
ചേർപ്പ് ∙ പണിതിട്ടും പണിതിട്ടും പണിതീരാത്ത കെട്ടിടമായി നശിച്ചുകൊണ്ടിരിക്കുകയാണ് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ. ഉപയോഗ ശൂന്യമായി അഞ്ചു വർഷത്തിലേറെ അടഞ്ഞു കിടക്കുന്ന കമ്യൂണിറ്റി ഹാൾ തുറന്നു പ്രവർത്തിപ്പിക്കാൻ ഭരണസമിതിക്ക് സാധിക്കാത്തത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
24 മണിക്കൂർ നേരത്തേക്ക് 15,000 രൂപ വാടകയ്ക്ക് ഉപയോഗിക്കാവുന്ന കസേരകളും ലൈറ്റുകളും സ്റ്റേജും ബാൽക്കണിയും അടങ്ങുന്ന ഹാൾ അടഞ്ഞുകിടക്കുന്നതിനാൽ ഇന്ന് പഞ്ചായത്തിലുള്ളവർ ലക്ഷങ്ങൾ വാടക നൽകിയാണ് സ്വകാര്യ ഹാളുകളിൽ ചടങ്ങുകൾ നടത്തുന്നത്.
1985ൽ പണി പൂർത്തിയാക്കിയതാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ ഹാൾ. എന്നാൽ യഥാസമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് ഇന്ന് കെട്ടിടം തകർച്ചയുടെ വക്കിലാണ്. ഹാളിന്റെ മേൽക്കൂര ചോരുന്നതായിരുന്നു അവസാനത്തെ പ്രശ്നം.
ഇതിനെ തുടർന്ന് കഴിഞ്ഞ ഭരണസമിതി 40 ലക്ഷം രൂപ ചെലവാക്കി മേൽക്കൂര ഷീറ്റ് വിരിച്ചെങ്കിലും അധികം താമസിയാതെ ഇത് വീണ്ടും ചോർന്നു തുടങ്ങി. ഷീറ്റ് വിരിച്ചതിലെ അശാസ്ത്രീയതയാണ് ചോർച്ചയ്ക്ക് കാരണമെന്ന് വിദഗ്ധർ പറയുന്നു. എന്നിട്ടും പണിത കരാറുകാരനെ തന്നെയാണ് പഞ്ചായത്തിലെ മറ്റു പണികൾ ഇപ്പോഴും ഏൽപ്പിക്കുന്നതെന്ന് ആരോപണമുണ്ട്.
ഇയാളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഇപ്പോൾ 70 ലക്ഷം രൂപ ചെലവിൽ ഹാൾ അറ്റകുറ്റപ്പണികൾ നടത്തി തുറന്നു നൽകാനുള്ള നീക്കം നടത്തിയെങ്കിലും രാഷ്ട്രീയകക്ഷികൾ തമ്മിലുള്ള ഭിന്നതയെ തുടർന്ന് ഇത് നടക്കാതെ പോവുകയായിരുന്നു. ഇനിയും കമ്യൂണിറ്റി ഹാളിൽ ലക്ഷങ്ങൾ ചെലവാക്കി ഈ പണം നശിപ്പിക്കുന്നതിന് പകരം പുതിയ ഒരു കെട്ടിടം പണിയണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ദിവസം കഴിയുന്തോറും ഹാളും പരിസരവും കാടുകയറി നശിച്ചുകൊണ്ടിരിക്കുകയാണ്.
എത്രയും വേഗം തുറന്നു നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]