
ചെറുതോണി ∙ അടുത്ത ബന്ധുവിന്റെ ചികിത്സയ്ക്ക് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ വീട്ടമ്മയ്ക്കുണ്ടായ ദുരനുഭവം അവർ സമൂഹമാധ്യമത്തിൽ കുറിച്ചത് ചർച്ചയാകുന്നു. ‘സിസ്റ്റത്തിന്റെ’ പ്രതികാര നടപടികൾ ഓർത്ത് പേരു വെളിപ്പെടുത്താൻ ഭയമുണ്ടെന്ന് തടിയമ്പാട് സ്വദേശിനിയായ ഇവർ പറയുന്നു.
ഇത്തരമൊരു അനുഭവം ആർക്കും വരാതിരിക്കട്ടെ എന്നു പറഞ്ഞ് അവർ കുറിച്ച പോസ്റ്റ് ഇങ്ങനെ:
ചികിത്സയല്ല, പരീക്ഷണം
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ ആദ്യ ദിവസം പ്രായമായ പിതാവിനെ ഓക്സിജൻ കുറവായതു കൊണ്ട് ഐസിയുവിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഓക്സിജൻ നില ശരിയായി.
വീണ്ടും അവശതയിലായി. പിന്നീട് മെഡിക്കൽ കോളജ് സിസ്റ്റത്തിന്റെ ദുരവസ്ഥ പിടികിട്ടി.
രാവിലെ വരുന്ന ഡോക്ടർ അല്ല ഉച്ചയ്ക്ക് ശേഷം വരുന്നത്. പിറ്റേന്ന് മറ്റൊരാൾ.
ഒരു ഡോക്ടറോട് കാര്യം തിരക്കിയാൽ ആദ്യം വന്ന ഡോക്ടറോട് ചോദിക്കട്ടെ എന്നു മറുപടി.
അങ്ങനെ എട്ടു ദിവസം കൊണ്ട് വന്നുപോയത് ഒരു ഡസനോളം ഡോക്ടർമാർ. അപ്പോഴാണ് കാര്യം വ്യക്തമായത്.
ഡോക്ടറും നഴ്സും ആകാൻ പഠിക്കുന്ന ഇവർക്കെല്ലാം രോഗി വെറുമൊരു പരീക്ഷണ വസ്തു മാത്രം. ചികിത്സ മുറയ്ക്ക് നടക്കുമ്പോഴും ഓരോ ദിവസവും രോഗിയുടെ നില കൂടുതൽ വഷളായി തുടങ്ങിയതോടെ ഞങ്ങൾക്കു വെപ്രാളമായി.
രോഗത്തിന്റെ പേര് ഡോക്ടർക്കു തോന്നുന്നത്
ഡോക്ടർമാർ ഓരോരോ കാരണമാണ് ഓരോ ദിവസവും പറയുന്നത്. മരുന്ന് കൊടുത്തതിന്റെ മയക്കമാണെന്നു രാവിലെ പറഞ്ഞാൽ ചുമയുടെയും കഫക്കെട്ടിന്റെയും പ്രശ്നമാണെന്നാകും ഉച്ചകഴിഞ്ഞു വരുന്നവർ പറയുക.
പിന്നെ മറ്റൊരു കൂട്ടർ ന്യൂമോണിയയുടെ ആരംഭമാണെന്നും പറഞ്ഞു.
ഇതിനിടയിൽ രോഗിക്ക് നേർത്ത ഹൃദയാഘാതം ഉണ്ടായതായും ‘ഡോക്ടർമാർ’ സ്ഥിരീകരിച്ചു. ഇതോടെ അവസ്ഥ മോശമായെന്നും വെന്റിലേറ്ററിലേക്ക് മാറ്റാൻ പോകുകയാണെന്നും അറിയിപ്പു കിട്ടി.
ഇതിനിടയിൽ രോഗിക്കു വെള്ളം കൊടുത്തപ്പോൾ വായിൽനിന്നു രക്തം വന്നു. ഹൃദയാഘാതത്തിനു മരുന്നു കൊടുത്തതിന്റെ ഫലമായി തൊണ്ടയിൽ അൾസർ വന്നതായിരിക്കുമെന്നാണ് ഡോക്ടറുടെ മറുപടി.
അപകടമാണെന്നു തോന്നിയതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ആംബുലൻസിൽ രോഗിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ കഫക്കെട്ടു കൂടി ഇൻഫക്ഷൻ ആയതായിരുന്നു പ്രശ്നം.
മികച്ച ചികിത്സ കിട്ടി രോഗി അൽപം സുഖം പ്രാപിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെഡിക്കൽ കോളജിൽ പ്രശ്നങ്ങൾ
ആശുപത്രിയിലെ ഐസിയുവും വെന്റിലേറ്ററും ഓപ്പറേഷൻ തിയറ്ററും മറ്റും താഴെ പഴയ ബ്ലോക്കിലാണെങ്കിൽ ലാബും എക്സ് റേ യൂണിറ്റും ഫാർമസിയും എല്ലാം മലമുകളിലെ ബ്ലോക്കിൽ. രോഗിക്ക് എക്സ് റേ എടുക്കണമെങ്കിൽ ആദ്യം മുകളിലെ ബ്ലോക്കിൽ പോയി സമയം കുറിക്കണം.
പിന്നീട് തിരികെ പഴയ ആശുപത്രിയിൽ വന്ന് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസ് വരാൻ കാത്തിരിക്കണം.
ബ്ലഡ് പരിശോധനയാണെങ്കിൽ ഓരോന്നിനും ഓരോ തവണയും താഴേക്കും മുകളിലേക്കും കയറി ഇറങ്ങേണ്ടി വരും. മരുന്ന് വാങ്ങുന്നതിനും ഇങ്ങനെ തന്നെ. മെഡിക്കൽ കോളജിലെ ഐസിയുവിൽ രോഗിയുടെ കൂടെ നിൽക്കുന്നതിനും പരിചരിക്കുന്നതിനുമെല്ലാം ബന്ധുക്കൾ വേണ്ടി വരും. ആധുനിക ആശുപത്രികളിലെ ഐസിയുവിനു സമീപത്തു പോലും ആരേയും അടുപ്പിക്കില്ലെന്നു ഓർക്കണം.
ഫാർമസിയും ലാബുകളും സ്കാനിങ് മെഷീനുകളും എല്ലാം അടുത്തടുത്ത് ഒരു കെട്ടിടത്തിൽ തന്നെ പ്രവർത്തിപ്പിക്കണമെന്നും യുവതി ആവശ്യപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]