
സീസൺ 7 ൽ കാത്തിരിക്കുന്നത് ഏഴിന്റെ പണിയാണെന്ന് പറഞ്ഞപ്പോൾ അതിത്രയും കടുപ്പത്തിലുള്ളതായിരിക്കുമെന്ന് മത്സരാർത്ഥികളാരും സ്വപ്നത്തിൽപോലും കരുതിയിരിക്കില്ല. കഴിഞ്ഞ സീസണിൽ പവർ റൂമും എക്സ്ട്രാ പവറുകളും നൽകിയ സ്ഥാനത്ത് ഇത്തവണ പണിപ്പുരയും അതിൽ നിറയെ പണികളുമാണ്.
പണിപ്പുരയ്ക്ക് വേണ്ടിയുള്ള കഴിഞ്ഞ ദിവസത്തെ ടാസ്ക് തന്നെയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. വീട്ടിലുള്ളവർക്കായി എന്തും ത്യജിക്കാനും സഹിക്കാനും കഴിയുന്ന മൂന്ന് ധൈര്യശാലികളെ തെരഞ്ഞെടുക്കുകയായിരുന്നു ആദ്യ ഘട്ടം.
ഭൂരിപക്ഷാഭിപ്രായത്തിന് പിന്നാലെ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത് ജിസേൽ, ആര്യൻ, അനീഷ് എന്നിവരായിരുന്നു. പക്ഷേ ഈ തെരഞ്ഞെടുക്കലിൽ വീട്ടിലെ പലർക്കും എതിരഭിപ്രായം ഉണ്ടായിരുന്നു.
നെവിൻ, അഭിലാഷ്, റെന തുടങ്ങി പലരും ടാസ്കിൽ പങ്കെടുക്കാൻ താല്പര്യം കാണിച്ചിട്ടും ആര്യൻ, ജിസേൽ എന്നിവരെ മാത്രം എല്ലാ ടാസ്കുകളിലും തുടർച്ചയായി തെരഞ്ഞെടുക്കുന്നതിൽ വീടിനുള്ളിൽ പലർക്കും പ്രശ്നമുണ്ട്. ഇതെല്ലാം മറനീക്കി പുറത്തുവന്നത് ഈ ടാസ്ക്കോടുകൂടി ആണ് എന്ന് മാത്രം.
ടാസ്ക്കിനുപോകുന്നതിനുമുമ്പ് ആര്യനും പറയുന്നുണ്ട് ടാസ്ക് ആര് ഏറ്റെടുത്താലും അത് നന്നായി ചെയ്യാനായില്ലെങ്കിൽ കടുത്ത വിമർശനങ്ങൾ നേരിടണമെന്നും താനാണ് ടാസ്ക് മോശമായി ചെയ്യുന്നതെങ്കിൽ തന്നെയും വിമർശിച്ചോളൂ എന്നുമെല്ലാം. താനും ജിസേലുമാണ് വീട്ടിലെ ഏറ്റവും മികച്ച മത്സരാർത്ഥികൾ എന്ന ആര്യന്റെ ആറ്റിട്യൂഡ് ഇപ്പോൾ മുതലുള്ളതല്ല.
അതിന്റെ ഭാഗം തന്നെയാണ് ഈ അമിത ആത്മവിശ്വാസവും. ബിഗ് ബോസ് തരുന്ന ടാസ്ക് എന്തുതന്നെയായാലും തനിക്കത് പൂർത്തിയാക്കാനാകുമെന്ന വിചാരത്തിലാണ് ആര്യൻ ഈ വെല്ലുവിളികൾ നടത്തിയത്.
കൂടാതെ പണിപ്പുരയിലേക്ക് പോകാനുള്ള മൂന്നുപേരെ ഓരോരുത്തരായി നോമിനേറ്റ് ചെയ്തപ്പോൾ രേണു, റെന, ശാരിക എന്നിവരുടെ പേര് അഭിലാഷ് പറഞ്ഞതിനെ ആര്യൻ പരിഹസിച്ച് ചിരിച്ചതും ശ്രദ്ധിക്കണം. ഇതിനെ അഭിലാഷ് അപ്പോൾത്തന്നെ ചോദ്യം ചെയ്യുകയും ചെയ്തു.
ഏതായാലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ച് പണിപ്പുര ടാസ്കിനായി പോയത് ആര്യനും അനീഷും ജിസേലുമാണ്. എന്നാൽ അവിടെ വച്ച് പിന്നീടുണ്ടായത് ട്വിസ്റ്റുകളുടെ പെരുമഴ.
