
കാസർകോട് ∙ അരനൂറ്റാണ്ടുകാലത്തെ ജില്ലയിലെ അപൂർവ്വ ഫ്രെയിമുകൾ. തന്റെ കാമറയിൽ പതിഞ്ഞ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ തുടങ്ങി ഡിജിറ്റൽ കാലത്ത് എത്തിയ നാടിന്റെ സ്പന്ദനങ്ങൾ നിധിപോലെ സൂക്ഷിച്ച് ഒരു ഫൊട്ടോഗ്രഫർ. കാസർകോട് പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ പ്രകാശ് സ്റ്റുഡിയോ ഉടമ കെ. ജയപ്രകാശ്(67)ന്റെ കൈവശമാണ് കാസർകോട്ടെ അപൂർവ ചിത്രങ്ങളുടെ ശേഖരമുള്ളത്.
1975ൽ ഫോട്ടോഗ്രഫി രംഗത്തെത്തിയ ജയപ്രകാശ് ഇന്നും ഫോട്ടോഗ്രഫി രംഗത്ത് സജീവം.ജില്ല രൂപീകരണ ദിവസം നടന്ന റാലിയും ആഘോഷവും, പഴയ കാലത്തെ കാസർകോട് റെയിൽവേ സ്റ്റേഷൻ, പതിറ്റാണ്ടുകൾക്കു മുൻപ് നടന്ന കൊറക്കോട് ആര്യകാത്ത്യായിനി ദേവസ്ഥാനം ബട്ട്ല സേവ ഘോഷയാത്ര, വഴി വെളിച്ചത്തിനു വേണ്ടി കാസർകോട് ജനത നടത്തിയ പോരാട്ടം, വനിതകൾ ഉൾപ്പെടെ പങ്കെടുത്ത ട്രെയിൻ തടയൽ സമരം, പുലിക്കുന്നിൽ വെള്ളത്തിനായി വരി നിൽക്കുന്ന പഴയ തലമുറയുടെ ദൃശ്യം, പൊളിച്ചു നീക്കിയ പഴയ മുബാറക് മസ്ജിദ്, പഴയ ഒരു ബന്ദ് ദിന കാഴ്ച തുടങ്ങിയവ ജയപ്രകാശിന്റെ ഫോട്ടോ ശേഖരത്തിലെ ചിലതു മാത്രം.
∙പിതാവ് ജയിലിൽ, മകൻ കാമറയെടുത്തു
1962ലാണ് ജയപ്രകാശിന്റെ അച്ഛൻ സുന്ദർ റാവു കാസർകോട്ട് ‘പ്രകാശ് സ്റ്റുഡിയോ’ ആരംഭിച്ചത്.
1975 ലെ അടിയന്തരാവസ്ഥ കാലത്ത് കാസർകോട് ടൗണിലുണ്ടായ പ്രശ്നങ്ങളുടെ പേരിൽ ഇതുമായി ബന്ധമൊന്നുമില്ലാത്ത ഫൊട്ടോഗ്രഫറായിരുന്ന സുന്ദർ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിൽ 3 മാസം തടവിൽ.
സുന്ദർ റാവുവിന്റെ മകൻ കെ.ജയപ്രകാശ് അന്ന് കാസർകോട് ഗവ.കോളജിൽ പ്രീ–ഡിഗ്രി കെമിസ്ട്രി വിദ്യാർഥിയായിരുന്നു. അച്ഛൻ ജയിലിലായതോടെ സ്റ്റുഡിയോ ഉത്തരവാദിത്തം ജയപ്രകാശിന്റെ ചുമതലിലായി.
അച്ഛൻ ജയിൽവാസം കഴിഞ്ഞ് മടങ്ങിയെത്തിയെങ്കിലും ജയപ്രകാശ് സ്റ്റുഡിയോയും ഫൊട്ടോഗ്രഫിയും വിട്ടുപോയില്ല.
1975 മുതൽ താനെടുത്ത കൗതുക ചിത്രങ്ങൾ ജയപ്രകാശ് സ്വന്തം സ്റ്റുഡിയോയിൽ നിധി പോലെ കാത്തു വയ്ക്കുന്നു. 1984 ജനുവരിയിൽ അമിതാഭ് ബച്ചനും സംഘവും ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിനു നടന്നു നീങ്ങുന്നത് ഉൾപ്പെടെ എത്രയോ ചിത്രങ്ങൾ ഈ ശേഖരത്തിലുണ്ട്.
1983 ഡിസംബർ 2ന് റിലീസ് ചെയ്ത ‘കൂലി’ ചിത്രം ഷൂട്ടിങിനിടെ പരുക്കേറ്റ അമിതാഭ് ബച്ചൻ സംവിധായകന്റെ നിർദേശ പ്രകാരം പ്രാർഥനയായി ശബരിമലയിലെത്തിയതായിരുന്നു. ഇതേ ദിവസം ജയപ്രകാശ് ശബരിമല ദർശനത്തിന് ഇരുമുടിക്കെട്ടുമായി നടന്നു പോകുന്നതിനിടെ ആകസ്മികമായി കണ്ടുമുട്ടിയതായിരുന്നു അമിതാഭ് ബച്ചൻ സംഘത്തെ.
ഈ ചിത്രം അമിതാഭ് ബച്ചന് നേരിട്ട് പോയി സമർപ്പിക്കണമെന്ന ആഗ്രഹത്തിലാണ് ജയപ്രകാശും സുഹൃത്തുക്കളും.
ജയപ്രകാശിന്റെ ഭാര്യ കിരൺ. മക്കൾ: തൃപ്തി, തപൻ.
കാസർകോട് റോട്ടറി ക്ലബ് മുൻ പ്രസിഡന്റ്, ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ മുൻ മേഖലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]