
തിരുവനന്തപുരം ∙ നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന പ്രധാന പൈപ്ലൈനിലെ ചോർച്ചയെ തുടർന്ന് സിറ്റിയിലും പരിസരപ്രദേശത്തും ശുദ്ധജലവിതരണം മുടങ്ങിയത് നഗരവാസികളെ ഒരു രാത്രിയും പകലും ദുരിതത്തിലാക്കി. ശുദ്ധജലത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്ന കാഴ്ചയായിരുന്നു ഇന്നലെ.
അറ്റകുറ്റപ്പണിയുടെ പേരിൽ അരുവിക്കരയിൽ നിന്നും പിടിപി നഗറിൽ നിന്നുമുള്ള വാൽവുകൾ അടച്ചതും സ്ഥിതി രൂക്ഷമാക്കി.
ചൊവ്വാഴ്ച രാത്രി ഏഴു മണി മുതൽ ചോർച്ച അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ഇന്നലെ വൈകിട്ട് നാലരയോടെയാണ് അവസാനിച്ചത്.രാത്രിയോടെ വാൽവുകൾ തുറന്നെങ്കിലും രാത്രി വൈകിയും നഗരത്തിൽ പലയിടത്തും ജലം എത്തിയില്ല. ഇന്ന് രാവിലെയോടെ വിതരണം സാധാരണ നിലയിലാകുമെന്ന് ജലഅതോറിറ്റി അറിയിച്ചു.
ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിലും ചോർച്ച കണ്ടെത്താൻ വൈകിയതു കാരണം ജലവിതരണം പുനഃസ്ഥാപിക്കുന്ന നടപടികളും തടസ്സപ്പെട്ടു.
ചോർച്ച കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള പൈപ്പിൽ
വെള്ളയമ്പലം ജംക്ഷനു സമീപമുള്ള ജലഅതോറിറ്റിയുടെ 700 എംഎം പ്രിമോ പൈപ്ലൈനിലാണ് ചോർച്ച കണ്ടെത്തിയത്. ഒരാഴ്ച മുൻപ് ഇൗ പ്രദേശത്തെ റോഡ് താഴ്ന്നതോടെയാണ് ചോർച്ചയെക്കുറിച്ച് സംശയം ഉണ്ടായത്.
ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശത്ത് ചോർച്ച രൂപപ്പെട്ടതും ജലഅതോറിറ്റിക്കു കെണിയായി. തുടർന്നാണ് ചൊവ്വാഴ്ച രാത്രി 7 മുതൽ ചോർച്ച അടയ്ക്കാനുള്ള ജോലികൾ ആരംഭിക്കാൻ തീരുമാനമായത്.
രാത്രി 7ന് ജോലി ആരംഭിച്ചെങ്കിലും രാത്രി 9.30 നാണ് ചോർച്ചയുള്ള സ്ഥലം കണ്ടെത്തിയത്. രണ്ടു മീറ്റർ ആഴത്തിലായിരുന്നു ഇത്.
കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള പൈപ്പിലായിരുന്നു ചോർച്ച. ഇൗ ഭാഗം മാറ്റി പുതിയത് ഘടിപ്പിച്ച് വെൽഡ് ചെയ്ത ശേഷമാണ് വാൽവ് തുറന്നത്.
ശാസ്തമംഗലം, പൈപ്പിന്മൂട്, വെള്ളയമ്പലത്തിനും ശാസ്തമംഗലത്തിനും ഇരുഭാഗങ്ങൾ, വഴുതക്കാട്, തൈക്കാട്, മേട്ടുക്കട, വലിയശാല, കൊച്ചാർ റോഡ്, ജഗതി എന്നീ സ്ഥലങ്ങളിൽ പൂർണമായും, ജവാഹർ നഗറിലും നന്തൻകോട്ടും കുന്നുകുഴി, വഞ്ചിയൂർ വാർഡുകളിലും ഭാഗികമായും ജലവിതരണം തടസ്സപ്പെടുമെന്ന് ജലഅതോറിറ്റി അറിയിച്ചെങ്കിലും നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെട്ടു.
ജലവിതരണം മുടങ്ങുമെന്ന് തിങ്കളാഴ്ചയാണ് ജലഅതോറിറ്റി അറിയിപ്പു നൽകിയതെന്നും വെള്ളം സംഭരിക്കാനും മറ്റും സാവകാശം ലഭിച്ചില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. അതേസമയം, അടിയന്തര അറ്റകുറ്റപ്പണിയായതിനാൽ നീട്ടി വയ്ക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു എന്നാണ് ജലഅതോറിറ്റിയുടെ വിശദീകരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]