
ആഭരണപ്രിയർക്കും കല്യാണം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്ക് ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘സുവർണാവസരമായി’ സ്വർണവിലയിൽ ഇന്നും വൻ വീഴ്ച. രണ്ടാഴ്ചമുൻപ് കേരളത്തിൽ സർവകാല ഉയരംതൊട്ട
പൊന്ന്, പിന്നെ നേരിട്ടത് തുടർച്ചയായ വീഴ്ച. ഇന്നു ഗ്രാമിന് 55 രൂപ ഇടിഞ്ഞ് വില 9,180 രൂപയും പവന് 440 രൂപ താഴ്ന്ന് 73,440 രൂപയുമായി.
ഓഗസ്റ്റ് 8ന് വില ഗ്രാമിന് റെക്കോർഡ് 9,470 രൂപയായിരുന്നു; പവന് 75,760 രൂപയും.
തുടർന്ന് ഇതുവരെ പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയും ഇടിഞ്ഞു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ കുറഞ്ഞത് ഗ്രാമിന് 95 രൂപ; പവന് 760 രൂപ.
സ്വർണവില താഴുമ്പോൾ ആനുപാതികമായി ജിഎസ്ടി, പണിക്കൂലി എന്നിവയുടെ ഭാരവും കുറയുമെന്നത് വിവാഹപാർട്ടികൾക്കുൾപ്പെടെ നേട്ടമാണ്. ഉദാഹരണത്തിന്, ഓഗസ്റ്റ് 8ന് ഒരു പവൻ ആഭരണം വാങ്ങാൻ 3% ജിഎസ്ടിക്കും 53.10 രൂപ ഹോൾമാർക്ക് (എച്ച്യുഐഡി) ചാർജിനും പുറമെ വെറും 5% പണിക്കൂലിയും കൂട്ടിയാൽതന്നെ 82,000 രൂപയോളം ആകുമായിരുന്നു.
ഒരു ഗ്രാം സ്വർണാഭരണത്തിന് 10,500 രൂപയോളവും.
ഇന്നു വാങ്ങുകയാണെങ്കിൽ ഒരു പവൻ ആഭരണത്തിന് 5% പണിക്കൂലിപ്രകാരം 79,370 രൂപയേ വരൂ; ഒരു ഗ്രാം ആഭരണത്തിന് 9,922 രൂപയും. അതായത് പവന് 2,600 രൂപയോളം ആശ്വാസം.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ചില ജ്വല്ലറി ഷോറൂമുകളിൽ ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,590 രൂപയിലെത്തി. മറ്റ് ചില ജ്വല്ലറികളിൽ വില 50 രൂപ കുറഞ്ഞ് 7,535 രൂപ.
വെള്ളിക്കും വില വ്യത്യസ്തമാണ്.
ചില കടകളിൽ വില ഇന്ന് ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 122 രൂപ. മറ്റ് ജ്വല്ലറികൾ ഇന്നലെ അവർ നിശ്ചയിച്ച വിലയായ 122 രൂപ ഇന്നും നിലനിർത്തി.
14 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,865 രൂപയും 9 കാരറ്റ് വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 3,780 രൂപയുമായി.
വില ഇനിയും കുറയുമോ? വാങ്ങാൻ കാത്തിരിക്കണോ?
സ്വർണവില ചാഞ്ചാടുന്ന സൂചനയാണ് രാജ്യാന്തരവില നൽകുന്നത്. രാവിലെ വില ഔൺസിന് 18 ഡോളർ ഇടിഞ്ഞ് മൂന്നാഴ്ചത്തെ താഴ്ചയായ 3,314 ഡോളറിൽ എത്തിയ സാഹചര്യത്തിലാണ് ഇന്ന് കേരളത്തിൽ വില താഴ്ന്നതും.
യൂറോ, യെൻ, പൗണ്ട്, സ്വിസ് ഫ്രാങ്ക് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.08% ഉയർന്ന് 98.34ൽ എത്തിയത് സ്വർണത്തിന് തിരിച്ചടിയായി.
∙ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ ഈയാഴ്ച ജാക്സൺ ഹോൾ സിംപോസിയത്തിൽ പ്രഭാഷണം നടത്തുന്നുണ്ട്. അടിസ്ഥാന പലിശനിരക്കിന്റെ ഭാവി എങ്ങോട്ടെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടാകും.
∙ ‘‘ഇല്ല, പലിശനിരക്ക് കുറയ്ക്കാൻ തൽക്കാലം ഞാൻ ഉദ്ദേശിക്കുന്നില്ല’’ എന്ന ധ്വനിയോടെയാണ് പ്രഭാഷണമെങ്കിൽ സ്വർണവില ഇനിയും താഴേക്കിറങ്ങും.
കേരളത്തിലും വിലയിടിയാൻ അതു സഹായിക്കും.
∙ മറിച്ച്, ‘‘അടുത്ത യോഗത്തിൽ പലിശനിരക്ക് കുറയ്ക്കുന്നത് പരിഗണിക്കാം’’ എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നതെങ്കിൽ സ്വർണവില തിരിച്ചുകയറും. കേരളത്തിലും വില കൂടാൻ അതിടയാക്കും.
രാജ്യാന്തരവില ഇപ്പോൾ (രാവിലെ 10 മണി) രണ്ട് ഡോളർ ഉയർന്ന് 3,318 ഡോളർ ആയിട്ടുണ്ട്.
∙ ഇന്ന് രൂപ ഡോളറിനെതിരെ 21 പൈസ താഴ്ന്ന് 87.16ൽ ആണ് വ്യാപാരം തുടങ്ങിയത്. രൂപ തളർന്നില്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ സ്വർണവില കൂടുതൽ ഇടിയുമായിരുന്നു.
രൂപയുടെ മൂല്യം കുറയുന്നത് സ്വർണത്തിന്റെ ഇറക്കുമതിച്ചെലവിനെ സ്വാധീനിക്കുന്നൊരു ഘടകമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]