
കുറ്റൂർ ∙ കാടു നിറഞ്ഞു തോടും റോഡും. ഇതോടെ റോഡും തോടും തിരിച്ചറിയാനാവാതെ യാത്രക്കാർ.
ആറാട്ടുകടവ് – മുണ്ടടിച്ചിറ റോഡിൽ കീത്തലപ്പടി വളവിലാണു റോഡും തോടും കാടായ ഭാഗം. കുറ്റൂർ ആറാട്ടുകടവിൽ നിന്നു തലയാർ വഴി മുണ്ടടിച്ചിറ പോകുന്ന റോഡാണിത്. തലയാർ ദേവി ക്ഷേത്രം കഴിഞ്ഞാണു കീത്തലപ്പടി വളവ്.
ഇവിടെ റോഡ് ‘ട’ ആകൃതിയിലാണു പോകുന്നത്. ആറാട്ടുകടവ്മുതൽ റോഡിനോടു ചേർന്നാണു വരട്ടാറിന്റെയും യാത്ര. റോഡിനു മൂന്നര മീറ്റർ വീതി മാത്രമാണുള്ളത്. റോഡും വരട്ടാറും തമ്മിൽ വലിയ അകലമില്ല.
വരട്ടാറിന്റെ സംരക്ഷണ ഭിത്തിയാണു റോഡിന്റെ വശം. ഇവിടെ ഒരാൾ പൊക്കത്തിൽ കാടു വളർന്നു നിൽക്കുകയാണ്.
കാട് റോഡിലേക്കും വരട്ടാറിലേക്കും വളർന്നതോടെയാണു റോഡും തോടും കാടായി മാറിയത്. പുനരുജ്ജീവനത്തിന്റെ കാലമൊക്കെ കഴിഞ്ഞു വരട്ടാർ വീണ്ടും പഴയതുപോലെ പായലും പോളയും ഇടയ്ക്കു കാടും പിന്നെ വശങ്ങളിലെ കാടു ആറ്റിലേക്കു വീണുമാണു വരട്ടാറിന്റെ കിടപ്പ്.
റോഡിൽ കൂടി പോകുന്ന വാഹനങ്ങൾ കാടാണെന്നു കരുതി വശത്തേക്ക് ഒതുക്കിയാൽ ചിലപ്പോൾ വരട്ടാറിലാകും വീഴുക. ഇവിടെ 10 അടിയിലധികം താഴ്ചയിലാണ് വരട്ടാർ ഒഴുകുന്നത്. റോഡിന്റെ ടാർഭാഗം കഴിഞ്ഞുള്ള സ്ഥലത്തു മുഴുവൻ കാടു വളർന്നുനിൽക്കുന്നു.
തലയാർ ഭാഗത്തുനിന്നു വരുന്നവർക്കു റോഡ് പരിചിതമല്ലെങ്കിൽ ഇടത്തുവശത്തെ തോട്ടിൽ വീഴും.
ലോറിയും ബൈക്കും അടക്കം തോട്ടിൽ വീണ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.ഇരുപതോളം സ്കൂൾ ബസ്സുകൾ ഇതുവഴി പോകുന്നുണ്ട്. കീത്തലപ്പടിയിൽ എത്തുമ്പോൾ എതിരേ മറ്റു വാഹനങ്ങൾ വന്നാൽ കരയുളള ഭാഗത്തേക്കു പിന്നോട്ട് എടുത്താണ് വശം നൽകുന്നത്.
വളവുളള ഭാഗത്തുവെച്ച് വശം നൽകിയാൽ തോട്ടിലേക്ക് വീഴുമോയെന്ന ഭയം ഡ്രൈവർമാർക്കുണ്ട്. അപകട
സൂചന കാണിക്കുന്ന ബോർഡുകളും ഇവിടില്ല.പഞ്ചായത്തിനു പദ്ധതിയിൽ ഉൾപ്പെടുത്തി കാടു വൃത്തിയാക്കാവുന്നതേയുള്ളു. അതിനുള്ള നടപടി പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]