
റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ ഇന്ത്യയ്ക്കുമേൽ തീരുവ ഇനിയും കൂട്ടുമെന്ന മുന്നറിയിപ്പുമായി യുഎസ്. ഇന്ത്യയ്ക്കുമേൽ കൂടുതൽ തീരുവ ആലോചിക്കുന്നുണ്ടെന്നും റഷ്യൻ എണ്ണ വാങ്ങിക്കുന്നതിനുള്ള രണ്ടാംഘട്ട
ഉപരോധ പ്രഖ്യാപനത്തിന്റെ ഭാഗമായിരിക്കും അതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയുടേത് ‘അവസരവാദ നിലപാട്’ ആണെന്ന പ്രകോപനം നിറഞ്ഞ വിമർശനമാണ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും നടത്തിയത്. ട്രംപും രാജ്യാന്തരതലത്തിലെ മറ്റ് പ്രമുഖ നേതാക്കളും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പരിശ്രമിക്കുമ്പോൾ റഷ്യയ്ക്ക് യുദ്ധത്തിന് കൂടുതൽ ഊർജം പകരുന്ന നടപടിയാണ് ഇന്ത്യയുടേതെന്നും നവാരോ പറഞ്ഞു.
അതേസമയം, അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് പുട്ടിനെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കുകയും ഇന്ത്യയേക്കാൾ കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയ്ക്കുമേൽ താരിഫ് നടപടികൾ എടുക്കാതിരിക്കുകയും ചെയ്യുന്ന യുഎസിന്റെ ‘ഇരട്ടത്താപ്പ്’ ചർച്ചകൾ സൃഷ്ടിക്കുകയും വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ബെസ്സന്റ് നൽകിയ വിചിത്ര മറുപടി ഇങ്ങനെ : ‘‘റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുൻപേതന്നെ ചൈന റഷ്യൻ എണ്ണ വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രസിഡന്റ് ട്രംപ് അതിനെ ഗൗരവമായി കാണുന്നില്ല’’.
ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ കുറഞ്ഞവിലയ്ക്ക് എണ്ണ വാങ്ങുകയും റഷ്യയ്ക്ക് ആവശ്യമായ ഡോളർ നൽകുകയുമാണെന്ന് ഇന്ത്യയ്ക്കുമേൽ കനത്ത തീരുവ ഈടാക്കുന്നതിനുള്ള ന്യായീകരണമായി അമേരിക്ക പറയുന്നു.
അതേസമയം, 2025ന്റെ ആദ്യ പകുതിയിൽ ചൈനയുടെ റഷ്യൻ എണ്ണ ഇറക്കുമതി ഉയർന്നത് മൊത്തം എണ്ണ ഇറക്കുമതിയുടെ 46 ശതമാനമായാണ്. 2022ൽ യുദ്ധം ആരംഭിക്കുംമുൻപ് റഷ്യയുടെ വിഹിതം 34% മാത്രമായിരുന്നു.
ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 36 ശതമാനമാണ് റഷ്യൻ എണ്ണ.
ട്രംപിന് ഷിയെ കാണണം; പിണക്കാനാവില്ല
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമത്തിലാണ് യുഎസ് പ്രസിഡന്റ് ട്രംപ്. ഈ സാഹചര്യത്തിൽ റഷ്യൻ എണ്ണയുടെ പേരിൽ ഷിയെ പിണക്കിയാൽ ഉച്ചകോടി മോഹം അസ്തമിക്കും.
മാത്രമല്ല, തീരുവ കൂട്ടിയാൽ ചൈന അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള സാധ്യതയുമേറെ. നേരത്തേ ചൈനയ്ക്കുമേൽ ട്രംപ് 145% തീരുവ പ്രഖ്യാപിച്ചപ്പോൾ യുഎസ് ഉൽപന്നങ്ങൾക്കുമേൽ ചൈന 125% തീരുവ ചുമത്തി തിരിച്ചടിച്ചിരുന്നു.
