
കൊല്ലം ∙ നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ൽ നീണ്ടകരയിൽ കാൽനടക്കാർക്കായി അടിപ്പാത നിർമിക്കണമെന്നും ചാത്തന്നൂർ തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് ഇരുവശത്തേക്കും ഒരേ സമയം കടന്നു പോകത്തക്കവണ്ണം വലിയ അടിപ്പാത നിർമിക്കണമെന്നും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി.
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗം വെങ്കിടരമണന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ദേശീയപാത 66 നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിനാലും പുതിയ പ്രവൃത്തികൾക്ക് പുതിയ കരാറുകൾ വേണ്ടി വരുമെന്നതിനാലും അസ്സൽ കരാറിൽ ഉൾപ്പെട്ടിട്ടില്ലാത്ത പുതിയ നിർമാണങ്ങൾ അനുവദിക്കേണ്ടതില്ല എന്ന പൊതുനയം ദേശീയപാത മന്ത്രാലയവും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയും സ്വീകരിച്ചിട്ടുളളതായി മന്ത്രി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ പുതിയ നിർമാണങ്ങൾ ഉൾപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നീണ്ടകരയിൽ അടിപ്പാത ഒഴിവാക്കാനാകാത്തതാണെന്നും അല്ലാത്തപക്ഷം ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുമെന്നും എം.പി യോഗത്തെ അറിയിച്ചു. കാൽനടക്കാർക്ക് അടിപ്പാത നിർമിക്കാതിരുന്നാൽ ഉണ്ടായേക്കാവുന്ന അപകട
സാധ്യതയും വിശദീകരിച്ചു. പ്രദേശത്തിന്റെ സവിശേഷത കണക്കിലെടുത്ത്, കാൽനടക്കാർക്കുളള അടിപ്പാത ആദ്യ കരാറിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു.
പ്രദേശവാസികളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്ന പൊതുതീരുമാനത്തോടു യോജിക്കാൻ കഴിയില്ലെന്നും എംപി പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു വിഷയം പുനഃപരിശോധിക്കാനും ബദൽ സംവിധാനത്തിന്റെ സാധ്യത പരിശോധിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ചാത്തന്നൂർ തിരുമുക്കിലെ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണെന്നും അടിപ്പാത നിർമാണം ഏറ്റെടുക്കാൻ കഴിയില്ലെന്ന തീരുമാനം പുന:പരിശോധിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
പരവൂർ നഗരത്തെയും സമീപ പ്രദേശങ്ങളെയും ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന ജംക്ഷനായ തിരുമുക്കിൽ പര്യാപ്തമായ വീതിയിൽ അടിപ്പാത രൂപകൽപന ചെയ്യാത്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കും കൺസൽട്ടന്റിനുമാണെന്നും എംപി കുറ്റപ്പെടുത്തി. ഗതാഗതത്തിരക്കുളള തിരുമുക്കിൽ ഒരേ സമയം 2 വാഹനങ്ങൾക്ക് സുഗമമായി പോകാൻ കഴിയാത്ത സാഹചര്യം പരിഗണിക്കണം.
തിരുമുക്കിൽ അടിപ്പാത നിർമിക്കാൻ പൊതുനയത്തിൽ ഇളവു വരുത്തി അംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ, തിരുമുക്കിലെ അടിപ്പാത സംബന്ധിച്ചു വീണ്ടും പരിശോധന നടത്തുമെന്നു കേന്ദ്രമന്ത്രി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]