ഒന്നാം നമ്പർ കാർഡിനുപിന്നിൽ നിന്ന അനീഷ് എടുത്ത ടാസ്ക് ലെറ്ററിൽ ഉണ്ടായിരുന്നത് ഇപ്പോൾ മുതൽ സീസൺ അവസാനിക്കുന്നതുവരെ സംസാരിക്കരുത് എന്ന ഡിമാൻഡ് ആയിരുന്നു. ഇത് കേട്ടപാടെ അനീഷിന് പണികിട്ടി എന്ന വിചാരത്തിൽ മറ്റുള്ളവർ പൊട്ടിച്ചിരിച്ചു.
പക്ഷേ യഥാർത്ഥ പണി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ടാസ്ക് ലെറ്റർ വായിച്ച നിമിഷം മുതൽ അനീഷ് ടാസ്ക് ഏറ്റെടുത്തു.
ഒരക്ഷരം പോലും മിണ്ടാതെ ആയി. മലയാളം നന്നായി വായിക്കാനറിയാത്ത മറ്റുള്ള രണ്ടുപേരും കിട്ടിയ ടാസ്ക് ലെറ്റർ മര്യാദക്ക് വായിക്കാൻ പോലുമാകാതെ പെട്ടുപോയി.
ബിഗ് ബോസ് പറഞ്ഞിട്ടുപോലും അനീഷ് സംസാരിക്കാൻ തയാറായില്ല. ഇതോടെ ബിഗ് ബോസിന് അപ്പാനി ശരത്തിനെ കൊണ്ടുവന്ന് ടാസ്ക് ലെറ്റർ വായിപ്പിക്കേണ്ടിവന്നു.
ആര്യന്റെ ടാസ്ക് ലെറ്ററിൽ ഉണ്ടായിരുന്നത് ജ്യൂസ് കുടിക്കുക എന്ന ടാസ്ക് ആയിരുന്നു. ജിസേലിന് കിട്ടിയതാവട്ടെ തല മൊട്ടയടിക്കുക എന്ന ടാസ്കും.
മൂന്നുപേരും ചർച്ച ചെയ്ത് ഏതൊക്കെ ടാസ്ക്കുകൾ ആരൊക്കെ ചെയ്യണമെന്ന് തീരുമാനിക്കാൻ ബിഗ് ബോസ് പറഞ്ഞെങ്കിലും മിണ്ടാതെയിരിക്കാനുള്ള ടാസ്ക് അതിനോടകം ഏറ്റെടുത്ത അനീഷ് പിന്നീട് ഒരക്ഷരം മിണ്ടാനോ ചർച്ച ചെയ്യാനോ തയാറാകാതെ വന്നതോടെ ബാക്കി രണ്ട് ടാസ്ക്കുകളും ആര്യന്റെയും ജിസിലിന്റെയും ഉത്തരവാദിത്തത്തിലായി. അതിലൊന്ന് ജ്യൂസ് കുടിക്കുക എന്നതാണ്.
രണ്ടാമത്തേത് തല മൊട്ടയടിക്കുക എന്നതും. ജ്യൂസ് കുടിക്കാനുള്ള ടാസ്ക് അനീഷിനോട് ഏറ്റെടുക്കാമോ എന്ന് ജിസേൽ ചോദിച്ചിട്ടും അയാൾ തയാറായില്ല.
അഥവാ ആ ടാസ്ക് ഏറ്റെടുക്കാൻ അനീഷ് റെഡിയായിരുന്നെങ്കിൽ അവിടെ വീണ്ടും ചർച്ചയുണ്ടാവുകയും അനീഷ് കൂടി പ്രതിരോധത്തിൽ ആവുകയും ചെയ്തേനെ. അറിഞ്ഞുകൊണ്ടായാലും ടാസ്ക് മനസിലാവാത്തതുകൊണ്ടായാലും അനീഷ് ചെയ്ത പ്രവർത്തിയോടെയാണ് ഇന്നലെ ഗെയിം ട്വിസ്റ്റ് ആയത്.
നൽകിയ മൂന്ന് ടാസ്ക്കുകളിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും പൂർത്തിയാക്കാൻ ഏറ്റവും പ്രയാസമുള്ളതുമായ ടാസ്ക് സീസൺ അവസാനിക്കുന്നതുവരെ മിണ്ടാതിരിക്കുക എന്നതാണ്. മുടി മൊട്ടയടിക്കുക എന്നതാണ് അതിലെ ഏറ്റവും ഹീറോയിക് പരിവേഷം ലഭിക്കുന്ന ടാസ്ക്.
ജ്യൂസ് കുടിക്കുക എന്നതാണ് ഏറ്റവും എളുപ്പമേറിയ ടാസ്ക്. അനീഷ് ഇതിലെ ഒന്നാമത്തെ ടാസ്ക് ഏറ്റെടുത്തതോടെ മറ്റ് രണ്ട് ടാസ്കുകളിൽനിന്ന് ഓരോന്നുവീതം തെരഞ്ഞെടുക്കാൻ ജിസേലും ആര്യനും നിർബന്ധിതരായി.
