
വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ സൗജന്യയാത്രയ്ക്കുള്ള ദൂരപരിധി വെട്ടിക്കുറച്ചു. ഇനി മുതൽ 7.5 കിലോമീറ്റർ പരിധിയിലുള്ളവർക്കു മാത്രമാണു സൗജന്യം നൽകുക.
ഇതിന് ഈ മാസം 31 വരെ രേഖകൾ ടോൾ പ്ലാസയിൽ സ്വീകരിക്കും. എന്നാൽ, സ്കൂൾ വാഹനങ്ങൾ, 4 ചക്ര ഓട്ടോറിക്ഷകൾ എന്നിവയുടെ കാര്യത്തിൽ തീരുമാനമായില്ല. ഇന്നലെ കലക്ടറേറ്റിൽ പി.പി.സുമോദ് എംഎൽഎയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിൽ പ്രധാനപ്പെട്ട
വിഷയങ്ങളിൽ തീരുമാനം എടുക്കാതെ ടോൾ കമ്പനിയും ദേശീയപാത അതോറിറ്റിയും മലക്കം മറിഞ്ഞു.
പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും നാലുചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യം നൽകുമെന്നു നേരത്തെ ടോൾ കമ്പനി ഉറപ്പു നൽകിയതാണ്. അഡീഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് 9.4 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കു സൗജന്യം അനുവദിക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും കമ്പനി ഇത് ആരുമറിയാതെ ഏഴരയായി കുറച്ചു.
ഇതും നിഷേധിച്ചപ്പോഴാണ് എംഎൽഎ ഇടപെട്ടു യോഗം വിളിച്ചത്. ഏഴര കിലോമീറ്റർ പരിധിയിൽ കൂടുതൽ സൗജന്യമില്ലെന്ന ടോൾ കമ്പനി തീരുമാനം ചർച്ചയിൽ അംഗീകരിച്ചതിൽ പ്രതിഷേധം ശക്തമാണ്. വീണ്ടും സർവ കക്ഷി യോഗം വിളിക്കണമെന്നാണു സംയുക്ത സമര സമിതിയുടെ ആവശ്യം.
സ്വകാര്യ സ്കൂൾ വാഹനങ്ങളിൽ നിന്നു മാസം 1915 രൂപ കമ്പനി ഈടാക്കുന്നുണ്ട്.
സർക്കാർ, എയ്ഡഡ് സ്കൂൾ വാഹനങ്ങൾക്കു മാത്രമാണ് ഇപ്പോൾ സൗജന്യം നൽകുന്നത്. 4 ചക്ര ഓട്ടോറിക്ഷകൾക്കു മാസം 350 രൂപ അടയ്ക്കണമെന്നാണു നിർദേശം.
മറ്റെല്ലാ ടോൾ ബൂത്തുകളിലും 4 ചക്ര ഓട്ടോറിക്ഷകൾക്കു സൗജന്യം അനുവദിക്കുന്നതായി ഓൾ കേരള ഓട്ടോ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ഇ.താജുദ്ദീൻ പറഞ്ഞു. ഇത് അനുവദിക്കുന്നതു വരെ സമരം തുടരും.
എഡിഎം കെ.സുനിൽകുമാർ, ആർഡിഒ കെ.മണികണ്ഠൻ തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സമരസമിതി നേതാക്കളും പങ്കെടുത്തു.
മറ്റു തീരുമാനങ്ങൾ
∙ പുതിയ വാഹനങ്ങളുടെയും സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെയും സൗജന്യ യാത്രയ്ക്കുള്ള അപേക്ഷ സ്വീകരിക്കും. വാർഷിക ടോൾ പാസ് എടുക്കുന്നവർക്കു സൗജന്യയാത്ര ആനുകൂല്യം ലഭ്യമാകില്ല.
∙ ചുവട്ടുപാടം ഭാഗത്തു പൂർത്തീകരിക്കാനുള്ള സർവീസ് റോഡിന്റെ ടെൻഡർ പൂർത്തിയായി.
സെപ്റ്റംബറിൽ നിർമാണം തുടങ്ങും. സർവീസ് റോഡിന്റെ പ്രശ്നങ്ങൾ സംയുക്ത സമിതി പരിശോധിച്ചു നടപടി സ്വീകരിക്കും. ∙ വഴക്കുംപാറ പാലത്തിൽ തെരുവു വിളക്കുകൾ ഇല്ലാത്തിടത്തു സ്ഥാപിക്കും. ∙ വടക്കഞ്ചേരി മേൽപാലം, മംഗലംപാലം എന്നിവ ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നു.
നവംബറിൽ റോഡിന്റെ റീ–ടാറിങ് ആരംഭിക്കും. ∙ മംഗലം ഇടതുകര കനാലിലേക്കു തങ്കം കവലയിലെ സർവീസ് റോഡിൽ നിന്നു മഴവെള്ളം ഒഴുക്കി വിടുന്നതു നിർത്തും. പരിഹാരമാർഗം സ്വീകരിക്കും. ∙ മേൽപാലം നിർമാണങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് അടിയന്തരപരിഹാരം കാണും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]