
കാഞ്ഞിരപ്പുഴ ∙ മുണ്ടക്കുന്ന് സ്കൂളിനു സമീപത്തെ അഴുക്കുചാൽ നിർമാണം പാതിവഴിയിൽ. മഴ പെയ്താൽ ഇവിടെ റോഡിൽ വെള്ളക്കെട്ടാണ്. പിന്നെ, കാൽനടയാത്ര പോലും ദുഷ്കരം.
സാങ്കേതിക തടസ്സമാണു പ്രതിസന്ധിക്കു കാരണമെന്നാണു കരാറുകാരൻ പറയുന്നത്. പ്രശ്നം പരിഹരിച്ച് ഉടൻ പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്. അമ്പാഴക്കോട് – കാഞ്ഞിരപ്പുഴ റൂട്ടിലാണ് ഈ ദുരവസ്ഥ.
റോഡിന്റെ ഇരുവശവും അഴുക്കുചാൽ ഇല്ലാത്തതിനാൽ ചെറുമഴ പെയ്താൽ പോലും റോഡിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വർഷങ്ങളായി ഇതേ അവസ്ഥ തന്നെയാണ്.
രണ്ട് സ്കൂളുകളിലേക്കായി നൂറുകണക്കിനു കുട്ടികളാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്.
സ്വകാര്യ ബസ് അടക്കം ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങളും ഇതുവഴി ഗതാഗതം നടത്തുന്നുണ്ട്. മഴക്കാലത്ത് ഏറെ ദുരിതം അനുഭവിച്ചാണു യാത്ര. പരാതികളെത്തുടർന്നു പൊതുമരാമത്തു വകുപ്പിൽ നിന്ന് 50 ലക്ഷം രൂപ ഫണ്ട് വകയിരുത്തി കഴിഞ്ഞ ജൂണിൽ അഴുക്കുചാൽ നിർമാണം ആരംഭിച്ചു. ഇതോടെ വെള്ളക്കെട്ടിനു പരിഹാരമാകുമെന്ന വിശ്വാസത്തിലായിരുന്നു ജനങ്ങൾ.
റോഡിന്റെ ഇരുവശത്തും അഴുക്കുചാൽ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി തടസ്സപ്പെട്ടു കിടക്കുകയാണ്.
ചാൽനിർമാണം പൂർത്തിയാകണമെങ്കിൽ റോഡരികിലെ മരം മുറിക്കണമെന്നാണു കരാറുകാരൻ പറയുന്നത്. മരം മുറിച്ചുനീക്കുന്നതിലെ കാലതാമസം തുടർപ്രവൃത്തികളെയും ബാധിച്ചു. മരം മുറിക്കാനായി പിഡബ്ല്യുഡിയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
സാങ്കേതിക തടസ്സങ്ങൾ വേഗം പൂർത്തിയാക്കി അഴുക്കുചാലും കലുങ്കു നിർമാണവും പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]