
വിതുര∙ അവധി ദിനങ്ങളിൽ പൊന്മുടിയിലേക്കുള്ള സഞ്ചാരികളുടെ വർധന പരിഗണിച്ച് ആവശ്യാനുസരണം അധിക സർവീസുകൾ ഓപ്പറേറ്റ് ചെയ്യാതെ കെഎസ്ആർടിസി. മറ്റ് ദിവസങ്ങളിലുള്ള അത്രയും ബസുകൾ മാത്രമാണ് അവധി ദിവസങ്ങളിലും പൊന്മുടിയിലേക്ക് സർവീസുകൾ നടത്തുന്നത്.
ചിലത് ഒഴിവാക്കാറുമുണ്ട്. തിരക്ക് പരിഗണിച്ച് മതിയായ എണ്ണം സർവീസുകൾ കൂടുതലായി ഓപ്പറേറ്റ് ചെയ്യണമെന്ന ആവശ്യം ഉയർന്നെങ്കിലും നാളിതു വരെ അതിനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഫലമോ യാത്രക്കാരെ കുത്തിനിറച്ച് അപകടകരമായ രീതിയിലാണ് പല ട്രിപ്പുകളും ഓടുന്നത്.
സഞ്ചാരികളിലേറെയും സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് എത്തുന്നതെങ്കിലും കെഎസ്ആർടിസിയെ ആശ്രയിക്കുന്നവർ ഒരു വിഭാഗമുണ്ട്. ബസിലുള്ള പൊന്മുടി യാത്ര പ്രത്യേക അനുഭവം ആണെന്ന തിരിച്ചറിവാണ് പലരും ഈ യാത്ര തിരഞ്ഞെടുക്കുന്നതിനു പിന്നിൽ.
എന്നാൽ ഒരു തവണ പൊന്മുടിയിലേക്ക് ബസിൽ വന്ന് മടങ്ങിയാൽ ദുരിതമായിരിക്കും ഫലം. ഇടിയും തൊഴിയും അനുഭവിച്ചു വേണം യാത്ര ചെയ്യാൻ.
വൈകുന്നേരങ്ങളിൽ കൂടുതൽ സർവീസ് വേണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല.
വിതുര ഡിപ്പോയിൽ നിന്ന് ഒരേയൊരു സർവീസ് മാത്രമാണുള്ളത്. മറ്റുള്ളവ നെടുമങ്ങാട്, പാലോട് ഉൾപ്പെടെയുള്ള ഡിപ്പോകളുടേതാണ്.
അവധി ദിവസങ്ങളിൽ പാലോട് ഡിപ്പോയുടെ ഒരു ബസ് അധികമായി ഓടുമെങ്കിലും ചില ദിവസങ്ങളിൽ ഉണ്ടാകാറില്ലെന്നാണ് പരാതി.
വിതുരയിൽ നിന്ന് പൊന്മുടിയിലേക്ക് രാവിലെ 7.10, 8.30, 9.40, 11.00, 12.45, 2.30, 4.10, 8.20 എന്നീ സമയങ്ങളിൽ ബസുണ്ട്. 4.10 കഴിഞ്ഞാൽ 4 മണിക്കൂർ കഴിഞ്ഞേ അടുത്ത ബസുള്ളൂ എന്നത് ബുദ്ധിമുട്ടാണ്.
5 നും 7നും ഇടയിൽ ബസ് ഉണ്ടാകേണ്ടത് അത്യാവശ്യം. അങ്ങനെ വരുമ്പോൾ 7 നു ശേഷം പൊന്മുടിയിൽ നിന്ന് വിതുരയിലേക്ക് ഒരു ട്രിപ് കൂടി അയക്കാനാകും.
നിലവിൽ 7 നു ശേഷം സർവീസില്ല. നിലവിൽ പൊന്മുടിയിൽ നിന്ന് വിതുര ഭാഗത്തേക്ക് രാവിലെ 6.00, 8.30, 10.15, 11.00, 12.50, 2.30, 4.10, 5.40 എന്നിങ്ങനെയാണ് ട്രിപ്പുകൾ.
ഉച്ചയ്ക്ക് 12.50 ന്റെ ട്രിപ്പുകൾ കഴിഞ്ഞാൽ 2.30, 4.10, 5.40 ഉൾപ്പെടെ 3 ട്രിപ്പുകളേയുള്ളൂ.
വൈകിട്ട് 4 കഴിഞ്ഞാൽ തിരിച്ചു വരാൻ കാത്തു നിൽക്കുന്ന സഞ്ചാരികളുടെ വലിയ നിര തന്നെ പൊന്മുടിയിൽ ഉണ്ടാകും. ഈ സമയത്ത് അധികമായി രണ്ടോ മൂന്നോ ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്താൽ സഞ്ചാരികൾക്ക് ഒരാശ്വാസമാകും.
മാത്രമല്ല കലക്ഷനിൽ ഗണ്യമായ വർധനയും ഉണ്ടാകും. ആവശ്യമെങ്കിൽ അധിക സർവീസ് നടത്താറുണ്ടെന്നാണ് കെഎസ്ആർടിസിയുടെ പക്ഷം. എന്നാൽ അത് ഗുണകരമാകാറില്ലെന്നാണ് ആക്ഷേപം.
ബുദ്ധിമുട്ടി ജീവനക്കാർ
കല്ലാർ∙ സംസ്ഥാന ഹൈവേയിലെ കല്ലാർ ഗോൾഡൻ വാലിക്കപ്പുറം മുതൽ ഹെയർപിൻ വളവുകളിലൂടെ ആണ് ഈ ബസുകൾ ഓടുന്നത്.
22 ഹെയ്പിൻ വളവുകൾ താണ്ടണം. ഡ്രൈവിങ് ശ്രമകരമാണ്.
ഒന്നു തെറ്റിയാൽ താഴ്ചയിലേക്ക് പതിക്കുന്ന അവസ്ഥ. ഇത്തരം റൂട്ടിലൂടെ നിറഞ്ഞ് ബസ് കവിഞ്ഞ് ആളുകളെയും നിറച്ച് വണ്ടി ഓടിക്കുന്ന ഡ്രൈവർമാരെ സമ്മതിക്കണം.
തിരക്കിനിടയിൽ ശ്രമകരമായി ജോലി ചെയ്യുന്ന കണ്ടക്ടർമാർക്കും ദുരിതം തന്നെ.
ഓണക്കാലത്ത് ബുദ്ധിമുട്ട് നേരിട്ടിരുന്നു
പൊന്മുടി∙ കഴിഞ്ഞ ഓണക്കാലത്ത് മൂന്ന് ബസിൽ കയറേണ്ട യാത്രക്കാർ ഒരു ബസിൽ കയറാൻ തിരക്ക് കൂട്ടിയത് വലിയ ബുദ്ധിമുട്ടായി. വൈകിട്ട് തിരുവനന്തപുരത്തേക്ക് വരേണ്ട
ബസ് സഞ്ചാരികൾ തടഞ്ഞു വച്ചു. ഡിപ്പോയിൽ വിവരം അറിയിച്ചതിനെ തുടർന്ന് മറ്റൊരു സർവീസ് ക്രമീകരിച്ച് പൊന്മുടിയിൽ എത്തിയ ശേഷമാണ് തടഞ്ഞു വച്ച ബസ് കൊണ്ടു പോകാൻ ജീവനക്കാരെ സഞ്ചാരികൾ അനുവദിച്ചത്. അധിക ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തില്ലെഭ്കിൽ ഈ ഓണക്കാലത്തും ഇതേ പ്രശ്നം ആവർത്തിച്ചേക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]