
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ സൗജന്യയാത്ര ദൂരപരിധി വെട്ടിക്കുറച്ചതിൽ വ്യാപക പ്രതിഷേധം. സർവകക്ഷി യോഗ തീരുമാനങ്ങൾ അട്ടിമറിച്ചിട്ടും എംഎൽഎ ഉൾപ്പെടെയുള്ളവർ മൗനം പാലിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു.
ഇന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. സ്കൂൾ വാഹനങ്ങൾക്കും നാലുചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യം നൽകുന്നതിൽ ഒരു ചർച്ചയും ചൊവ്വാഴ്ച നടന്നില്ലെന്നും ആൾ കേരള ഓട്ടോ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ടോൾ പ്ലാസ ഉപരോധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ജി.ഇ.താജുദ്ദീൻ അറിയിച്ചു.
ജനങ്ങളെ വഞ്ചിക്കുന്ന നിലപാട് എടുത്ത സിപിഎമ്മും എംഎൽഎ, എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മാപ്പ് പറയണമെന്നും സർവകക്ഷി യോഗം എത്രയും പെട്ടെന്നു വിളിച്ച് തീരുമാനം എടുക്കണമെന്നും സംയുക്ത സമര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഏഴര കിലോമീറ്റർ പരിധിയിൽ ഉള്ളവർക്ക് ഇന്നലെ മുതൽ അപേക്ഷ ഫോം കൊടുത്തു തുടങ്ങി.
എന്നാൽ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടില്ല. പരിശോധന നടത്തി മാത്രമേ അപേക്ഷ സ്വീകരിക്കൂ എന്ന് ടോൾ അധികൃതർ പറഞ്ഞു.
റോഡ് തകർന്നു
വടക്കഞ്ചേരി–മണ്ണുത്തി ആറുവരി പാതയുടെ പല ഭാഗങ്ങളും കുഴികൾ രൂപപ്പെട്ട് തകർന്നു കിടക്കുകയാണ്.
കുഴി അടയ്ക്കൽ നടക്കുന്നുണ്ടെങ്കിലും അടച്ച കുഴികൾ വേഗം തുറന്നു വരികയാണ്. വാണിയമ്പാറയിലും പട്ടിക്കാടും മുടിക്കോടും അടിപ്പാത നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ദേശീയപാതയിൽ സർവീസ് റോഡ് പൂർത്തിയാകാത്തതും പാതകളിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതും റോഡിന്റെ റീ–ടാറിങ് നടത്താത്തതും അഴുക്കുചാലുകൾ നിർമിക്കാത്തതും മൂലം ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. നിലവിൽ വൻ തുകയാണ് ടോൾ ഇനത്തിൽ ഈടാക്കുന്നത്.
2
022 മാർച്ചിൽ ടോൾ പിരിവ് ആരംഭിച്ചതു മുതൽ ഇതുവരെ 750 കോടി രൂപ പിരിച്ചതായാണ് കരാർ കമ്പനി പുറത്തുവിട്ട കണക്കുകൾ പറയുന്നത്.
ദിവസേന 45 ലക്ഷം മുതൽ 55 ലക്ഷം രൂപവരെ ടോൾ ലഭിക്കുന്നു. 2032 വരെയാണ് ടോൾ പിരിക്കാൻ അനുമതി.
ടോൾ പിരിവ് ആരംഭിച്ചത് മുതൽ 5 തവണ നിരക്ക് വർധിപ്പിച്ചു. ഇതിനിടെയാണ് പ്രദേശത്തെ സ്കൂൾ വാഹനങ്ങളിൽ നിന്ന് പ്രതിമാസം 1915 രൂപയും 4 ചക്ര ഓട്ടോറിക്ഷകളിൽ നിന്ന് 350 രൂപയും പിരിക്കുന്നത്.
ചർച്ച നടത്തും
സർക്കാർ, എയ്ഡഡ് സ്കൂൾ വാഹനങ്ങൾക്ക് സൗജന്യയാത്ര അനുവദിച്ചതാണ്.
അതിൽ മാറ്റം വരുത്തിയാൽ നടപടിയുണ്ടാകും. 4 ചക്ര ഓട്ടോറിക്ഷകൾ നിയമപരമായി 4 ചക്രമുള്ളതിനാൽ സൗജന്യം അനുവദിക്കാനാവില്ലെന്നാണ് കമ്പനി പറയുന്നത്.
പ്രതിമാസം 300 രൂപ നിരക്കിൽ വാഹനം കടത്തിവിടാൻ ശ്രമിക്കും. 9.4 കിലോമീറ്റർ സൗജന്യ യാത്ര എന്നതിൽ നിന്ന് കമ്പനി പിന്നോട്ട് പോയതിൽ പ്രതിഷേധമുണ്ട്.
7.5 കിലോമീറ്ററിൽ കൂടുതലുള്ള പ്രദേശവാസികളിൽ അൻപതോളം പേർക്ക് സൗജന്യ പാസിനായി കത്ത് നൽകി. സമരം ശക്തമാക്കി സൗജന്യം നേടിയെടുക്കാൻ എല്ലാവരും മുന്നോട്ടു വരണം.
കമ്പനിയുമായുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. ഇരു വിഭാഗവും വിട്ടുവീഴ്ച ചെയ്ത് ധാരണയിൽ എത്തണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]