
ഇരിങ്ങാലക്കുട∙ തൃശൂർ–കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കെഎസ്ടിപി നടത്തുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി പൂതംകുളം ജംക്ഷന് സമീപം നിർമിച്ച കലുങ്കിന്റെ ഒരു വശത്ത് സംരക്ഷണഭിത്തി നിർമിക്കാത്തത് അപകടക്കെണിയാകുന്നു എന്ന പരാതിയുമായി വ്യാപാരികൾ രംഗത്ത്. റോഡിന്റെ കോൺക്രീറ്റിങ് പണികൾ പൂർത്തീകരിക്കുന്നതിന് മുൻപേ കലുങ്കിന്റെ ഒരുവശത്ത് പാർശ്വ ഭിത്തി നിർമാണം പൂർത്തീകരിച്ചിരുന്നു.
മറുവശത്ത് സംരക്ഷണ ഭിത്തി നിർമിക്കാത്തതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്ന വാഹനങ്ങളും റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനയാത്രികരും അപകടത്തിൽപെടുന്ന അവസ്ഥയാണ്.
റോഡിന്റെ ഉയരത്തിൽ നിന്ന് താഴ്ന്ന ഭാഗത്താണ് വ്യാപാര സ്ഥാപനങ്ങളുള്ളത്. റോഡ് നിർമാണം വൈകിയതോടെ ഈ മേഖലയിലെ ഒട്ടേറെ കച്ചവടക്കാർ സ്ഥാപനങ്ങൾ അടച്ചുപൂട്ടി കച്ചവടം അവസാനിപ്പിച്ചിരുന്നു.
പൂതംകുളം ജംക്ഷൻ മുതൽ ക്രൈസ്റ്റ് കോളജ് ജംക്ഷൻ വരെ ഇരുവശത്തും കാനകളുടെ നിർമാണം പൂർത്തീകരിച്ചിട്ടില്ല.
മഴ പെയ്താൽ കലുങ്കിനു സമീപത്തെ സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നതായി വ്യാപാരികൾ പറഞ്ഞു. മാസങ്ങളായി കരുവന്നൂർ ഭാഗത്താണ് കെഎസ്ടിപിയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നത്.
പൂതംക്കുളം ജംക്ഷൻ മുതൽ ചന്തക്കുന്ന് വരെയുള്ള പണികൾ പുരോഗമിക്കുകയാണ്. റോഡിന്റെ കോൺക്രീറ്റിങ് പൂർത്തീകരിച്ച ഭാഗത്ത് നടത്തേണ്ട അനുബന്ധ പ്രവൃത്തികളും ഉപേക്ഷിച്ച മട്ടാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
അടിയന്തരമായി കലുങ്കിന്റെ പാർശ്വഭിത്തിയും കാനകളുടെ നിർമാണവും പൂർത്തീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും വ്യാപാരികൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]