
ബത്തേരി ∙ നിലമ്പൂർ –നഞ്ചൻകോട് പുതിയ പാതയുടെ സർവേ നടപടികൾ അവസാനഘട്ടത്തിലേക്ക്. സ്ഥല നിർണയ സർവേയും ലൊക്കേഷൻ സർവേയുമെല്ലാം ഇതിൽപെടും.
സർവേ വിവരങ്ങളെല്ലാം ഉൾപ്പെട്ട ഡിപിആർ നവംബർ അവസാനത്തോടെ സമർപ്പിക്കുമെന്നാണു വിവരം.
അതിന് അംഗീകാരം കിട്ടിയാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയൂ. അതിനിടെ, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വിശദമായ പദ്ധതിരേഖ തയാറാക്കൽ പൂർത്തിയായാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു.
പ്രിയങ്ക ഗാന്ധി എംപിയുടെ ചോദ്യത്തിന് മറുപടി ആയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
18 വർഷം മുൻപും നിലമ്പൂർ – നഞ്ചൻകോട് റെയിൽവേ പാതയ്ക്കായി സർവേ നടത്തിയിരുന്നു. എന്നാൽ, യാത്ര ചെയ്യാൻ സാധ്യതയുള്ളവരുടെ എണ്ണം കുറവാണെന്ന കണ്ടെത്തലിൽ പദ്ധതി മുന്നോട്ടു പോയില്ലെന്നു മന്ത്രി മറുപടി നൽകി.
എന്നാൽ പൊതുജനങ്ങളുടെ ആവശ്യപ്രകാരം വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കുന്നതിനായി 2023ൽ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി നൽകിയിരുന്നു. 236 കിലോമീറ്റർ ദൂരം വരുന്ന പുതിയ അലൈന്റ്മെന്റാണത്.
വിശദമായ പദ്ധതി റിപ്പോർട്ട് പൂർത്തിയായതിനു ശേഷം സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നിതി ആയോഗിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും പരിഗണനയ്ക്കു ശേഷം അന്തിമ അംഗീകാരം നേടുകയും വേണം. പദ്ധതികൾക്ക് അനുമതി നൽകുന്നത് തുടർപ്രക്രിയ ആയതിനാൽ കൃത്യമായ സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
തലശ്ശേരി– മൈസൂരു പാതയുടെ സർവേ 2008–09 ൽ നടത്തിയിരുന്നെങ്കിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം കുറവാണെന്ന് കണ്ടതിനാൽ പദ്ധതി മുന്നോട്ടു പോയില്ല.
2018 ൽ വീണ്ടും ഒരു സർവേ നടത്താൻ ശ്രമിച്ചെങ്കിലും പാത കടന്നു പോകുന്ന കൂർഗ് മേഖലയിലെ തദ്ദേശവാസികളുടെ എതിർപ്പു നിമിത്തം അതും മുന്നോട്ടു പോയില്ല. വനത്തിലൂടെയും പരിസ്ഥിതി ദുർബലമേഖലയിലൂടെയും കടന്നു പോകുന്നു എന്നതും തടസ്സമായി.
എന്നാൽ തലശ്ശേരി – മൈസൂരു പാതയെ നിലമ്പൂർ – നഞ്ചൻകോട് പാതയുമായി യോജിപ്പിച്ചു പുതിയ അലൈൻമെന്റിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്്. ഡിപിആർ സമർപ്പിക്കപ്പെട്ട
ശേഷം പദ്ധതിക്ക് അനുമതി നൽകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലമ്പൂർ നഞ്ചൻകോട് പാതയുടെയും തലശ്ശേരി– മൈസൂരു പാതയുടെയും തൽസ്ഥിതി എന്താണെന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. അന്തിമ ലൊക്കേഷൻ സർവേയും ഡിപിആറും പൂർത്തിയാക്കാൻ താമസിക്കുന്നതിന് കാരണമെന്തെന്നും പ്രിയങ്ക ചോദിച്ചിരുന്നു. എന്നാൽ രണ്ടാമത്തെ ചോദ്യത്തിന് മന്ത്രി ഉത്തരം നൽകിയതുമില്ല. വേഗം വർധിപ്പിക്കുന്നതിനു ഷൊർണൂർ– നിലമ്പൂർ വിഭാഗത്തിൽ ട്രാക്കുകളിൽ നടത്തിയ നവീകരണത്തിന്റെ ഫലമായി 2024–25 കാലയളവിൽ കൈവരിക്കാവുന്ന പരമാവധി വേഗം മണിക്കൂറിൽ 75 എന്നത് 85 കിലോമീറ്റർ ആയി വർധിപ്പിച്ചതായും നിലമ്പൂർ ഷൊർണൂർ സെക്ടറിലെ യാത്രക്കാർക്ക്് നിലമ്പൂർ റോഡിനും ഷൊർണൂരിനും ഇടയിൽ 66325–66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു എന്ന പുതിയ ട്രെയിൻ അനുവദിച്ചതായും മന്ത്രി ലോക്സഭയിൽ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]