നെടുമങ്ങാട് ∙ വഴയില – പഴകുറ്റി നാലുവരി പാതയുടെ ജോലികൾക്കായി നെടുമങ്ങാട്–പേരൂർക്കട റോഡിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം മൂലം ദുരിതപൂർണമായി വാഹനയാത്ര.
കരകുളം മേൽപാലത്തിന്റെ നിർമാണത്തിനായി റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ട് ഒരു വർഷത്തോളമായി. പണി ഇഴയുകയാണെന്നും ആരോപണമുണ്ട്.
നെടുമങ്ങാട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതും തിരിച്ചുമുള്ള വാഹനങ്ങളെ ഒട്ടേറെ ഇടറോഡുകളിലൂടെ ആണ് വഴി തിരിച്ചു വിടുന്നത്. കരകുളം കെൽട്രോൺ ജംക്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കാച്ചാണി വഴി കരകുളം പാലം ജംക്ഷനിലേക്കും കാച്ചാണി നെട്ടയം വഴി വഴയിലയിലേക്കും കാച്ചാണി വട്ടിയൂർക്കാവ് വഴി തിരുവനന്തപുരത്തേക്കും എത്താം.
കാച്ചാണി–വട്ടിയൂർക്കാവ് റോഡ് തകർന്ന നിലയിൽ ആണ്.
നെടുമങ്ങാട് വാളിക്കോട് മുല്ലശേരി വഴി കരകുളത്ത് എത്താവുന്ന റോഡിൽ വീതി കൂട്ടലിന്റെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ജോലികൾ നടക്കുന്നതിനാൽ ഗതാഗതക്കുരുക്കാണ്. രാവിലെയും വൈകിട്ടുമാണ് കൂടുതൽ തിരക്ക്.
കരകുളം കെൽട്രോൺ ജംക്ഷനിൽ നിന്ന് കരകുളം പഞ്ചായത്ത് ഓഫിസിലേക്ക് എത്താവുന്ന രണ്ട് ഇടറോഡുകളും തകർന്ന നിലയിൽ ആണ്. വഴയില മുതൽ പഴകുറ്റി വരെ 11.24 കിലോമീറ്റർ റോഡിൽ മൂന്ന് റീച്ചുകളായി തിരിച്ചാണ് ജോലികൾ.
ഇതിൽ ഒന്നാം റീച്ച് വഴയില മുതൽ കെൽട്രോൺ ജംക്ഷൻ വരെ 3.94 കിലോമീറ്ററിലെ ജോലികൾ കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ചു. രണ്ട് വർഷമാണ് കാലാവധിയെങ്കിലും ഇതിനുള്ളിൽ ഇൗ റീച്ചിന്റെ ജോലികൾ തീരുമെന്നാണ് അധികൃതർ പറയുന്നത്.
മേൽപാലത്തിന്റെ നിർമാണം
കരകുളം പാലം ജംക്ഷനു സമീപത്ത് നിന്ന് ആരംഭിച്ച് കെൽട്രോൺ ജംക്ഷനിൽ അവസാനിക്കുന്ന പാലത്തിന്റെ പൈലിങ് ജോലികൾ കഴിഞ്ഞു.
പിയർ നിർമാണം പുരോഗമിക്കുന്നു. 24 എണ്ണത്തിൽ 15 എണ്ണമായി.
മേൽപാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി 150 മീറ്റർ വീതം 300 മീറ്റർ അപ്രോച്ച് റോഡും 375 മീറ്റർ ഫ്ലൈ ഓവറും ആണ്. ആകെ 675 മീറ്റർ നീളവും 16.75 മീറ്റർ വീതിയും ആണ് മേൽപാലത്തിന് ഉള്ളത്.
59 കോടി രൂപ ചെലവിൽ ആണ് നിർമാണം. അടുത്ത ഏപ്രിലിൽ പൂർത്തിയാകുമെന്നാണ് വിവരം.
മന്ത്രി ജി.ആർ.അനിലിന്റെ ഒാഫിസ് അറിയിച്ചത്
രണ്ടാം റീച്ചായ കെൽട്രോൺ ജംക്ഷൻ മുതൽ വാളിക്കോട് വരെയുള്ള റോഡിന്റെ ജോലികൾ ടെൻഡർ ചെയ്തു.
123.31 കോടി രൂപ ചെലവിൽ 4.1 കിലോമീറ്റർ ദൂരമാണ് ഇതിൽ ഉൾപ്പെടുന്നത്. മേൽപാലത്തിന്റെയും കരകുളം പാലത്തിന്റെയും ആദ്യ റീച്ചിലെ റോഡിന്റെയും ജോലികൾ ഡിസംബർ 31 ന് പൂർത്തിയാക്കാൻ കഴിയുന്ന നിലയിലാണ് പുരോഗമിക്കുന്നത്.
23 ന് രണ്ടാം റീച്ചിന്റെ ടെൻഡർ തുറക്കും. രണ്ടാം റീച്ചിൽ അരുവിക്കര, കരകുളം, നെടുമങ്ങാട് എന്നീ വില്ലേജുകളിൽ നിന്നായി 11.34 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
പ്രവൃത്തിയുടെ ഭാഗമായി 317 ഭൂവുടമകൾക്ക് നഷ്ടപരിഹാര തുകയായി 284 കോടി രൂപയാണ് അനുവദിച്ചിട്ടുണ്ട്.
മൂന്നാം റീച്ചായ വാളിക്കോട് – പഴകുറ്റി പമ്പ് ജംക്ഷൻ- കച്ചേരി നട-11-ാം കല്ല് വരെയുള്ള ജോലികൾക്കായി നഷ്ടപരിഹാര തുകയ്ക്കായി 396.43 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഈ തുക റവന്യു വകുപ്പിന് കൈമാറുന്നതിനുള്ള നടപടികൾ നടക്കുകയാണ്.
സെപ്റ്റംബർ അവസാനത്തോടെ നിർമാണം തുടങ്ങുന്ന തരത്തിലാണ് നടപടികൾ മുന്നോട്ട് പോകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]