
രാമനാട്ടുകര ∙ ഉദ്ഘാടനത്തിനൊരുങ്ങി രാമനാട്ടുകര നഗരസഭ ഓഫിസ് കെട്ടിട സമുച്ചയം.
കെട്ടിടത്തിന്റെ 95% പ്രവൃത്തികളും പൂർത്തിയായി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു നടപടികൾ തുടങ്ങി. അടുത്തമാസം ഉദ്ഘാടനം നടത്താനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.കിഫ്ബി അനുവദിച്ച 13.25 കോടി രൂപ ചെലവിട്ടാണു 4151 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നഗരസഭയ്ക്കു പുതിയ ആസ്ഥാനമന്ദിരം നിർമിച്ചത്.
ചെത്തുപാലം തോടിനു സമീപം നഗരസഭ ഏറ്റെടുത്ത 1.02 ഏക്കറിലാണ് അത്യാധുനിക സൗകര്യത്തോടെയാണു 4 നില കെട്ടിടം സജ്ജമാക്കിയത്. അഗ്നിസുരക്ഷാ സംവിധാനം, ട്രാൻസ്ഫോമർ, മുറ്റത്ത് ഇന്റർലോക്ക് വിരിക്കൽ, ചുറ്റുമതിൽ തുടങ്ങിയ അവസാനഘട്ട പണികളാണ് ഇനി ബാക്കി.
തികച്ചും പരിസ്ഥിതി സൗഹൃദമായി നിർമിച്ച കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യം, കാത്തിരിപ്പു കേന്ദ്രം, എല്ലാ നിലകളിലും ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്.
ഓഫിസിനോട് അനുബന്ധിച്ചു വിശാലമായ പാർക്കിങ് സൗകര്യവും കന്റീനും ക്രമീകരിക്കുന്നുണ്ട്. 31 കൗൺസിലർമാരാണ് നഗരസഭയിലുള്ളത്.
വിശാലമായ കൗൺസിൽ ഹാൾ സജ്ജമാക്കിയ കെട്ടിടത്തിൽ നഗരസഭ പരിപാടികൾ നടത്തുന്നതിനു 400 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള പൊതു ഹാളും നിർമിച്ചിട്ടുണ്ട്.റോഡ്, ഫർണിച്ചർ, ഇലക്ട്രിഫിക്കേഷൻ, വൈദ്യുതി ഇന്റർനെറ്റ് സൗകര്യം, ചുറ്റുമതിൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ പദ്ധതിയിൽ അനുവദിച്ച 2 കോടിയോളം രൂപ ചെലവിട്ടാണു നടപ്പാക്കുന്നത്.
നിർമിച്ചത് ആധുനിക കെട്ടിട സമുച്ചയം
രാമനാട്ടുകര നഗരസഭയുടെ പുതിയ കെട്ടിടത്തിൽ നഗരസഭാധ്യക്ഷ, ഉപാധ്യക്ഷൻ, സ്ഥിരം സമിതി അധ്യക്ഷർ, സെക്രട്ടറി എന്നിവരുടെ മുറികൾ ഒന്നാം നിലയിലാണു ക്രമീകരിക്കുന്നത്. ഓഫിസ് കാബിൻ, ഫ്രണ്ട് ഓഫിസ്, കാഷ് കൗണ്ടർ, റിസപ്ഷൻ, കുടുംബശ്രീ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, എൻയുഎൽഎം ഓഫിസ്, ഹെൽത്ത് സ്റ്റോർ, ഐസിഡിഎസ് ഓഫിസ് എന്നിവ താഴത്തെ നിലയിലാകും പ്രവർത്തിക്കുക. എൻജിനീയറിങ് വിഭാഗം, ആരോഗ്യവിഭാഗം, റവന്യു വിഭാഗം, ലൈബ്രറി, വയോമിത്രം, റെക്കോർഡ് റൂം എന്നിവ രണ്ടാം നിലയിലും കൗൺസിൽ ഹാൾ, മിനി കോൺഫറൻസ് ഹാൾ, കൗൺസിലേഴ്സ് ലോഞ്ച് എന്നിവ മുന്നാം നിലയിലുമാണ് ഒരുക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]