
ന്യൂഡൽഹി∙ ജിഎസ്ടി കൗൺസിലിനു കീഴിലുള്ള 3 മന്ത്രിതല ഉപസമിതികളുടെ നിർണായക യോഗം ഈ ആഴ്ച നടക്കും. ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ ഭാവി പഠിക്കുന്ന സമിതിയും ലൈഫ്/ആരോഗ്യ ഇൻഷുറൻസുകളുടെ നിരക്കുകൾ പഠിക്കുന്ന സമിതിയും നാളെ യോഗം ചേരും.
കേന്ദ്രസർക്കാരിന്റെ ശുപാർശകൾ യോഗം ചർച്ച ചെയ്തേക്കും.
ഇൻഷുറൻസ് പ്രീമിയത്തിന്റെ നികുതി നിലവിലെ 18 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കുകയോ നികുതി പൂർണമായും ഒഴിവാക്കുകയോ ചെയ്യണമെന്നാണ് കേന്ദ്രശുപാർശ.
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം 2022ൽ അവസാനിച്ചെങ്കിലും വായ്പാതിരിച്ചടവിനായി നഷ്ടപരിഹാര സെസ് പിരിക്കുന്നത് 2026 മാർച്ച് വരെ തുടരുന്നുണ്ട്.
കാലാവധിക്ക് ശേഷം സെസ് പിരിവ് തുടരണമെങ്കിൽ ഏത് തരത്തിലായിരിക്കണം എന്നതു സംബന്ധിച്ചാണ് സെസ് പഠിക്കുന്ന സമിതി ചർച്ച ചെയ്യുക.
നിരക്ക് പരിഷ്കരണം സംബന്ധിച്ച മന്ത്രിതല ഉപസമിതിയുടെ യോഗം വ്യാഴാഴ്ചയാണ് തുടങ്ങുന്നത്.
ഇതിൽ ധനമന്ത്രി നിർമല സീതാരാമനും പങ്കെടുത്ത് കേന്ദ്രത്തിന്റെ ശുപാർശകൾ പങ്കുവയ്ക്കും. സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാലും ഇതിൽ അംഗമാണ്.
മന്ത്രിതല സമിതികൾ അന്തിമമാക്കിയ റിപ്പോർട്ടുകളാണ് ജിഎസ്ടി കൗൺസിൽ യോഗം പരിഗണിക്കുക.
കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന ജിഎസ്ടി പരിഷ്കാരം നടപ്പാക്കിയാൽ 350 സിസിയിൽ കുറഞ്ഞ ഇരുചക്രവാഹനങ്ങൾക്കും ചെറുകാറുകൾക്കും വില കുറഞ്ഞേക്കും.
ഇരുചക്രവാഹനങ്ങൾ നിലവിൽ ബാധകമായ 28% ജിഎസ്ടി 18 ശതമാനമായി കുറയ്ക്കാനാണ് ശുപാർശ.
350 സിസി എൻജിൻ ശേഷിക്കു മുകളിലുള്ള ഇരുചക്രവാഹനങ്ങൾക്ക് നിലവിൽ 28 ശതമാനത്തിനു പുറമേ 3% സെസും ബാധകമാണ്. ഇതങ്ങനെ തന്നെ തുടരാനാണു സാധ്യത.
ചെറുകാറുകൾക്കും (1200 സിസിയിൽ താഴെ) നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറഞ്ഞേക്കും.
ഹൈബ്രിഡ് വാഹനങ്ങൾക്കും സമാനമായി നികുതി പരിഷ്കാരം ശുപാർശയിലുണ്ട്.
എന്നാൽ ആഡംബര കാറുകൾ അടക്കമുള്ളവയ്ക്ക് 40% എന്ന ഉയർന്ന സ്ലാബാകും ബാധകമാവുക. ഇവയ്ക്ക് 28% നികുതിക്കു പുറമേ 20 മുതൽ 22% വരെ ജിഎസ്ടി നഷ്ടപരിഹാര സെസ് നിലവിൽ ബാധകമാണ്.
നഷ്ടപരിഹാര സെസ് അവസാനിച്ചാലും പുതിയ സെസ് ചുമത്താൻ സാധ്യതയുള്ളതിനാൽ ഇവയുടെ ആകെ നികുതിഭാരത്തിൽ മാറ്റമുണ്ടായേക്കില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]