
പുളിങ്കുന്ന് ∙ പ്ലേ സ്കൂൾ വിദ്യാർഥി അടക്കം 10 പേർക്കു വളർത്തു നായയുടെ കടിയേറ്റു. ചത്ത നിലയിൽ കണ്ടെത്തിയ നായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു.
ഇന്നലെ രാവിലെ മുതൽ ഉച്ച വരെയായിരുന്നു പുളിങ്കുന്ന് ഗ്രാമത്തെ ഭീതിയിലാക്കി നായയുടെ ആക്രമണം. 11–ാം വാർഡ് നിവാസിയായ ഉടമയുടെ വീട്ടിൽനിന്നു പുറത്തു ചാടിയ നായ വഴിയിൽ കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു.
പുളിങ്കുന്നിൽ വിവാഹച്ചടങ്ങിന് എത്തിയവരെയും വിദ്യാർഥികളെയും ഉൾപ്പെടെ കടിച്ചു.
നായയുടെ കടിയേറ്റവർ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ചികിത്സ തേടി. ഒട്ടേറെ വളർത്തുനായ്ക്കൾക്കും തെരുവുനായ്ക്കൾക്കും പേവിഷബാധയേറ്റ നായയുടെ കടിയേറ്റിട്ടുണ്ട്. പ്രദേശത്ത് ഏറെ നേരം ഭീതി പരത്തിയ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.
തുടർന്ന് തിരുവല്ലയിലെ മഞ്ഞാടിയിലെ ലാബിൽ നായയുടെ ജഡം പരിശോധിച്ചപ്പോഴാണു പേവിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റവർ
പുളിങ്കുന്ന് പഞ്ചായത്ത് 11–ാം വാർഡ് നിവാസികളായ ഔസേഫ് കുഞ്ചെറിയ (69), കുഞ്ഞച്ചൻ (55), ടൈറ്റസ്, 12–ാം വാർഡ് നിവാസികളായ തോമസ് ജോസഫ് (11), ശ്രേയ സന്തോഷ് (14), 13–ാം വാർഡ് നിവാസി എൻ.വി.തോമസ്, 6–ാം വാർഡ് സ്വദേശി എം.വി.അഗ്നവ് (3), 2–ാം വാർഡ് സ്വദേശി ജോജി ജോസഫ് (44), കാഞ്ഞിരപ്പള്ളി സ്വദേശി ജെ.എം.സെബാസ്റ്റ്യൻ (66), അഭിലാഷ് എന്നിവർക്കാണു കടിയേറ്റത്.
വയോധികയുടെ മുഖം തെരുവുനായ കടിച്ചു മുറിച്ചു
ചെങ്ങന്നൂർ ∙ ചെറിയനാട്ട് തെരുവുനായ വയോധികയുടെ മുഖം കടിച്ചുമുറിച്ചു. മാമ്പ്ര പ്ലാമൂട്ടിൽ കമലമ്മയ്ക്കാണ് (75) ഗുരുതരമായി പരുക്കേറ്റത്.
കവിളും നെറ്റിയും മേൽച്ചുണ്ടും നായ കടിച്ചു മുറിച്ചു. വീട്ടിൽ വളർത്തുന്ന പൂച്ചയെ ആക്രമിക്കാനെത്തിയ തെരുവുനായയെ തുരത്തുന്നതിനിടെ, നായ ചാടിക്കയറി മുഖത്തു കടിക്കുകയായിരുന്നു.
ആക്രമണത്തിൽ കമലമ്മ നിലത്തു വീണു. മാവേലിക്കര ഗവ.ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
നാട്ടുകാർ ആശങ്കയിൽ
ചെങ്ങന്നൂർ/കുട്ടനാട് ∙ നാടെങ്ങും തെരുവുനായ ശല്യം പെരുകുമ്പോൾ ആശങ്കയിലാണ് നാട്ടുകാർ.
പ്രതിരോധനടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ പറയുമ്പോഴും നായശല്യം വർധിക്കുകയാണ്.പേവിഷബാധയേറ്റ് തിരുവൻവണ്ടൂരിൽ വയോധികൻ മരിച്ചത് കഴിഞ്ഞ മാസമാണ്. ഒരാഴ്ച മുൻപു മങ്കൊമ്പിൽ ഒട്ടേറെ പേർക്കു പേപ്പട്ടിയുടെ കടിയേറ്റിരുന്നു. ഇവരെല്ലാം ചികിത്സയിൽ തുടരുകയാണ്.
