
കാഞ്ഞാണി∙ വെള്ളേന്തടം റോഡിന്റെ കുറുകെയുള്ള ഗട്ടറിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരായ അമ്മയ്ക്കും കുഞ്ഞിനും പരുക്കേറ്റിട്ടും അപകടഗർത്തം അടയ്ക്കാൻ ജലഅതോറിറ്റി തയാറായില്ലെന്ന് പരാതി. ഇരുചക്രവാഹനക്കാരും ഓട്ടോ യാത്രക്കാരുമാണ് ഇവിടെ അപകടത്തിൽപെടുന്നത്.
മഴ പെയ്താൽ സമീപത്തെ പറമ്പിൽ നിന്നുള്ള വെള്ളം ഈ ഗർത്തത്തിലൂടെ റോഡിലേക്ക് കുത്തി ഒഴുകും.
കാഞ്ഞാണി സെന്ററിലെ ഗതാഗതക്കുരുക്കിൽ പെടാതെ ചെറുവാഹനങ്ങൾക്ക് പറത്താട്ടിൽ സ്റ്റോപ്പിൽ നിന്ന് ആനക്കാട് – വെള്ളേന്തടം റോഡിലൂടെ മണലൂർ, പാവറട്ടി ഭാഗത്തേക്ക് പോകാനുള്ള ഈ ബദൽ റോഡിലൂടെ റോഡ് പരിചയമില്ലാത്തവർ വരുമ്പോഴാണ് ഗർത്തത്തിൽ വാഹനം വീണ് അപകടമുണ്ടാകുന്നത്.
ജലജീവൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടാൻ റോഡ് കുറുകെ പൊളിച്ച് പൈപ്പ് സ്ഥാപിച്ച ശേഷം റോഡ് ടാറിങ് നടത്താതിനാലാണ് ഇവിടെ ഗർത്തം രൂപപ്പെട്ടത്. പല തവണ എക്സി.എൻജിനീയറോട് പരാതിപ്പെട്ടിട്ടും മറുപടി പോലും പറയുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.റോഡിന്റെ കുറുകെ പൊളിക്കുമ്പോൾ അത് പൂർവസ്ഥിതിയിലാക്കാൻ വാട്ടർ അതോറിറ്റി ഒന്നും ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്. ഒരു മുന്നറിയിപ്പ് ബോർഡ് പോലും ഗർത്തത്തിനടുത്ത് സ്ഥാപിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]