
ഒരു ദശാബ്ദം മുൻപുവരെ ചിട്ടിയും സ്വർണവും ഭൂമിയും എഫ്ഡിയുമൊക്കെ മാത്രം മതിയെന്നു പറഞ്ഞ്, പുത്തൻകാല നിക്ഷേപ ട്രെൻഡിനോട് മുഖംതിരിഞ്ഞുനിന്ന മലയാളി, ദാ മാറിപ്പോയത് ഇങ്ങനെ: 2014ൽ കേരളത്തിൽ നിന്നുള്ളവരുടെ ആകെ മ്യൂച്വൽഫണ്ട് നിക്ഷേപമൂല്യം 8,400 കോടി രൂപ. 11 കൊല്ലത്തിനിപ്പുറം ഇങ്ങ് 2025 ജൂലൈ ആയപ്പോഴേക്കും മൂല്യം 98,408.66 കോടി രൂപ.
ഒരുലക്ഷം കോടി രൂപയെന്ന ‘മാജിക് സംഖ്യ’യ്ക്ക് 1,592 കോടി രൂപയുടെ മാത്രം അകലം. എന്തൊരു കുതിപ്പ്!
ഓഹരി വിപണിയെയും മ്യൂച്വൽഫണ്ടിനെയും മലയാളികളും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു.
കണക്കുകൾ വ്യക്തമാക്കുന്നതും അതാണ്. കണക്കുകളിലേക്ക് തന്നെ കടക്കാം: മ്യൂച്വൽഫണ്ടിൽ ഓഹരി അധിഷ്ഠിത (ഇക്വിറ്റി ഓറിയന്റഡ്) സ്കീമുകളോടാണ് മലയാളിക്ക് കൂടുതൽ ഇഷ്ടം.
ജൂണിലെ 70,677.86 കോടി രൂപയിൽനിന്ന് ഈ സ്കീമിലെ മൊത്ത നിക്ഷേപം ജൂലൈയിൽ 72,548.96 കോടിയായി കുതിച്ചുകയറി. അതായത് കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപമൂല്യത്തിൽ ഏതാണ്ട് മുക്കാലും ഓഹരിയധിഷ്ഠിത സ്കീമുകളിൽ.
ഇഷ്ടമാണ് കടപ്പത്രവും!
കടപ്പത്ര അധിഷ്ഠിത സ്കീമുകളുടെ (ലിക്വിഡ് സ്കീമുകൾ) മൊത്ത നിക്ഷേപമൂല്യം ജൂണിലെ 5,142.74 കോടി രൂപയിൽനിന്ന് ജൂലൈയിൽ 7,247.30 കോടി രൂപയായി കുതിച്ചുയർന്നു.
മറ്റ് കടപ്പത്ര അധിഷ്ഠിത സ്കീമുകളിലെ (അദർ ഡെറ്റ് ഓറിയന്റഡ്) നിക്ഷേപമൂല്യം 8,378.03 കോടി രൂപയിൽ നിന്ന് 8,898.13 കോടി രൂപയുമായി. കടപ്പത്രങ്ങളിലും (ഡെറ്റ്) ഓഹരികളിലും (ഇക്വിറ്റി) ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് ഫണ്ടുകളിലെ നിക്ഷേപം 7,430.96 കോടി രൂപയിൽ നിന്നുയർന്ന് 7,587.55 കോടി രൂപയിലുമെത്തി.
എന്റെ പൊന്നേ!
സ്വർണത്തെ കൈവിടാൻ മലയാളിക്ക് പറ്റ്വോ!
അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) പുത്തൻ കണക്കുപ്രകാരം ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഗോൾഡ് ഇടിഎഫ്) കേരളത്തിൽ നിന്നുള്ള ആകെ നിക്ഷേപമൂല്യം ജൂണിൽ 339.57 കോടി രൂപയായിരുന്നു. ജൂലൈയിൽ അത് 355.08 കോടി രൂപയായി.
മലയാളി മുന്നേറുകയാണ്
കോവിഡിനുശേഷമാണ് കേരളത്തിൽനിന്നുള്ള മ്യൂച്വൽഫണ്ട് നിക്ഷേപത്തിന്റെ കുതിപ്പ് ശക്തമായതെന്ന് ആംഫിയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കോവിഡിനുമുൻപത്തെ, അതായത് 2019 ജൂലൈയിലെ മൊത്ത നിക്ഷേപമൂല്യ കണക്കുകൾ ദാ ഇങ്ങനെ:
∙ ലിക്വിഡ് സ്കീം : 4,738.06 കോടി
∙ മറ്റ് ഡെറ്റ് : 4,410.32 കോടി
∙ ഇക്വിറ്റി ഓറിയന്റഡ് : 14,544.32 കോടി
(ഇതാണ് 6 വർഷംകൊണ്ട് 70,000 കോടി ഭേദിച്ചത്)
∙ ബാലൻസ്ഡ് : 3,028.99 കോടി
∙ ഗോൾഡ് ഇടിഎഫ് : 42.37 കോടി
(ഇത് 6 കൊല്ലം കൊണ്ട് 350 കോടി കടന്നു)
∙ മറ്റ് സ്കീമുകളും ചേർത്ത് ആകെ : 26,868 കോടി രൂപ.