മുടി മുറിക്കാൻ തയാറല്ലെന്ന് ജിസേൽ പറഞ്ഞതോടെ ഈ ടാസ്ക് അനീഷിന് നൽകാനായി ആര്യന്റെ ശ്രമം. ജിസേൽ ഒരു സ്ത്രീ ആണെന്നും അനീഷിന് ഹ്യൂമാനിറ്റി ഇല്ലെന്നും വാദിക്കാൻ ആര്യൻ ശ്രമിച്ചെങ്കിലും ഒന്നാമത്തെ ടാസ്കിൽനിന്ന് അണുവിട
പിന്നോട്ടുപോകാതെ അനീഷ് ഉറച്ചുനിന്നതോടെ വീട്ടിലെ മറ്റുള്ളവർ എന്തുകൊണ്ട് മൊട്ടയടിക്കാനുള്ള ടാസ്ക് ആര്യൻ ഏറ്റെടുക്കുന്നില്ല എന്ന് ചോദിക്കാൻ തുടങ്ങി. പിന്നീട് കണ്ടത് ആര്യൻ എക്സ്പോസ്ഡ് ആവുന്ന കാഴ്ചയാണ്.
മുടി പോയാൽ തന്റെ ഗ്ലാമറിനെ ബാധിക്കുമെന്നും മൊട്ടയടിച്ച രൺബീർ കപൂർ ആയി മാറുമെന്നും ആദ്യം വാദിക്കാൻ ശ്രമിച്ച ആര്യൻ പിന്നീട് തങ്ങളുടെ വിശ്വാസപ്രകാരം അച്ഛൻ മരിക്കുമ്പോഴാണ് മുടി മൊട്ടയടിക്കുക എന്നും 1000 പോയിന്റുകൾക്കുവേണ്ടി വീട്ടുകാരുടെ ഇമോഷൻസിനെ മുറിവേൽപ്പിക്കാനാവില്ലെന്നും വാദിക്കാൻ ശ്രമിച്ചു. ഇതിനിടയിലെല്ലാം അനീഷിലേക്ക് മുടി വെട്ടാനുള്ള ടാസ്ക് സ്വിച്ച് ചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും അതൊന്നും നടക്കാതെ വന്നതോടെ ആര്യന്റെ ഈഗോ മുറിപ്പെടുന്നതും പിന്നാലെ ചൂടാവുന്നതും പരിഹാസ്യമായ വാദങ്ങൾ ഉന്നയിക്കുന്നതുമൊക്കെയാണ് കാണാനായത്.
5000 പോയിന്റുകൾ ആണെങ്കിൽ മുടി മുറിക്കാമെന്ന് പറഞ്ഞ ആര്യൻ തന്നെ ഇനി ആരും ഒരിക്കലും നോമിനേറ്റ് ചെയ്യില്ല എന്ന ഉറപ്പ് ലഭിക്കുമെങ്കിൽ മുടി മൊട്ടയടിക്കാമെന്നും പറഞ്ഞു. വീട്ടുകാർക്കുവേണ്ടി ജ്യൂസ് കുടിക്കാൻ താൻ തയ്യാറാണെന്ന ഡയലോഗ് കൂടിയായതോടെ ശുഭം.
ഏതായാലും മൂന്ന് ടാസ്കുകളും പൂർത്തിയാക്കാനാവാതെ വന്നതുകൊണ്ട് പണിപ്പുര ടാസ്ക്കിൽ അവർ പരാജയപ്പെടുകയും 1000 പോയിന്റുകൾ നഷ്ടമാകുകയും ചെയ്തു. പണിപ്പുര ടാസ്കിനായി എന്തും ത്യജിക്കാൻ തയാറായ പലരും വീട്ടിലുണ്ടായിരിക്കെ എല്ലാ ടാസ്കിലും എന്തുകൊണ്ടാണ് ആര്യനെയും ജിസേലിനെയും മാത്രം തെരഞ്ഞെടുക്കുന്നതെന്ന പ്രസക്തമായ ചോദ്യം അഭിലാഷ് ഉയർത്തിയതോടെ രംഗം ആകെമൊത്തം കലുഷിതമായി.
ആര്യനും ജിസേലും എക്സ്പോസ്ഡ് ആയ ടാസ്ക്കിൽ അനീഷിന്റെ ഗെയിം വീട്ടിലെ പലരുടെയും പ്രശംസ പിടിച്ചുപറ്റി. എന്നാൽ അനീഷ് ഹീറോ ആവരുതെന്ന നിർബന്ധം ഉള്ളതുകൊണ്ടാവണം അക്ബർ അനീഷിനുനേരെ വലിയ രീതിയിൽ പ്രകോപനങ്ങളുണ്ടാക്കുകയും ശാരീരികമായ കയ്യേറ്റത്തിലേക്കുവരെ നീങ്ങുന്ന തരത്തിൽ കാര്യങ്ങൾ പോവുകയും ചെയ്തു.
