
മ്യൂള്‍ അക്കൗണ്ടുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വാടക ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു. കേരളത്തിലും ഇത്തരം തട്ടിപ്പുകള്‍ ഏറുകയാണെന്നും പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് ഇതിന്റെ ഇരകളില്‍ കൂടുതലെന്നുമാണ് വിലയിരുത്തല്‍. ഇതില്‍ തന്നെ വിദ്യാര്‍ത്ഥികളാണ് കൂടുതലായി ഇരകളാകുന്നത്.
മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ് എങ്ങനെ?
ഇരകളുടെ കെവൈസി രേഖകളും തട്ടിപ്പുകാരുടെ മൊബൈല്‍ നമ്പറും ഉപയോഗിച്ചാണ് ഈ തട്ടിപ്പു നടത്തുന്നത്. ഇരകളാകുന്ന, പ്രധാനമായും യുവാക്കളെ തട്ടിപ്പുകാര്‍ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ അയക്കും.
ഈ യുവാക്കളുടെ ആധാര്‍ അടക്കമുള്ള കെവൈസി രേഖകളും ഫോട്ടോയുമെല്ലാം അക്കൗണ്ട് തുടങ്ങാനായി ബാങ്കില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. പക്ഷേ, റജിസ്റ്റര്‍ ചെയ്യാനായി മൊബൈല്‍ നമ്പര്‍ നല്‍കുന്നത് തട്ടിപ്പുകാരുടേതായിരിക്കും.
തട്ടിപ്പുകാര്‍ ബാങ്കിലേക്കു കയറുകയേ ഇല്ല
സിസി ടിവിയില്‍ മുഖം പതിയുന്നതും മറ്റും ഒഴിവാക്കാനായി ഇങ്ങനെ തട്ടിപ്പു നടത്തി വിദ്യാര്‍ത്ഥികളേയും മറ്റും ബാങ്കിലേക്ക് അയക്കുന്നവര്‍ ബാങ്ക് ശാഖയിലേക്കു കയറുകയേ ഇല്ല. എങ്ങനെയെങ്കിലും മുഖം തിരിച്ചറിയപ്പെടാതിരിക്കാനാണ് ഈ രീതി.
ബാങ്ക് ജീവനക്കാരില്‍ സംശയം ജനിപ്പിക്കുന്നത് ഒഴിവാക്കാനും ഇതു തട്ടിപ്പുകാര്‍ക്കു സഹായകമാകും.
കെവൈസി നിങ്ങളുടേത്, നിയന്ത്രണം തട്ടിപ്പുകാര്‍ക്ക്
അക്കൗണ്ട് തുടങ്ങാനായി കെവൈസി രേഖകള്‍ നല്‍കുന്നത് ഇരകളായിരിക്കും. പക്ഷേ, ഇടപാടുകള്‍ നടത്താനായി റജിസ്റ്റര്‍ ചെയ്യുന്നത് തട്ടിപ്പുകാര്‍ നല്കുന്ന മൊബൈല്‍ നമ്പറായിരിക്കും.
അതിനാല്‍ അക്കൗണ്ടിന്റെ പ്രായോഗിക നിയന്ത്രണം തട്ടിപ്പുകാര്‍ക്കായിരിക്കും. മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയവയെല്ലാം തട്ടിപ്പുകാര്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു നടത്താം. ഇതൊന്നും രേഖയിലുള്ള അക്കൗണ്ട് ഉടമ അറിയുക പോലുമില്ല.
ചെറിയ നേട്ടം, ജീവിത കാലം മുഴുവന്‍ നീളുന്ന പ്രശ്നങ്ങള്‍
കള്ളപ്പണം വെളുപ്പിക്കല്‍, സൈബര്‍ തട്ടിപ്പുകള്‍ തുടങ്ങിയവയ്ക്കാകും ഇത്തരത്തില്‍ ആരംഭിക്കുന്ന മ്യൂള്‍ അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുകയെന്ന് കനറ ബാങ്ക് ജനറൽ മാനേജരും സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുടെ കൺവീനറുമായ പ്രദീപ് കെഎസ് പറഞ്ഞു.
ഇതിനായി അക്കൗണ്ട് തുടങ്ങി നല്‍കുന്നതിന് യുവാക്കള്‍ക്ക് ഈ തട്ടിപ്പുകാര്‍ ചെറിയ തുകകള്‍ നല്‍കും. അതിന്റെ മോഹ വലയത്തിലാകും ഇത്തരം നീക്കങ്ങള്‍ക്കു കൂട്ടു നില്ക്കാന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ തയാറാകുകയെന്ന് അദ്ദേഹം കൂട്ടിചേർത്തു.
തട്ടിപ്പു നടത്താനെന്നു തോന്നാത്ത രീതിയിലുള്ള മോഹിപ്പിക്കുന്ന വാചക കസര്‍ത്തുകളും ഈ തട്ടിപ്പുകാര്‍ അവതരിപ്പിക്കും.
ക്രിമിനല്‍ നടപടികളും
ഇത്തരം അക്കൗണ്ടുകളിലൂടെ നടത്തുന്ന തട്ടിപ്പുകളുടെ പേരിലുള്ള ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുന്നത് അക്കൗണ്ട് ഉടമയായിരിക്കും. അവരുടെ കെവൈസി രേഖകളിലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും കരിമ്പട്ടികയില്‍ ഉള്‍പ്പെടാനും ജയില്‍ ശിക്ഷ ഉള്‍പ്പെടെ ലഭിക്കാനും സ്ഥിരം ക്രിമിനല്‍ റെക്കോര്‍ഡില്‍ ഉള്പ്പെടാനുമെല്ലാം ഇതു വഴിയൊരുക്കും.
ജീവിത കാലം മുഴുവന്‍ ഒരു സാമ്പത്തിക കുറ്റവാളിയുടെ പരിവേഷവുമായി കഴിയേണ്ടി വന്നേക്കാം എന്നു സാരം.
മൊബൈല്‍ നമ്പര്‍ അപ്ഡേറ്റു ചെയ്തു സൂക്ഷിക്കുക
ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലുമെല്ലാം നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പര്‍ നിങ്ങളുടേതു തന്നെയെന്ന് ഉറപ്പാക്കുകയാണ് ഇവിടെ ചെയ്യേണ്ട സുപ്രധാന നടപടി.
അതിലൂടെ തട്ടിപ്പുകള്‍ക്കു കൂട്ടുനില്‍ക്കാതെ മുന്നോട്ടു പോകാം. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇവിടെ വലിയ പങ്കു വഹിക്കാനുണ്ട്. യുവാക്കളുടെ കൈവശം പതിവില്‍ കവിഞ്ഞ പണം കണ്ടെത്തിയാലും അവര്‍ മൊബൈല്‍ ഫോണുകള്‍ക്കും മറ്റും ഉറവിടം മനസിലാക്കാനാവാത്ത രീതിയിലുള്ള ചെലവഴിക്കല്‍ നടത്തിയാലുമെല്ലാം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇത്തരത്തില്‍ വാടക അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന്റെ പേരിലാവാം ഇങ്ങനെ പണം ലഭിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]