
ചുണ്ടേൽ ∙ കാട്ടാന തകർത്ത വാഹനങ്ങൾ ഒരുമാസം കഴിഞ്ഞിട്ടും വനംവകുപ്പ് നന്നാക്കി നൽകാത്തതിനാൽ യുവാവിന്റെ ഉപജീവനമാർഗം മുടങ്ങുന്നു. കഴിഞ്ഞ ജൂലൈ 20ന് രാത്രിയിൽ ചേലോട് എസ്റ്റേറ്റ് പാടിയിലെത്തിയ കാട്ടാനയാണ്, പാടിയിലെ താമസക്കാരനായ പള്ളിപ്പറമ്പിൽ ജോണിയുടെ ഓട്ടോ ടാക്സിയും സ്കൂട്ടറും തകർത്തത്.
ചുണ്ടേൽ ടൗണിലെ ഓട്ടോ ഡ്രൈവറാണു ജോണി. വാഹനം വർക്ഷോപ്പിലായതോടെ കഴിഞ്ഞ ഒരുമാസമായിട്ട് തൊഴിൽരഹിതനാണ് ജോണി.
വായ്പയെടുത്താണ് ഓട്ടോ ടാക്സി വാങ്ങിയത്. തൊഴിലില്ലാതെയായതോടെ വായ്പാ തിരിച്ചടവ് മുടങ്ങുമെന്ന ആശങ്കയുമുണ്ട്.
കാട്ടാനയുടെ ആക്രമണത്തിനു ശേഷം ജൂലൈ 21ന് രാവിലെയോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഓട്ടോ ടാക്സി കൽപറ്റ ബൈപാസിലെ വർക്ഷോപ്പിലേക്ക് മാറ്റിയിരുന്നു. 10 ദിവസം കൊണ്ടു നന്നാക്കി നൽകാമെന്നു വാക്കും കൊടുത്തു.
ഇതിനായുള്ള അപേക്ഷകളെല്ലാം ജോണി അക്ഷയ കേന്ദ്രം വഴി നൽകുകയും ചെയ്തു.
ജൂലൈ 25ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്കൂട്ടർ മാനന്തവാടിയിലെ ഷോറൂമിലേക്ക് മാറ്റി. എന്നാൽ, തുടർനടപടികളുണ്ടായില്ലെന്നും എപ്പോൾ ശരിയാക്കി കിട്ടുമെന്ന കാര്യത്തിൽ ഇതുവരെയായിട്ടും വ്യക്തത ലഭിച്ചിട്ടില്ലെന്നും ജോണി പറയുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ടാക്സിയുടെ വലതു വശത്തെ ഡോറുകൾ തകർന്നിരുന്നു. ടയറുകൾക്കും കേടുപാടുകളുണ്ടായി.
2 കാട്ടാനകളാണ് അന്നു പ്രദേശത്തിറങ്ങിയത്. ഇതിൽ ഒരു കാട്ടാനയാണ് പാടിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ നിന്നു കഷ്ടിച്ച് 100 മീറ്റർ അകലം മാത്രമേ എസ്റ്റേറ്റ് പാടിയിലേക്കുള്ളു. 3 ലൈനുകളിലായി 9 കുടുംബങ്ങളാണ് പാടിയിൽ താമസിക്കുന്നത്.
കാട്ടാനയെ കണ്ടു ഭയന്ന് ഓടുന്നതിനിടെ, പാടിയിലെ താമസക്കാരനായ അറയ്ക്കൽ തോമസിന് കാലുകൾക്ക് പരുക്കേറ്റിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]