
വടശേരിക്കര ∙ വനത്തിനുള്ളിൽ സൗരോർജ വേലി കെട്ടി കാട്ടുമൃഗങ്ങളെ നാട്ടിലേക്ക് ഓടിക്കുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധത്തിനു കോൺഗ്രസ് ഒരുങ്ങുന്നു. കുമ്പളത്താമൺ മേഖലയിൽ സ്ഥലവാസികളുടെ ജീവിതത്തിന് ഭീഷണി ഉയർത്തുന്നതിന്റെ പ്രധാന കാരണം വനം വകുപ്പിന്റെ ഈ നീക്കങ്ങളാണെന്നാരോപണം.
വന്യമൃഗങ്ങളുടെ സഞ്ചാരത്തിനു തടസ്സമായി നിൽക്കുന്ന വേലികൾ നീക്കം ചെയ്തില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് റാന്നി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ സിബി താഴത്തില്ലത്ത് രംഗത്ത്.
വടശേരിക്കര വനം റേഞ്ചിന്റെ പരിധിയിൽ വരുന്ന അടുകുഴിയിൽ ഉൾവനത്തിൽ 40 ഹെക്ടറോളം വനഭൂമിയിൽ മൂന്ന് മീറ്റർ ഉയരത്തിൽ വനം വകുപ്പ് സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള തേക്ക് പ്ലാന്റേഷന്റെ സംരക്ഷണത്തിനാണ് വേലി സ്ഥാപിച്ചത്.
അടിക്കാടുകൾ നീക്കം ചെയ്തു കൃത്യമായി വനം വകുപ്പ് വേലി സംരക്ഷിക്കുന്നതിനാൽ ഈ പ്രദേശത്ത് കാട്ടു മൃഗങ്ങളുടെ യാത്ര പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതേ വനം വകുപ്പാണ് മൃഗങ്ങളുടെ സഞ്ചാര പാതയ്ക്ക് തടസ്സമാകുമെന്ന പേരിൽ നാടും കാടും വേർതിരിച്ച് വേലി സ്ഥാപിക്കുന്നതിനെ എതിർക്കുന്നതെന്നാണ് കോൺഗ്രസിന്റെ പരാതി.
പ്ലാന്റേഷനിലെ തേക്ക് മരങ്ങൾ 10 ഇഞ്ചോളം വണ്ണത്തിൽ വളർന്നിട്ടും വേലി മാറ്റാൻ വനംവകുപ്പ് തയാറായിട്ടില്ല.
വനത്തിനുള്ളിൽ വേലി സ്ഥാപിച്ച് മൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയിൽ നിന്നു പുറത്താക്കിയതിനാലാണ് വന്യമൃഗങ്ങൾ പതിവായി ജനവാസ മേഖലയിൽ ഇറങ്ങാൻ കാരണമെന്നു കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. ഈ പ്രദേശത്തു നിന്നു പുറത്താക്കപ്പെട്ട
മൃഗങ്ങളാണ് കുമ്പളത്താമൺ മേഖലയിൽ പതിവായി ഇറങ്ങുന്നത്. മാസങ്ങളായി ഈ പ്രദേശത്ത് കാട്ടാനകൾ കൂട്ടത്തോടെ തമ്പടിക്കുകയാണ്.
സന്ധ്യ കഴിഞ്ഞാൽ കാട്ടാനകൾ കൃഷിയിടങ്ങളിലും റോഡിലുമാണ്.
വനത്തിനോടു ചേർന്ന പ്രദേശങ്ങളിൽ തദ്ദേശവാസികൾ കൃഷി ഉപേക്ഷിച്ചിട്ട് വർഷങ്ങളായി. ഈ സ്ഥിതി തുടർന്നാൽ വീടുകൾ കൂടി ഉപേക്ഷിച്ച് കുടിയിറങ്ങേണ്ട
സാഹചര്യമാണ്. വനം വകുപ്പിന്റെ ഈ നടപടിയിൽ പ്രമോദ് നാരായൺ എംഎൽഎ അടക്കമുള്ളവരുടെ ഇടപെടൽ കാര്യക്ഷമമല്ലെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]