
കഴിഞ്ഞ രണ്ടാഴ്ചയായി ഇടിവിന്റെ ട്രാക്കിലായിരുന്ന കേരളത്തിലെ സ്വർണവില ഇന്ന് കരകയറ്റത്തിന്റെ പാതയിലേക്ക് കടന്നു. ഗ്രാമിന് വില 50 രൂപ കൂടി 9,230 രൂപയായി.
പവന് 400 രൂപ ഉയർന്ന് 73,840 രൂപയും. ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയിൽ പലിശനിരക്കിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം കടുത്തതാണ് സ്വർണത്തെ സ്വാധീനിക്കുന്നത്.
അടുത്തമാസമാണ് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ നിർണയ സമിതിയോഗം.
അമേരിക്കയിൽ പണപ്പെരുപ്പം കൂടിത്തുടങ്ങിയെങ്കിലും തൊഴിലവസരങ്ങൾ കുറഞ്ഞത് കണക്കിലെടുത്ത് പലിശനിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവ് തയാറായേക്കുമെന്നാണ് സൂചനകൾ. പലിശനിരക്ക് കുറയാനുള്ള സാധ്യത 80 ശതമാനമാണെന്ന് നിരീക്ഷകർ പറയുന്നു.
എങ്കിലും, ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ കടുംപിടിത്തം തുടരുമോ എന്നതാണ് ആശങ്ക.
നാളെ അദ്ദേഹത്തിന്റെ ഒരു പ്രഭാഷണമുണ്ട് (ജാക്സൺ ഹോൾ സിംപോസിയം). പലിശനിരക്കിന്റെ ദിശ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകും.
അതുവരെ നിലനിൽക്കുന്ന ആകാംക്ഷ രാജ്യാന്തര സ്വർണവിലയിൽ സൃഷ്ടിക്കുന്ന ചാഞ്ചാട്ടമാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 3,338 ഡോളറിൽ നിന്ന് 3,351 ഡോളറിലേക്ക് കുതിച്ചുകയറി.
അതോടെ, ഇന്നു കേരളത്തിലും വില കൂടുകയായിരുന്നു.
ചിങ്ങമാസവും ഓണക്കാലവും വിവാഹ സീസൺ കൂടിയാണെന്നിരിക്കേ, കഴിഞ്ഞ ദിവസങ്ങളിൽ വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് വൻ ആശ്വാസമായിരുന്നു. ഇന്നു വില വീണ്ടും ഉണർവിന്റെ ട്രാക്കിലായത് ആശങ്കയുമായി.
ഇന്ന് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ ഉയർന്ന് 7,630 രൂപയായി. മറ്റ് ജ്വല്ലറികളിൽ 40 രൂപ വർധിച്ച് 7,575 രൂപ.
വെള്ളി വില ചില വ്യാപാരികൾ ഗ്രാമിന് ഒരു രൂപ കൂട്ടി 123 രൂപയാക്കി. മറ്റ് ജ്വല്ലറികൾ 122 രൂപയിൽ നിലനിർത്തി.
14 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ ഉയർന്ന് 5,900 രൂപയായപ്പോൾ 9 കാരറ്റിന് വില 20 രൂപ ഉയർന്ന് 3,800 രൂപയിലുമെത്തി.
അടിസ്ഥാന പലിശനിരക്ക് ഒരു ശതമാനമെങ്കിലും വെട്ടിക്കുറയ്ക്കണമെന്നാണ് ഫെഡറൽ റിസർവിനോട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസ് ഫെഡും ജെറോം പവലും പലിശനിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ അതു സ്വർണവിലയെ കൂടുതൽ മുന്നോട്ടുനയിക്കും.
കാരണം, പലിശനിരക്ക് കുറയുമ്പോൾ യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് (ട്രഷറി യീൽഡ്), യുഎസ് ഡോളർ ഇൻഡക്സ്, ബാങ്ക് നിക്ഷേപ പലിശ എന്നിവയും കുറയും. അതോടെ അവ അനാകർഷകമാകും.
നിക്ഷേപകർ മികച്ച നേട്ടം പ്രതീക്ഷിച്ച് ഗോൾഡ് ഇടിഎഫിലേക്ക് മാറും. സ്വർണവില കൂടുകയും ചെയ്യും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]