
ഇതുവരെ വ്യക്തതയില്ലാതിരുന്ന ക്രിപ്റ്റോ കറൻസികളുടെയും, വെർച്ച്വൽ ഡിജിറ്റൽ ആസ്തികളുടെയും കാര്യത്തിൽ കേന്ദ്രസർക്കാർ നീക്കുപോക്കിന് ഒരുങ്ങുന്നു. നികുതി വെട്ടിപ്പും കള്ളപ്പണവും തടയുന്നതിന് ഈ മേഖലയിൽ നിയമങ്ങളിൽ സുതാര്യത വേണം എന്ന ആവശ്യം ഏറെ നാളായുണ്ട്.
ക്രിപ്റ്റോ കറൻസികൾ അടക്കമുള്ള ഡിജിറ്റൽ ആസ്തികൾക്ക് പുതിയ നിയമം എന്നതാണ് ‘ക്രിപ്റ്റോ കോഡ്’ കൊണ്ട് ഉദ്ദേശിക്കുന്നത്. കടുത്ത നികുതികൾ, കൃത്യമായ നിയമങ്ങൾ ഇല്ലാത്തത്, ക്രിപ്റ്റോകളോടുള്ള റിസർവ് ബാങ്കിന്റെ വിമുഖത എന്നിവ മൂലം തകർന്ന ക്രിപ്റ്റോ വ്യവസായത്തിന് പ്രതീക്ഷയാണ് ഈ നീക്കം.
എന്തുകൊണ്ട് വീണ്ടുവിചാരം?
പല വിദേശ രാജ്യങ്ങളും ക്രിപ്റ്റോ കറൻസി, വെർച്ച്വൽ ഡിജിറ്റൽ ആസ്തി എന്നിവയിൽ ബഹുദൂരം മുന്നോട്ട് പോയപ്പോൾ ഇന്ത്യ നിയമനിർമാണം നടത്തിയില്ലെങ്കിൽ ശരിയാകില്ല എന്ന തോന്നലാണ് സർക്കാരിനെ ഇങ്ങനെ ഒരു നീക്കം നടത്താൻ പ്രേരിപ്പിച്ചത് എന്നാണ് സൂചന.
30 ശതമാനം നികുതി ഇവയ്ക്ക് ഇപ്പോഴുണ്ട്. അമേരിക്കയും, യുകെയും പല യൂറോപ്യൻ രാജ്യങ്ങളും ദുബായ്, സിംഗപ്പൂർ തുടങ്ങിയ ബിസിനസ് ഹബുകളും ക്രിപ്റ്റോ കറൻസികൾ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതിനാൽ ഇന്ത്യയിൽ നിന്ന് ക്രിപ്റ്റോ ബിസിനസ് കളം മാറുന്നത് സർക്കാരിന് തലവേദനയാകുന്നുണ്ട്.
ഒരു മേഖലയിലും ഇന്ത്യ പിന്നോട്ടാകരുത് എന്ന കേന്ദ്ര സർക്കാരിന്റെ നിര്ബന്ധ ബുദ്ധിയും ഇതിന് പിന്നിലുണ്ട്. പുതിയ നിയമ ചട്ടക്കൂട് വരികയാണെങ്കിൽ, അത് വ്യാപാരവും കൂട്ടും.
എല്ലാത്തിനും ഉപരിയായി ഡീഡോളറൈസേഷന് ശ്രമിക്കുന്ന ഇന്ത്യക്ക് ക്രിപ്റ്റോ കറൻസികൾ ‘തള്ളാൻ’ സാധിക്കാത്ത അവസ്ഥയിലുള്ള ആസ്തിയായി മാറി കഴിഞ്ഞു.
പാകിസ്ഥാന്റെ ക്രിപ്റ്റോ മുന്നേറ്റം
അമേരിക്കയുടെ സഹായത്തോടെ പാകിസ്ഥാൻ വലിയ ക്രിപ്റ്റോ ഹബ്ബായി മാറുമോ എന്ന പേടിയും ഇന്ത്യക്കുണ്ട്. പാകിസ്ഥാൻ ക്രിപ്റ്റോ കൗൺസിൽ (പിസിസി) രൂപീകരിച്ച് വെറും ആറ് ആഴ്ചയ്ക്കുള്ളിൽ, ഏപ്രിൽ 26ന്, പിസിസി വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ (ഡബ്ല്യുഎൽഎഫ്) എന്ന ക്രിപ്റ്റോകറൻസി കമ്പനിയുമായി പ്രധാന കരാറിൽ ഒപ്പുവച്ചു, അതിന്റെ 60% ഉടമസ്ഥാവകാശം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടുംബത്തിനാണ് എന്നുള്ള കാര്യവും ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
ബിറ്റ് കോയിൻ മൈനിങ് ഫാമുകൾ പാകിസ്ഥാനിൽ ഉടനീളം വരുന്നതും ഇന്ത്യ കാണുന്നുണ്ട്.
പഹൽഗാം അക്രമണത്തിലടക്കം തീവ്രവാദി ആക്രമണങ്ങളിൽ ക്രിപ്റ്റോ കറൻസികളുടെ പങ്ക് സർക്കാർ കണ്ടെത്തിയിട്ടുള്ളതിനാൽ, ഇന്ത്യയിൽ അവയെ കൂടുതൽ നിയമപരവും ജനകീയവുമാക്കിയാൽ തീവ്രവാദി ഫണ്ടിങ് ഉറവിടം വേഗത്തിൽ കണ്ടെത്താൻ സാധിക്കും. ക്രിപ്റ്റോ കറൻസികളേക്കാൾ കൂടുതലായി ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ വികസിക്കുന്നതിനാൽ മാറി നിൽക്കാനും ഇന്ത്യക്കാകില്ല.
ചുരുക്കി പറഞ്ഞാൽ അമേരിക്കയുടെ ചുങ്കം ഏർപ്പെടുത്തൽ മുതൽ പാകിസ്ഥാനുമായുള്ള ട്രംപ് കുടുംബത്തിന്റെ ക്രിപ്റ്റോ ഇടപാടുകൾ വരെ പല സംഭവ വികാസങ്ങളും ക്രിപ്റ്റോ കറൻസി മേഖലയിൽ നിയമ നിർമ്മാണത്തിന് സർക്കാരിനെ പ്രേരിപ്പിക്കുന്നു.
മാറുന്ന സാമ്പത്തിക ലോകത്തിൽ ഇന്ത്യയും ക്രിപ്റ്റോരംഗത്ത് മുന്നേറണം എന്ന ശക്തമായ കാഴ്ചപ്പാടും പുതിയ ക്രിപ്റ്റോ കോഡ് കൊണ്ടുവരുന്നതിന് പിന്നിലുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]