മറ്റുള്ള രണ്ടുപേരേക്കാളും മോശം ആൾ അനീഷാണ് എന്നതരത്തിലാണ് അക്ബർ സംസാരിച്ചത്. എന്നാൽ കൂട്ടത്തിലെ ഏറ്റവും കടുപ്പമുള്ള ടാസ്ക് ഏറ്റെടുത്ത അനീഷിനോട് ഈ തരത്തിൽ പ്രതികരിക്കേണ്ട
കാര്യമുണ്ടോ എന്നത് ചോദ്യമാണ്. ടാസ്ക് നഷ്ടമായതിന്റെ ഉത്തരവാദിത്തം മൂന്നുപേർക്കുമുണ്ടെന്ന് പറയുമ്പോഴും അതിൽ ഏറ്റവും കുറച്ച് ഉത്തരവാദിത്തമുള്ള ആൾ അനീഷ് തന്നെയാണ്.
കാരണം അനീഷ് അതിൽ ഒരു ടാസ്ക് ഏറ്റെടുക്കുകയും അത് ചെയ്യാൻ തയ്യാറാവുകയും ചെയ്തിരുന്നു. മറ്റുള്ള രണ്ടുപേരും ചേർന്ന് ബാക്കി തീരുമാനമെടുക്കേണ്ട
അവസ്ഥയിൽ കാര്യങ്ങൾ എത്തിയപ്പോൾ വേണമെങ്കിൽ ആര്യന് തല മൊട്ടയടിക്കാമായിരുന്നു. അങ്ങനെയെങ്കിൽ സീസൺ കഴിയുന്നതുവരെ അനീഷ് മിണ്ടാതിരിക്കേണ്ടി വരുകയും അഥവാ അത് ലംഘിക്കപ്പെട്ടാൽ ഇവർക്ക് അത് ചോദ്യം ചെയ്യാനുമുള്ള അവസരമുണ്ടാകുകയും ചെയ്തേനെ.
1000 പോയിന്റുകളും കിട്ടിയേനെ. അതൊന്നും ചെയ്യാതെ എല്ലാത്തിൽനിന്നും ഒഴിഞ്ഞുമാറിയ ആര്യനും ജിസേലിനും ഇല്ലാത്ത കുറ്റം അനീഷിന് ചാർത്തി നൽകുന്നത് അംഗീകരിക്കാനാവുന്നതല്ല.
വീട്ടിലെ ബിന്നി അടക്കമുള്ള പലരും ഈ വിഷയത്തിൽ അനീഷ് കളിച്ചത് ബുദ്ധിപരമായാണ് എന്ന അഭിപ്രായക്കാരുമാണ്. ഇതെല്ലാം കഴിഞ്ഞുള്ള അടുക്കളയിലെ സംസാരത്തിനിടയിൽ 1000 പോയിന്റുകൾക്ക് അച്ഛനെ വിഷമിപ്പിക്കാനാവില്ല എന്ന ആര്യന്റെ തൊടുന്യായം അനുമോൾ പൊളിക്കുകയും ചെയ്യുന്നുണ്ട്.
5000 പോയിന്റാണെങ്കിൽ നീ മുടി മുറിക്കുമായിരുന്നോ എന്ന അനുവിന്റെ ചോദ്യത്തിന് ചെയ്തേനെ എന്നാണ് ആര്യൻ പറഞ്ഞത്. അപ്പോൾ നിന്റെ അച്ഛന് വിഷമമാവില്ലേ എന്ന് അനു ചോദിക്കുമ്പോൾ തമാശ രൂപത്തിൽ എന്തൊക്കെയോ പറഞ്ഞ് കൈകഴുകുകയാണ് ആര്യൻ.
ഏതായാലും ഇന്നലത്തെ ബിഗ് ബോസ് ടാസ്ക് ആര്യൻ, ജിസേൽ എന്നിവരെ എക്സ്പോസ് ചെയ്യുന്നതും ഇരുവരുടെയും വീട്ടിലെ ഡോമിനൻസി പൊളിച്ചുകളയുകയും ചെയ്യുന്നതായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. എല്ലാ വിഷയത്തിലും ആര്യനും ജിസേലിനും മുൻതൂക്കം നൽകുന്ന വീട്ടിലെ പ്രവണത ഇനിയെങ്കിലും അവസാനിക്കുമോ എന്നാണ് അടുത്തതായി അറിയാനുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]