
പാലക്കാട്: ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി രാഷ്ട്രീയ യുവജന സംഘടനകള്‍. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും സിപിഎം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തി.
വിവിധയിടങ്ങളിൽ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ആരംഭിച്ചു.
രാഹുലിന്റെ പാലക്കാടുള്ള എംഎൽഎ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോർച്ച പ്രവർത്തകർ സമരം നടത്തിയത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഡിവൈഎഫ്ഐയും പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് പ്രകടനം നടത്തി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലക്സിന് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ജീവനക്കാരെ മർദിച്ചെന്നും ആരോപണമുണ്ട്.
ഓഫീസ് ബോർഡ് മറിച്ചിട്ട പ്രതിഷേധക്കാർ ബോർഡിൽ കരിയോയിൽ ഒഴിക്കുകയും കോലം കത്തിക്കുകയും ചെയ്തു.
ഓഫീസ് ആക്രമിക്കാൻ പൊലീസ് കൂട്ടുനിന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചു ഇന്ന് വൈകുന്നേരം നാലിന് കോണ്‍ഗ്രസ് പ്രവർത്തകർ പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം മാത്രം രാജിവച്ചാൽ പോരെന്നും നിയമസഭ അംഗത്വം രാജിവെക്കണമെന്ന് ഇ പി ജയരാജന് ആവശ്യപ്പെട്ടു. അയാള്‍ രാഷ്ട്രീയത്തിൽ നിൽക്കാൻ അയോഗ്യനാണ്.
സ്ത്രീകളോടെല്ലാം മാപ്പ് പറയണമെന്നും ഇ പി ജയരാജന് ആവശ്യപ്പെട്ടു. ഏത് സ്ത്രീക്കും പരാതി പറയാനും നിയമസഹായം തേടാനുമുള്ള സാഹചര്യം നിലവിലുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.
അതിനുള്ള ആർജ്ജവം സ്ത്രീകൾ കാണിക്കണം. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്നും പി സതീദേവി പറഞ്ഞു.
രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. രാഹുലിനെതിരെ പൊലീസ് കേസ് എടുക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിൽ ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് നാണക്കേടെന്ന് കെ കെ ശൈലജ എംഎൽഎ പറഞ്ഞു. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്നത് ഗുരുതര ആരോപണമാണ്.
കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല വിഷയമെന്നും കെ കെ ശൈലജ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഐഡികൾ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ കേട്ടാലറക്കുന്ന ഭാഷയില്‍ പ്രതികരണങ്ങള്‍ നടത്തുന്നൊരു സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിലുണ്ടെന്നും കെകെ ശൈലജ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]