അപൂർവ മൂലകങ്ങൾ (റെയർ എർത്ത്) ഉൾപ്പെടെ ഉറപ്പാക്കാനായി ചൈനയുമായി വ്യാപാരക്കരാർ സാധ്യമാക്കുകയാണ് യുഎസിന്റെ ലക്ഷ്യം.
വ്യവസായിക ആവശ്യത്തിനു പുറമെ സൈനിക ആവശ്യങ്ങൾക്കും യുഎസിന് ഏറെ അനിവാര്യമാണ് ചൈനയുടെ അപൂർവ മൂലകങ്ങൾ. ചൈന-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ നേരത്തേ സമവായമില്ലാതെ പിരിഞ്ഞിരുന്നു.
തുടർ ചർച്ചകൾക്കായി ട്രംപ് 90 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിലവിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് യുഎസ് 30% തീരുവയാണ് ഈടാക്കുന്നത്.
ചൈന തിരികെ 10 ശതമാനവും. ഇന്ത്യയ്ക്കുമേൽ ട്രംപ് 25% തീരുവയ്ക്ക് പുറമെ റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള പിഴയായി 25% കൂടി പ്രഖ്യാപിച്ചാണ് മൊത്തം 50 ശതമാനമാക്കിയത്.
ട്രംപിനെ പ്രകോപിപ്പിച്ചതെന്ത്?
സമാധാന ചർച്ചകൾക്ക് പുട്ടിനെ നിർബന്ധിതനാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയ്ക്കുമേൽ കനത്ത തീരുവ ഈടാക്കിയതെന്ന ന്യായവും അമേരിക്ക പറയുന്നുണ്ട്.
അതേസമയം, യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾതന്നെ വ്യക്തമാക്കുന്നത് ഇന്ത്യ റഷ്യൻ എണ്ണയുടെ രണ്ടാമത്തെ മാത്രം വലിയ ഉപഭോക്താവ് ആണെന്നാണ്. 2025ന്റെ ആദ്യ പകുതിയിൽ പ്രതിദിനം 16 ലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങിയത്.
ചൈന വാങ്ങിയത് 20 ലക്ഷം വീതം.
അമേരിക്കയുടെ നടപടി അന്യായമാണെന്ന് ഇന്ത്യ വിമർശിച്ചിരുന്നു. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇപ്പോഴും റഷ്യയുമായി വ്യാപാരബന്ധം തുടരുന്നുണ്ടെന്നിരിക്കേ, ഇന്ത്യയ്ക്കുമേൽ നടപടിയെടുക്കുന്നത് ഇരട്ടത്താപ്പാണെന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു.
ആണവ വ്യവസായ മേഖലയ്ക്കുള്ള യുറേനിയം ഹെക്സാഫ്ലൂറൈഡ്, ഇലക്ട്രിക് വാഹന നിർമാണത്തിന് അനിവാര്യമായ പലേഡിയം എന്നിവ കൂടാതെ വളം, കെമിക്കലുകൾ തുടങ്ങിയവ അമേരിക്ക റഷ്യയിൽ നിന്ന് വാങ്ങുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി.
∙ അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക് തീരുവയിളവ് നൽകി, വിപണി തുറന്നുകൊടുക്കാൻ ഇന്ത്യ കാട്ടുന്ന വിമുഖതയാണ് ട്രംപിനെ പ്രകോപിപ്പിച്ച മറ്റൊരു ഘടകമെന്ന് വിലയിരുത്തുന്നു.
അമേരിക്കയുടെ സോയാബീൻ, ചോളം തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ വിപണിപിടിക്കുകയാണ് ട്രംപിന്റെ പ്രധാനലക്ഷ്യം. ക്ഷീര വിപണിയിലേക്ക് കടന്നുകയറാനുള്ള ട്രംപിന്റെ മോഹത്തിനും വ്യാപാര ചർച്ചകളിൽ ഇന്ത്യൻ സംഘം തടയിട്ടിരുന്നു.
∙ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ വാദം ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നു മാത്രമല്ല, തള്ളുകയും ചെയ്തിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]