
പെരിയ ∙ കേരള കേന്ദ്ര സർവകലാശാലയിൽ നിർമാണം പൂർത്തിയായ ഹോസ്റ്റൽ കെട്ടിടങ്ങളിലെ മുറികൾ വിദ്യാർഥികൾക്ക് അനുവദിച്ചു തുടങ്ങി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 200 വീതം കിടക്കകളുള്ള 2 ഹോസ്റ്റൽ കെട്ടിടങ്ങളാണ് ക്യാംപസിൽ പൂർത്തിയായത്.
നിർമാണം പൂർത്തിയായി മാസങ്ങളായിട്ടും കെട്ടിടങ്ങൾ തുറക്കാത്തതിൽ ക്യാംപസിലെ ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെ ആക്ഷേപമുന്നയിച്ചിരുന്നു.
എന്നാൽ നാലു വർഷ ബിരുദ കോഴ്സിനുള്ള കുട്ടികൾ അടുത്തയാഴ്ച എത്തുന്നതോടെ നിലവിലെ ഹോസ്റ്റൽ കെട്ടിടങ്ങളിൽ ഒഴിവുള്ള മുറികളിൽ അവരെ പ്രവേശിപ്പിച്ച ശേഷം പുതിയ കെട്ടിടങ്ങളിൽ വിദ്യാർഥികൾക്കു പ്രവേശനം അനുവദിക്കുമെന്നാണ് അധികൃതർ പറഞ്ഞത്. നാലു വർഷ കോഴ്സിൽ പ്രവേശനം നേടിയവരിൽ കൂടുതലും പെൺകുട്ടികളാണ്. 40 കിലോമീറ്ററിൽ കൂടുതൽ ദൂരത്തു നിന്നു വരുന്നവർക്കേ ഹോസ്റ്റൽ മുറി അനുവദിക്കാനാകൂവെന്നാണ് നിലവിലെ സർവകലാശാലാ ചട്ടം.
കഴിഞ്ഞദിവസങ്ങളിൽ കേന്ദ്ര സർവകലാശാലാ പരിസരത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞതിനെത്തുടർന്ന് സർവകലാശാലയിലെ രാത്രികാല പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ ക്യാംപസിൽ ഹോസ്റ്റൽ സൗകര്യം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുകൂടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം.
നാലുവർഷ ബിരുദ കോഴ്സിലെ പ്രവേശന നടപടി പൂർത്തിയാകാത്തതിനാൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം കൃത്യമായി ലഭിക്കാത്തതും മുറി അനുവദിക്കുന്നതിനു തടസമായെന്ന് അധികൃതർ പറഞ്ഞു. ഇപ്പോൾ പ്രവശനം നേടിയ 150 വിദ്യാർഥികളിൽ 95 പെൺകുട്ടികളാണ്.
27 വകുപ്പുകളിലായി 109 ഗവേഷക വിദ്യാർഥികളും ഈ വർഷം എത്തിയിട്ടുണ്ട്. ഹോസ്റ്റലിൽ കിടക്കകൾ ഒഴിവുണ്ടെങ്കിൽ ആവശ്യക്കാരായ വിദ്യാർഥികൾക്ക് അനുവദിക്കുമെന്നും ഇക്കാര്യത്തിൽ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്നും സർവകലാശാല അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]