
വെഞ്ഞാറമൂട്∙ വെഞ്ഞാറമൂട് ജംക്ഷനിലെ ഗതാഗതത്തിരക്കിന് പരിഹാരം കണ്ടെത്താൻ നിർമിച്ച ഔട്ടർ റിങ് റോഡിലൂടെയുള്ള യാത്ര സുരക്ഷിതമാക്കണം എന്ന ആവശ്യം ശക്തമാകുകയാണ്. എംസി റോഡിൽ അമ്പലം മുക്കിൽ നിന്നും നെല്ലനാട്,പാലാംകോണം വഴി പിരപ്പൻകോട് എത്തുന്നതാണ് ഔട്ടർ റിങ് റോഡ്.
എംസി റോഡിൽ ഗതാഗതത്തിരക്ക് വർധിക്കുന്നതോടെ ഇതുവഴിയാണ് വാഹനങ്ങൾ പൊലീസ് വഴിതിരിച്ചു വിട്ട് വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത്. രണ്ടാഴ്ചയായി ഇതുവഴി കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
എല്ലാം ദീർഘദൂര വാഹനങ്ങളാണ് കടന്നുപോകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.വേഗത സംബന്ധിച്ച സൂചനാ ബോർഡുകളോ മറ്റ് അറിയിപ്പുകളോ ഇനിയും സ്ഥാപിച്ചിട്ടില്ല.
റോഡിന്റെ വിവിധ സ്ഥലങ്ങളിൽ മതിയായ വീതിയില്ലാത്തതും രണ്ട് വാഹനങ്ങൾ കഷ്ടിച്ച് കടന്നു പോകുന്ന വീതി മാത്രം ഉള്ളതുമാണ്. നവീകരണം കഴിഞ്ഞ് 2 വർഷം കഴിഞ്ഞിട്ടും റോഡിന്റെ ബാക്കി ജോലികൾ പൂർത്തിയാക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു.
റോഡിന്റെ വശങ്ങളിൽ വലിയ തോതിൽ കാടു കയറിയതും പല ഭാഗത്തും ഓട മൂടാത്തതും അപകട
സാധ്യത വർധിപ്പിക്കുന്നു.രാത്രിയിൽ അപകടകരമായ ഓടകൾ കാണാനും കഴിയാത്ത തരത്തിൽ കാടുകയറി മൂടിയ അവസ്ഥയിലാണ്.കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് തെറിച്ചു വീണ് യാത്രക്കാരന് ഗുരുതര പരുക്കേറ്റിരുന്നു.
10മീറ്റർ റോഡാണ് നവീകരണത്തിനായി എടുത്തത്.
അതേസമയം വിവിധ ഭാഗങ്ങളിൽ 8 മീറ്ററിനും താഴെയാണ് വീതിയെന്നു നാട്ടുകാർ ആരോപിക്കുന്നു. റോഡ് നിർമാണത്തിനു മുൻപ് ചേർന്ന ജനകീയ കമ്മിറ്റിയിൽ റോഡിന്റെ ഇരുവശത്തെയും ഓടകൾ പൂർണമായും അടച്ച് കാൽനടയാത്രക്കാർക്ക് സൗകര്യം ഒരുക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു.
എന്നാൽ ഓടകൾ അടയ്ക്കാതെയും ചിലഭാഗങ്ങളിൽ ഓട നിർമാണം നടത്താതെയും റോഡ് നവീകരണം പൂർത്തിയാക്കി എന്ന ആരോപണവും ഉയരുന്നുണ്ട്.
‘വെഞ്ഞാറമൂട് ജംക്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനു തൈക്കാട് മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്തേക്ക് വാഹനങ്ങൾ സഞ്ചരിക്കുന്നതിനു ഒരു ബൈപാസ് നിർമിക്കുന്നതിനു തീരുമാനം എടുത്തിരുന്നു.ഭരണ–പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഇല്ലാത്തതു കാരണം ഇത് നടപ്പിലായില്ല.നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിയും പുളിമാത്ത് നിന്നും അങ്കമാലിയിലേക്കുള്ള ഗ്രീൻഫീൽഡ് റോഡും പ്രാവർത്തികമാകുമ്പോൾ വെഞ്ഞാറമൂട് മേൽപാലം നോക്കുകുത്തി ആകാതിരിക്കാനുള്ള നടപടികൾ മുൻകൂട്ടി തീരുമാനിക്കണം.വെഞ്ഞാറമൂട് എന്ന ചെറുപട്ടണം വിസ്മൃതിയിലാണ്ടു പോകരുത്.’
അനിൽ ലാസ് (സാംസ്കാരിക പ്രവർത്തകൻ)
‘അമ്പലംമുക്ക്–നെല്ലനാട്–പാലാംകോണം–പിരപ്പൻകോട് റോഡിൽ പലഭാഗത്തും കാൽനടയാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട്.
വാഹനത്തിരക്ക് വർധിക്കുന്നതോടെ വിദ്യാർഥികൾ അടക്കം ഉളള കാൽനട യാത്രക്കാർ ബുദ്ധിമുട്ടിലാകും.റോഡിന്റെ വശങ്ങളിലെ ഓട
സ്ലാബ് ഇട്ട് മൂടി കാൽനട യാത്രക്കാർക്ക് സൗകര്യം ഒരുക്കണം.കൂടാതെ വെഞ്ഞാറമൂട് ജംക്ഷനിലെ പുറമ്പോക്ക് ഭൂമി കൂടി ഉപയോഗപ്പെടുത്തി മേൽപാലത്തിനു സമീപത്തെ സർവീസ് റോഡ് വിപുലീകരിക്കണം.’
നെല്ലനാട് മോഹനൻ (കഥാകൃത്ത്)
‘വെഞ്ഞാറമൂട് ഗതാഗതത്തിരക്ക് പൊതു ജീവിതത്തിന്റെ ഭാഗമായി മാറി.അതേസമയം ജില്ലയിൽ അതിവേഗം വളരുന്ന പട്ടണങ്ങളുടെ പട്ടികയിൽ വെഞ്ഞാറമൂട് സ്ഥാനം പിടിച്ചിട്ടുണ്ട്.ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നപ്പോൾ മേൽപാലം എന്ന ആശയം ഉദിക്കുകയായിരുന്നു.എന്നാൽ പട്ടണത്തിന്റെ പാർശ്വ ഭാഗങ്ങളിലുള്ള നിരവധി ചെറുതും വലുതും ആയ റോഡുകൾ കൂടി നവീകരിക്കുന്നതിനു നടപടി സ്വീകരിക്കണം.
ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയാറാകണം.’
ബോബൻ സാരംഗി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]