
ചരക്കു-സേവന നികുതിയിൽ (ജിഎസ്ടി) നിന്ന് 12%, 28% സ്ലാബുകൾ ഒഴിവാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന് ആറംഗ മന്ത്രിതല സമിതിയുടെ പച്ചക്കൊടി. ജിഎസ്ടി നിരക്കുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയാണ് കേന്ദ്രത്തിന്റെ ശുപാർശ അംഗീകരിച്ചത്.
സംസ്ഥാന ധനമന്ത്രിമാരും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഉൾപ്പെടുന്ന ജിഎസ്ടി കൗൺസിലിന്റെ നിർദേശപ്രകാരം രൂപീകരിച്ച ഉപസമിതിയാണിത്.
ദീപാവലിക്ക് വൻ സർപ്രൈസ് ആയി ജിഎസ്ടി ഘടന പരിഷ്കരിക്കുമെന്നും ജനങ്ങൾ നിത്യേന വാങ്ങുന്ന ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കുമെന്നും സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. സംസ്ഥാന മന്ത്രിമാർ ഉൾപ്പെടുന്ന മന്ത്രിതല സമിതിയിൽനിന്ന് പച്ചക്കൊടി കിട്ടിയതോടെ, വൈകാതെ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗവും കേന്ദ്രത്തിന്റെ ശുപാർശ അംഗീകരിക്കാനുള്ള സാധ്യതയേറി.
ജിഎസ്ടി കൗൺസിലാണ് ശുപാർശകളിന്മേൽ അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്.
ബിഹാർ ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ മന്ത്രിതല സമിതിയിൽ ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് കുമാർ ഖന്ന, രാജസ്ഥാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്, കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ എന്നിവരും കേരളത്തിന്റെ ധനമന്ത്രി കെ.എൻ. ബാലഗോപാലുമാണ് അംഗങ്ങൾ.
ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്കും കർഷകർക്കും ഇടത്തരം കുടുംബങ്ങൾക്കും എംഎസ്എംഇ സംരംഭകർക്കും ആശ്വാസമാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. ഇതിൽനിന്ന് 12%, 28% സ്ലാബുകൾ ഒഴിവാക്കും.
12% സ്ലാബിലെ ഉൽപന്ന/സേവനങ്ങളെ 5 ശതമാനം സ്ലാബിലേക്കും 28% സ്ലാബിലെ ഒട്ടുമിക്കവയെയും 18% സ്ലാബിലേക്കും മാറ്റും. അതോടെ നിരവധി ഉൽപന്ന/സേവനങ്ങൾക്ക് വില കുറയും.
എന്നാൽ, നിലവിൽ 28% സ്ലാബിലുള്ള ആഡംബര വസ്തുക്കൾ/സേവനങ്ങൾ, സിഗററ്റ് പോലെ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട
ഉൽപന്നങ്ങൾ എന്നിവയ്ക്കായി 40% എന്ന പ്രത്യേക സ്ലാബ് രൂപീകരിക്കും. ഇതിനും മന്ത്രിതല സമിതി അംഗീകാരം നൽകി.
ഇത്തരം ഉൽപന്ന/സേവനങ്ങളുടെ വില കൂടും. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കണമെന്ന നിർദേശത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.
ഇവയുടെ ജിഎസ്ടി ഒഴിവാക്കുന്നതുവഴി 9,700 കോടി രൂപയുടെ നികുതിവരുമാന നഷ്ടമുണ്ടാകും. എങ്കിലും, പരിഷ്കാരവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രനീക്കം.
നിലവിൽ 18 ശതമാനമാണ് ഇൻഷുറൻസ് പ്രീമിയത്തിന് നികുതി. 2023-24ൽ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിൽ നിന്ന് 8,263 കോടി രൂപയും ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിൽ നിന്ന് 1,484 കോടി രൂപയും നികുതിവരുമാനമാണ് ലഭിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]