ഇതിനിടെയാണ് ഇന്നലെ ചെറിയനാട്ട് വീട്ടിലെത്തി തെരുവുനായ വയോധികയുടെ മുഖം കടിച്ചു മുറിച്ചതും പുളിങ്കുന്നിൽ 10 പേരെ പേപ്പട്ടി കടിച്ചതും.
മുളക്കുഴ ഗവ.വിഎച്ച്എസ്എസ് വളപ്പിൽ നായശല്യം
സ്കൂളിലേക്കു കടക്കും മുൻപു നായകളെ ഓടിച്ചു വിടേണ്ട സ്ഥിതിയാണ് മുളക്കുഴ ഗവ.വിഎച്ച്എസ്എസിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും.
ക്ലാസ് മുറികൾക്കും ഓഫിസ് മുറികൾക്കും മുന്നിൽ എണ്ണമറ്റ നായകൾ പതിവുകാഴ്ചയാണ്. ഗേറ്റും മതിലുമുണ്ടെങ്കിലും ചിലയിടത്തു പൊളിഞ്ഞ മതിലിനിടയിലൂടെ തെരുവുനായ്ക്കൾ സ്കൂൾ വളപ്പിലെത്തും.
5 മാസം മുൻപു തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പ്രതിരോധ കുത്തിവയ്പ് നൽകിയിരുന്നതായി പ്രസിഡന്റ് കെ.കെ.സദാനന്ദൻ പറഞ്ഞു. ചുറ്റുമതിൽ പുനർനിർമിക്കാൻ ഓഡിറ്റോറിയം പണിയാനും പദ്ധതിയുണ്ടെന്നും പറഞ്ഞു.
വേദനയായി ഗോപിനാഥൻ നായർ
മേഖലയിൽ തെരുവുനായയുടെ കടിയേറ്റ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും പേവിഷബാധയേറ്റു മരണം സംഭവിക്കുന്നത് ഏറെ വർഷങ്ങൾക്കു ശേഷമാണ്.
തിരുവൻവണ്ടൂർ ശങ്കരമംഗലം ഗോപിനാഥൻ നായരാണ് (66) മരിച്ചത്. തിരുവല്ലയിൽ കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്ന ഗോപിനാഥൻ വീട്ടിലേക്കു വരുംവഴി നായയുടെ നഖം കൊണ്ടു പോറലേറ്റിരുന്നതാണ് വിനയായത്. ഇതു ഗൗരവത്തിലെടുത്തില്ല.
പനിക്കു ചികിത്സ തേടി പല ആശുപത്രികളിലും പോയി. ഒടുവിൽ തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
പിന്നാലെ മരിച്ചു.
ഒരാഴ്ച മുൻപു മങ്കൊമ്പിൽ
ഒരാഴ്ച മുൻപു മങ്കൊമ്പിലും സമാന രീതിയിൽ പേവിഷബാധയേറ്റ നായയുടെ ആക്രമണം ഉണ്ടായി. അന്നു വിദ്യാർഥികൾ അടക്കമുള്ളവർക്ക് കടിയേറ്റിരുന്നു.
ഇവർ പ്രതിരോധ വാക്സീൻ എടുത്തുകൊണ്ടിരിക്കുകയാണ്. മങ്കൊമ്പിലുണ്ടായ നായയുടെ ആക്രമണത്തിനു ശേഷം പഞ്ചായത്ത് പരിധിയിലെ 70 തെരുവു നായകൾക്കു വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ വാക്സിനേഷൻ നൽകിയിരുന്നു.
ഇന്നു രണ്ടാംഘട്ട
വാക്സിനേഷൻ നടപടികൾ ആരംഭിക്കുമെന്നു വെറ്ററിനറി സർജൻ പറഞ്ഞു. ഇന്നലെ പുളിങ്കുന്നിൽ നാട്ടുകാരെ ആക്രമിച്ചശേഷം ചത്തനിലയിൽ കണ്ടെത്തിയ നായയെ പഞ്ചായത്തംഗം ജോസഫ് ജോസഫ് മാമ്പൂത്തറ, വെറ്ററിനറി സർജൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവല്ലയിലെ മഞ്ഞാടിയിലെ ലാബിൽ പേവിഷ പരിശോധനയ്ക്കെത്തിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]