
പുൽപള്ളി ∙ ചേകാടി സ്കൂളിൽനിന്നു വനംവകുപ്പ് പിടികൂടി വെട്ടത്തൂർ വനപ്രദേശത്ത് ഇറക്കിവിട്ട കുട്ടിയാന കർണാടക വനപാലകർക്കും തലവേദനയായി.
3 മാസം മാത്രം പ്രായമുള്ള കുട്ടിയാന തള്ളയാനയുടെ സാമീപ്യമില്ലാതെ അതിജീവിക്കാൻ സാധ്യത കുറവാണെന്ന വിലയിരുത്തലിയാണു കർണാടക വനംവകുപ്പ്. നിലവിൽ കർണാടക വനംവകുപ്പിന്റെ സംരക്ഷണയിൽ വെള്ളയിലെ ക്യാംപിലാണു കുട്ടിയാനയുള്ളത്.
ക്യാംപിൽവച്ച് കുട്ടിയാനയ്ക്ക് എന്തെങ്കിലും പറ്റിയാൽ തങ്ങൾ മറുപടി പറയേണ്ടിവരുമെന്നതാണു കർണാടക വനപാലകരുടെ ആശങ്ക. ശക്തമായ ഒഴുക്കുള്ള കബനിപ്പുഴ നീന്തി ഒറ്റയ്ക്ക് കുട്ടിയാന എത്താൻ സാധ്യതയില്ലെന്ന നിലപാടിലാണവർ.
കേരളത്തിലെ ഉദ്യോഗസ്ഥർ കബനി കടത്തിവിട്ട് ഭാരം ഒഴിവാക്കിയതാവാമെന്ന ഗുരുതര ആരോപണമാണുന്നയിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലെയും വനപാലകർ തമ്മിൽ നടന്ന സന്ധിസംഭാഷണത്തിലും പ്രശ്നപരിഹാരമായിട്ടില്ല.
ബൈരക്കുപ്പ കടഗദ്ദയിൽ ജനവാസമേഖലയിലെത്തിയ ആനക്കുട്ടിയെ വനപാലകർ ഏറ്റെടുത്ത് വെള്ളയിലെ ആന ക്യാംപിലെത്തിച്ചു പരിചരിച്ചു വരുന്നു.
ചെറിയ തോതിൽ ക്ഷീണമുള്ള കുട്ടിയാനയെ തള്ളയാനയുടെ സാമിപ്യമില്ലാതെ വളർത്താനാവില്ലെന്നാണ് വിലയിരുത്തൽ. ആട്ടിൻപാൽ നൽകിയാണിപ്പോൾ ഉഷാറാക്കി നിർത്തുന്നത്.
കബനിയുടെ കരയിൽ ആനക്കുട്ടിയുടെ കാലടികളും കടന്നുപോയ റൂട്ടും വനപാലകർ കണ്ടെത്തിയിരുന്നു. 3 മാസം പ്രായമുള്ള കുട്ടിയാനകളെ ഭക്ഷണം, മരുന്ന് എന്നിവയിലൂടെ മാത്രം സംരക്ഷിക്കാനാവില്ലെന്നും തള്ളയാനയുടെ സാമീപ്യം അത്യാവശ്യമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
തള്ളയാനയെ കണ്ടെത്തിയാൽ കുട്ടിയെ അതിന്റെകൂടെ വിടാമെന്നും ആ ദൗത്യത്തിൽ തങ്ങളും സഹകരിക്കാമെന്നുമാണ് കർണാടക വനപാലകരുടെ നിലപാട്.
ചേകാടി, പാതിരി വനപ്രദേശത്തെല്ലാം തിരച്ചിൽ നടത്തിയെങ്കിലും തള്ളയാനയെ കണ്ടെത്താനായില്ലെന്ന് റേഞ്ച്ഓഫിസർ വ്യക്തമാക്കി. വനാതിർത്തിയിൽ ആനക്കുട്ടിയെ കണ്ടതുമുതലുള്ള വിശദ റിപ്പോർട്ട് തയാറാക്കി നൽകുമെന്നും അറിയിച്ചു.
കുട്ടിയാന വരുത്തിയ കൗതുകവും ആകാംക്ഷയും ഇപ്പോൾ രണ്ട് സംസ്ഥാനത്തെ വനപാലകർ തമ്മിലുള്ള തെറ്റിദ്ധാരണയ്ക്കും അസ്വാരസ്യങ്ങൾക്കും വഴിമരുന്നായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]