതോടെ സഞ്ചാരികളുടെ വൻ തിരക്കായിരിക്കും അനുഭവപ്പെടുക. ദിവസം 500 പേർക്കാണ് വെള്ളച്ചാട്ടം കേന്ദ്രത്തിൽ പ്രവേശനം.
ട്രക്കിങ്ങിന് 75 പേർക്കായും നിജപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ സൗത്ത് വയനാട് ഡിവിഷനിലെ കൽപറ്റ റേഞ്ച് പടിഞ്ഞാറത്തറ സെക്ഷൻ വാരാമ്പറ്റ വനസംരക്ഷണ സമിതിയുടെ കീഴിലാണ് ഈ ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]