
കോട്ടയം ∙ നിർദിഷ്ട കോട്ടയം– എറണാകുളം അതിവേഗ ഇടനാഴി നിർമാണം സംബന്ധിച്ച് കേന്ദ്ര ഗതാഗത സെക്രട്ടറിയുമായി ഇന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി ചർച്ച നടത്തും.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു റോഡിന്റെ കരട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ചു വിശദമായ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കാൻ ഗതാഗത സെക്രട്ടറിയെയാണു മന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ദേശീയ പാതയാക്കണം
നിർദിഷ്ട
കോട്ടയം–എറണാകുളം പാത ദേശീയപാതയുടെ ഭാഗമാക്കി മാറ്റുകയാണ് ആദ്യ ലക്ഷ്യം. ദേശീയപാത പദവി ലഭിച്ചാൽ മാത്രമേ വേണ്ടത്ര കേന്ദ്രഫണ്ട് റോഡിനായി ലഭിക്കൂ.
ദേശീയപാത 183– 66 എന്നിവയെ ബന്ധിപ്പിക്കുന്ന ഇടനാഴി ആയി റോഡിനെ പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടു കൊണ്ടുപോകുകയാണ് ഇന്നത്തെ ചർച്ചയിലെ പ്രധാന ആവശ്യം. ഇതിനൊപ്പം വിശദ രൂപരേഖ തയാറാക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും ആവശ്യപ്പെടും.
രൂപരേഖ തയാറാക്കി പഠനം നടത്തിയാൽ മാത്രമേ പാതയുടെ അലൈൻമെന്റ് അന്തിമമാക്കാൻ സാധിക്കൂ.
90 ശതമാനത്തോളം ഉയരപ്പാതയാണ് കരട് റിപ്പോർട്ട് വിഭാവനം ചെയ്യുന്നത്. പാടശേഖരങ്ങൾ, ജലാശയങ്ങൾ എന്നിവ വഴി കടന്നുപോകുന്ന പാത, ഉയരപ്പാതയായി നിർമിക്കുന്നതാണു പ്രായോഗികമെന്നും റിപ്പോർട്ടിൽ പറയുന്നു.മണ്ണിട്ട് പൊക്കി പാത നിർമിക്കുമ്പോൾ കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.
എന്നാൽ ഉയരപ്പാതയാകുമ്പോൾ പ്രശ്നമില്ല. പാതയിൽ എവിടെയൊക്കെ പ്രവേശനം വേണമെന്ന് അടക്കം അലൈൻമെന്റ് തയാറാക്കുമ്പോൾ മാത്രമേ അന്തിമ തീരുമാനമാകൂ.
66 റോഡുകൾക്ക് അംഗീകാരം
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം കോട്ടയം ലോക്സഭാ മണ്ഡലത്തിലെ 66 ഗ്രാമീണ റോഡുകൾക്കു നിർമാണ അനുമതി ലഭിച്ചതായി ഫ്രാൻസിസ് ജോർജ് എംപി.
ജനവാസ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കുറഞ്ഞത് 6 മീറ്റർ വീതിയെങ്കിലുമുള്ള മൺറോഡുകളെയാണു പിഎംജിഎസ്വൈ 4-ാം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ ഉള്ള 55 റോഡുകളുടെ 112 കിലോമീറ്ററും എറണാകുളം ജില്ലയിലെ പിറവം നിയോജക മണ്ഡലത്തിലെ 11 റോഡുകളുടെ 15 കിലോമീറ്റർ ദൂരവും ആണ് ഇപ്പോൾ ഈ പദ്ധതിയിൽ ചേർത്തിരിക്കുന്നത്.
കേന്ദ്ര സർക്കാർ 60% സംസ്ഥാന സർക്കാർ 40% തുകകൾ മുടക്കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]