ഒറ്റവർഷംകൊണ്ട് ഒറ്റക്കുതിപ്പ്
കഴിഞ്ഞ ഒറ്റവർഷത്തെ കണക്കുനോക്കിയാലും മ്യൂച്വൽഫണ്ടിലെ എല്ലാ നിക്ഷേപ വിഭാഗങ്ങളിലും കേരളീയരുടെ നിക്ഷേപമൂല്യം ഉയർന്നിട്ടുണ്ട്. 2024 ജൂലൈയിലെ കണക്ക് ഇങ്ങനെ:
∙ ലിക്വിഡ് സ്കീം : 4,859.30 കോടി
∙ മറ്റ് ഡെറ്റ് : 5,850.53 കോടി
∙ ഇക്വിറ്റി ഓറിയന്റഡ് : 59,504.87 കോടി
∙ ബാലൻസ്ഡ് : 6,613.99 കോടി
∙ ഗോൾഡ് ഇടിഎഫ് : 177.06 കോടി
(ഒറ്റവർഷംകൊണ്ട് ഇത് ഇരട്ടിയായി)
∙ മറ്റ് സ്കീമുകളും ചേർത്ത് ആകെ : 78,411.01 കോടി രൂപ.
എന്താണ് മലയാളികളെ ഓഹരി, മ്യൂച്വൽഫണ്ട് എന്നിവയിലേക്ക് ആകർഷിക്കുന്നത്?
ചിട്ടി, ഭൂമി, സ്വർണം, എഫ്ഡി തുടങ്ങി പരമ്പരാഗത നിക്ഷേപ മാർഗങ്ങളിൽ നിന്ന് കേരളീയർ മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
ഇതിൽ യുവാക്കളും മുതിർന്നവരുമൊക്കെയുണ്ട്. ഈ ‘ഷിഫ്റ്റി’നു നിരവധി കാരണങ്ങളുമുണ്ട്.
1) അവബോധം കൂടി: വിയർപ്പൊഴുക്കി സമ്പാദിക്കുന്ന പണം കേവലം ‘സൂക്ഷിക്കുക’ (സേവിങ്സ്) എന്നതിനപ്പുറം ‘ആസ്തി സൃഷ്ടിക്കുക’ (വെൽത്ത് ക്രിയേഷൻ) എന്നതിനായിരിക്കണം എന്ന അവബോധം മലയാളിക്കും ഇപ്പോഴുണ്ട്.
പണപ്പെരുപ്പത്തെ മറികടക്കുന്ന നിക്ഷേപം വേണമെന്ന അറിവ് കൂടുതൽ മലയാളികളെ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് നയിച്ചു.
2) പരമ്പരാഗത നിക്ഷേപങ്ങളുടെ മാറ്റം: സ്ഥിരനിക്ഷേപം (എഫ്ഡി) പലിശനിരക്ക് കുത്തനെ കുറഞ്ഞ് അനാകർഷകമായി തുടങ്ങിയിരിക്കുന്നു. റിയൽ എസ്റ്റേറ്റിന്റെ പെരുമയും കുറയുകയാണ്.
ഭൂമി വിൽപന കേരളത്തിൽ പ്രയാസമേറിയതായിരിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും ‘ഫോർ സെയിൽ’ എന്ന ബോർഡ് കാണാമെങ്കിലും വിൽപന കാര്യക്ഷമമായില്ല.
3) ‘ഗോൾ’ അടിക്കണം: ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കാൻ നിക്ഷേപം ക്രമീകരിക്കേണ്ടതിനെ കുറിച്ച് മലയാളികൾ പഠിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹംം, പുതിയ വീട്, പുതിയ കാർ, റിട്ടയർമെന്റ് പ്ലാനിങ് എന്നിവയ്ക്ക് അനുസരിച്ച് ആസ്തിവിന്യാസം (അസറ്റ് അലോക്കേഷൻ) ഇപ്പോൾ മലയാളികളും നടത്തുന്നു. ഒരാളുടെ കൈവശം ഒരുലക്ഷം രൂപ ലഭിച്ചുവെന്നിരിക്കട്ടെ.
മുൻകാലങ്ങളിൽ അയാൾ അത് എഫ്ഡിയായി നിക്ഷേപിക്കാനോ സ്വർണാഭരണം വാങ്ങാനോ ആയിരുന്നു സാധ്യത കൂടുതൽ. ഇപ്പോൾ അങ്ങനെയല്ല.
നിക്ഷേപവൈവിധ്യവൽകരണമാണ് പുതിയ ഉപായം. ഒരുലക്ഷം രൂപയിൽ 20,000 രൂപ മ്യൂച്വൽഫണ്ട്/ഓഹരികളിൽ നിക്ഷേപിക്കുന്നു.
20,000 രൂപയ്ക്ക് സ്വർണാഭരണം വാങ്ങുന്നു. 25,000 രൂപ എഫ്ഡി ഇടുന്നു.
ബാക്കിത്തുക ഇൻഷുറൻസ്, മറ്റ് നിക്ഷേപസ്കീമുകൾ എന്നിവയ്ക്കും ഉപയോഗിക്കുന്നു.
നിക്ഷേപം എളുപ്പമായി
ഒറ്റയടിക്ക് വൻതുക നിക്ഷേപിക്കാൻ മാത്രമല്ല, ചെറിയതുക പോലും തവണവ്യവസ്ഥയിൽ മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കാമെന്നതും മൊബൈൽഫോണിൽ ലളിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നതും സാധാരണക്കാരെയും ഈ രംഗത്തേക്ക് എത്തിച്ചു. പല മ്യൂച്വൽഫണ്ടുകളും 100 രൂപ മുതൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാൻ അവസരം നൽകുന്നു.
തവണവ്യവസ്ഥയിൽ മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാവുന്ന സൗകര്യമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]