തുറവൂർ∙ കെൽട്രോൺ –കുമ്പളങ്ങി പാലം പണി തുടങ്ങാനായില്ല. നിർമാണം വൈകുന്നത് കുമ്പളങ്ങി–കെൽട്രോൺ ഫെറി ചങ്ങാട സർവീസ് മാറ്റാനാവാത്തതുകൊണ്ട്.
കുമ്പളങ്ങി– അരൂർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 300 മീറ്റർ നീളമുള്ള പാലം നിർമിക്കുന്നതിനു 35.36 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്.32 മീറ്റർ നീളത്തിൽ 8 സ്പാനുകളിലാണു പാലം നിർമിക്കുന്നത്. ഈ മാസം 18നു നിർമാണം തുടങ്ങാനായിരുന്നു തീരുമാനം.
എന്നാൽ ചങ്ങാട സർവീസ് മാറ്റാത്തതിനാൽ നിർമാണം ആരംഭിക്കാനായിട്ടില്ല.
കെൽട്രോൺ –കുമ്പളങ്ങി ചങ്ങാടം സർവീസ് അമ്മനേഴം – കുമ്പളങ്ങി ജനത കടത്ത് വഴി പുനഃസ്ഥാപിക്കാനായിരുന്നു തീരുമാനം.
ഇതേ തുടർന്ന് അരൂർ പഞ്ചായത്ത് സെക്രട്ടറി 16 മുതൽ ചങ്ങാടം സർവീസ് മാറ്റിയതായി ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷം ചങ്ങാട
സർവീസ് കുമ്പളങ്ങി പഞ്ചായത്തിന്റെ കീഴിലാണ്. സർവീസ് എടുത്തിരിക്കുന്ന കരാറുകാർക്കു പഞ്ചായത്തിൽനിന്ന് അറിയിപ്പുകളൊന്നും ലഭിക്കാതിരുന്നതിനാൽ സർവീസ് തുടരുകയാണ്.
കൂടാതെ കുമ്പളങ്ങിയിൽ ജനതാ കടത്തുകടവിൽ ജെട്ടി നിർമാണവും പൂർത്തിയായിട്ടില്ല. ഒപ്പം ഇരുഭാഗത്തും ബോട്ട്,ചങ്ങാട
സർവീസ് നടത്തുന്നതിനു കായലിൽ ആഴം കൂട്ടേണ്ടതുമുണ്ട്. എന്നാൽ കായലിലെ കനത്ത വേലിയേറ്റം ജെട്ടി നിർമാണത്തെ പ്രതികൂലമായി ബാധിക്കുന്നു.
അമ്മനേഴം റോഡും കുമ്പളങ്ങിക്കരയിലെ റോഡും യാത്രായോഗ്യമാക്കേണ്ടതുമുണ്ട്.
ഇതിനിടെ ചങ്ങാട സർവീസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് എംഎൽഎമാരായ കെ.ജെ.മാക്സി, ദലീമ ജോജോ എംഎൽഎ എന്നിവർ ഇരു പഞ്ചായത്തുകളെയും പങ്കെടുപ്പിച്ച് യോഗം ചേരാനുള്ള നീക്കത്തിലാണ്.18 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കണമെന്നാണു കരാർ.
പാലത്തിന്റെ ഇരു കരകളിലും അപ്രോച്ച് റോഡും നിർമിക്കണം.
കുമ്പളങ്ങി കരയിൽ 100 മീറ്റർ ദൈർഘ്യത്തിൽ ഇതിനായി സ്ഥലം അക്വയർ ചെയ്തിട്ടുണ്ട്. അരൂരിൽ 160 മീറ്ററാണു അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. ഇരുഭാഗത്തും പാലം നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ സൂക്ഷിക്കുന്നതിനു സ്ഥല സൗകര്യങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. അരൂർ–കുമ്പളങ്ങി കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആലപ്പുഴ ജില്ലയിലെ രണ്ടാമത്തെ പാലമാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]