
കൊയിലാണ്ടി ∙ 20 വർഷം മുൻപ്, വിഷം കഴിച്ച് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹത്തിന്റെ ഫോട്ടോ എടുക്കാനാണു പൊലീസ് കൊയിലാണ്ടി വിയ്യൂർ സ്വദേശി ബൈജു എംപീസിനെ വിളിച്ചത്. അയാൾ ആത്മഹത്യ ചെയ്തതിന്റെ കാരണം അറിഞ്ഞതോടെ, ബൈജു അന്നു തീരുമാനമെടുത്തു.
പൊലീസിനു വേണ്ടിയെടുക്കുന്ന മൃതദേഹങ്ങളുടെ ഒരു ഫോട്ടോയ്ക്കും പ്രതിഫലം വാങ്ങില്ല. കോഴിക്കോട് റൂറൽ പൊലീസ് ജില്ലയിലെ 10 പൊലീസ് സ്റ്റേഷനുകൾക്കു കീഴിലായി ആയിരക്കണക്കിനു മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് (പ്രേത പരിശോധന) നടപടികളിൽ ഇതിനകം ബൈജു പൊലീസിനെ സഹായിച്ചിട്ടുണ്ട്.
കൊയിലാണ്ടി സ്റ്റേഡിയം കോംപ്ലക്സിലെ എംപീസ് സ്റ്റുഡിയോ ഉടമയാണു ബൈജു.
ആത്മഹത്യ, അപകടമരണം, ദുരൂഹമരണം തുടങ്ങിയ സംഭവങ്ങളിൽ ഫോട്ടോ എടുക്കാനാണു പൊലീസ് ബൈജുവിനെ വിളിക്കാറ്. ‘രാത്രിയോ പകലെന്നോ നോക്കാതെ അപ്പോൾ തന്നെ പോകേണ്ടി വരും.
തൂങ്ങിമരിച്ച ഒരു സ്കൂൾ അധ്യാപകന്റെ ഫോട്ടോ എടുക്കാൻ അർധരാത്രിയാണ് ആ വീട്ടിലെത്തിയത്. തീൻമേശയുടെ മുകളിൽ സ്റ്റൂൾ വച്ച്, അതിനു മുകളിൽ കയറി ഫാനിൽ കുരുക്കിട്ടാണ് ആൾ തൂങ്ങിയത്.
ഞാൻ തീൻമേശയിൽ കയറി ഫോട്ടോ എടുത്തു തുടങ്ങി. മുറിയിൽ ഞാനും മൃതദേഹവും മാത്രം.
പെട്ടെന്നു കറന്റ് പോയി. ഇതിനിടെ, എന്റെ ദേഹം തട്ടി മൃതദേഹം ആടാൻ തുടങ്ങി.
നാട്ടുകാർ ജനലിലൂടെ ടോർച്ചടിച്ചു. പല ടോർച്ചുകളുടെ വെളിച്ചം മുറിയിൽ.
മൃതദേഹത്തിന്റെ പല നിഴലുകൾ ഒരേസമയം ആടുന്നു. ശരിക്കും ഭയന്നു വിറച്ച നിമിഷങ്ങൾ.’
ഏറെ വിവാദമുയർത്തിയ കൂടത്തായി കേസിലടക്കം പൊലീസിനെ സഹായിക്കാൻ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടു ബൈജു.
കോവിഡ് കാലത്തും മാറിനിന്നിട്ടില്ല. പിപിഇ കിറ്റ് ധരിച്ചാണ് അക്കാലത്തു പൊലീസിനൊപ്പം പോയത്.
പല കേസുകളിലും കോടതികളിൽ സാക്ഷിയായി. വിവാഹ ഫൊട്ടോഗ്രഫിയും ന്യൂസ് ഫൊട്ടോഗ്രഫിയും ആണ് ബൈജുവിന്റെ മേഖലകൾ.
ഫൊട്ടോഗ്രഫർമാരുടെ കുടുംബത്തിൽനിന്നുള്ള നാലാം തലമുറക്കാരനാണു ബൈജു.
മുത്തച്ഛന്റെ അമ്മാവൻ ഫൊട്ടോഗ്രഫറായിരുന്നു. ബൈജുവിന്റെ 6 അമ്മാവന്മാരിൽ 5 പേരും ഫൊട്ടോഗ്രഫർമാർ.
സ്കൂൾ കാലം തൊട്ട്, ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഫൊട്ടോഗ്രഫിയും ഫോട്ടോ പ്രിന്റിങ്ങുമൊക്കെ നേരിട്ടു കണ്ടു പഠിച്ചു. വിമുക്തഭടനായ ശിവന്റെയും രമയുടെയും മകനാണു ബൈജു.
ഭാര്യ: ഷിജി, മകൻ ആയുർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]