
ആലത്തൂർ∙ ദേശീയപാത 544ൽ സ്വാതി ജംക്ഷനു സമീപം വാനൂരിൽ അടിപ്പാതയ്ക്കുള്ള സാധ്യത പരിശോധിക്കുമെന്നു ദേശീയപാത അധികൃതർ. അടിപ്പാത വേണമെന്ന ആവശ്യം ഉന്നയിച്ചു ജനകീയ സമിതി ഭാരവാഹികൾ ദേശീയപാത പ്രോജക്ട് ഡയറക്ടറുടെ ഓഫിസിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം മാനേജർ അറിയിച്ചത്.
ദേശീയപാത പ്രോജക്ട് ഡയറക്ടറുമായും ഭാരവാഹികൾ ഫോണിൽ ഇക്കാര്യം ചർച്ച ചെയ്തു. സ്വാതി ജംക്ഷനിൽ അടിപ്പാത നിർമിക്കുന്നതിനു വേണ്ടിയുള്ള കലുങ്കുകളുടെ നിർമാണമാണു വാനൂരിൽ നടക്കുന്നത്.
അടിപ്പാതയ്ക്കു വേണ്ടി കുമ്പളക്കോട്ടിൽ ദേശീയപാതയ്ക്കു കുറുകെ അഴുക്കുചാലിനു കലുങ്ക് നിർമിച്ചു കഴിഞ്ഞു.
തുടർന്നാണ് വാനൂരിലെ കലുങ്കുകളുടെ നിർമാണം ആരംഭിച്ചത്. ഇതിനായി ദേശീയപാത കുറുകെ പൊളിച്ചതോടെയാണു വാനൂർ പ്രദേശം ഒറ്റപ്പെട്ടത്. സ്വാതി ജംക്ഷനിലെ അടിപ്പാതയ്ക്കു വേണ്ടിയുള്ള മേൽപാലം കുമ്പളക്കോട്ട് ആരംഭിച്ച് കേരളപ്പറമ്പ് ജംക്ഷനിൽ നിന്ന് 400 മീറ്റർ മുന്നോട്ടു നീങ്ങി അവസാനിക്കുന്ന രീതിയിലാണു നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
ഇതിനു വേണ്ടി വാനൂരിൽ മാത്രം 3 കലുങ്കുകൾ നിർമിക്കേണ്ടതുണ്ട്. സർവീസ് റോഡ് ഗതാഗതയോഗ്യമാക്കിയ ശേഷം ദേശീയപാത പൊളിച്ചിരുന്നുവെങ്കിൽ പ്രതിസന്ധി രൂക്ഷമാകില്ലായിരുന്നു.
വാനൂരിൽ നിന്ന് ആലത്തൂരിലേക്കുള്ള റോഡും തടസ്സപ്പെടുത്തിയതോടെ പ്രദേശവാസികൾക്ക് ആലത്തൂരിലെത്താൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടി വരുന്നു.
കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു.
തുടർന്ന് വാനൂർ നിവാസികൾ ജനകീയ സമിതി രൂപീകരിച്ചാണ് ദേശീയപാത അധികൃതരെ നേരിൽക്കണ്ടു പ്രതിഷേധം അറിയിച്ചത്. കേരളപ്പറമ്പ് ജംക്ഷനിൽ നിന്നും വാനൂർ – ആലത്തൂർ റോഡിൽ പ്രവേശിക്കുന്ന തരത്തിൽ ആംബുലൻസ്, കാർ തുടങ്ങിയവയ്ക്കു പോകാൻ പാകത്തിൽ അടിപ്പാതയ്ക്കുള്ള സാധ്യത പരിശോധിക്കാമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
ഇക്കാര്യങ്ങൾ വിശദീകരിക്കാൻ വിപുലമായ ജനപങ്കാളിത്തത്തോടെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിക്കും.എംപി, എംഎൽഎ എന്നിവരെയും യോഗത്തിൽ പങ്കെടുപ്പിക്കും.
ഈ ആവശ്യത്തിനായി വാനൂർ നിവാസികൾ മുഴുവൻ ഒപ്പിട്ട നിവേദനം അധികൃതർക്കു നൽകും. അടിപ്പാത യാഥാർഥ്യമാകുന്നതു വരെ സമരപരിപാടികളുമായി മുന്നോട്ടു പോകും. ജനകീയസമിതി ഭാരവാഹികളായ സി.ഉണ്ണിക്കൃഷ്ണൻ (ചെയർമാൻ), കെ.ചന്ദ്രൻ, എ.ജാഫർ (വൈസ് ചെയർമാൻ), എൻ.ഗിരീഷ് (കൺവീനർ), കെ.സതീഷ്, കെ.ജയപ്രസാദ് (ജോ.കൺവീനർ ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]