
കുഴൽമന്ദം ∙ സ്വന്തം അധ്വാനത്തിലൂടെ ഈ ഓണത്തിനു പച്ചക്കറി വിളവെടുപ്പിനൊരുങ്ങുകയാണു സിപിഎം ലോക്കൽ സെക്രട്ടറി കെ.ശിവരാമൻ. കർഷകനായ ഇദ്ദേഹം പൊതുപ്രവർത്തനത്തിനിടെയാണു പച്ചക്കറിക്കൃഷിയും ചെയ്യുന്നത്.
ജില്ലാ പ്രിന്റിങ് പ്രസ് വൈസ് പ്രസിഡന്റ്, ആലത്തൂർ കാർഷിക വികസന ബാങ്ക് ഡയറക്ടർ, കെഎസ്കെടിയു കുഴൽമന്ദം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട് നൊച്ചുള്ളി ചെന്നക്കോട് സ്വദേശിയായ ശിവരാമൻ.
15 വർഷമായി കൃഷിയിടങ്ങൾ പാട്ടത്തിനെടുത്താണു പച്ചക്കറിക്കൃഷി. നിത്യേന പുലർച്ചെ നാലരയ്ക്ക് എണീറ്റ് നടത്തം.
പിന്നെ കൃഷിയിടത്തിലേക്ക്. പാർട്ടി പരിപാടികൾ ഉണ്ടെങ്കിൽ സമയം അതിനനുസരിച്ചു ക്രമീകരിക്കും.
കൃഷിയിടത്തിലെ ചെറിയ പണികളെല്ലാം സ്വയം ചെയ്യും. ഒന്നര ഏക്കറിൽ മഞ്ഞളും അരയേക്കറിൽ ഇഞ്ചിക്കൃഷിയും ഒരേക്കറിൽ നെൽക്കൃഷിയും ചെയ്തുവരുന്നു.
ഏപ്രിൽ, മേയ് മാസങ്ങളിലാണു മഞ്ഞൾക്കൃഷിയുടെ പാത്തിമാടൽ (വരിവരിയായി മണ്ണു കൂനകൂട്ടൽ). ഇതിനകം രണ്ടു തവണ പുല്ലു പറിച്ചു വളമിടും.
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണു വിളവെടുപ്പ്.
പച്ചമഞ്ഞളിനു കിലോയ്ക്ക് 40 രൂപയും മഞ്ഞളിന് 190 രൂപയും ലഭിക്കും. പ്രാദേശിക ഇടനിലക്കാരാണ് വാങ്ങാനെത്തുക.
പയർ, വെണ്ടയ്ക്ക, വഴുതിന, ചീര എന്നിവ ഇടവിളയായും കൃഷി ചെയ്യുന്നുണ്ട്. ഇവയാണ് ഓണത്തിന് വിളവെടുക്കുന്നത്.
പൊതുപ്രവർത്തനവും കൃഷിയും ഒരുമിച്ച് ആരോഗ്യമുള്ള കാലംവരെ മുന്നോട്ടുകൊണ്ടുപോകാനാണു ശിവരാമനു താൽപര്യം. ഭാര്യ ജയന്തിയും താങ്ങായി ഒപ്പമുണ്ട്.
സൈനികോദ്യോഗസ്ഥരായ തേജസ്, ജിതിൻ, ചെന്നൈയിലെ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ ജിതേഷ് എന്നിവർ മക്കളാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]